സഹകരണ സംഘങ്ങളിലും ‘ബഡ്‌സ്’ നിയമം ബാധകമാക്കണമെന്ന് റിപ്പോര്‍ട്ട്

moonamvazhi

തട്ടിപ്പ് കേസുകളില്‍ പോലീസിന് നേരിട്ട് സ്വത്ത് കണ്ടുകെട്ടല്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച്. സഹകരണ സംഘങ്ങളിലെ നിക്ഷേപവും അത് സംബന്ധിച്ചുണ്ടാകുന്ന കേസുകളും ഇതിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സഹകരണസംഘം കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് നല്‍കിയത്.

അനധികൃത നിക്ഷേപ പദ്ധതികള്‍ വഴി ജനങ്ങളില്‍നിന്നു പണം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ബഡ്‌സ് കോംപീറ്റന്റ് അതോറിറ്റിക്ക് പറ്റും. എന്നാല്‍, സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടന്നാല്‍ സഹകരണ ട്രിബ്യൂണലുകള്‍ വഴിയാണ് തുടര്‍നടപടികള്‍ നിശ്ചയിക്കുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. 2019-ല്‍ കേന്ദ്രം പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് 2021-ലാണ്.

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ, റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും പൊതുജനങ്ങള്‍ക്കു നിക്ഷേപം നടത്താമെന്ന് ബഡ്‌സ് കോംപീറ്റന്റ് അതോറിറ്റി വ്യക്തമാക്കുന്നു. മറ്റേതെങ്കിലും രീതിയില്‍ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്‌സ് ആക്ട് പ്രകാരം കുറ്റകരമാണ്.

 

ബഡ്‌സ് നിയമത്തിന്റെ വ്യവസ്ഥകള്‍ സംസ്ഥാനത്തു നടപ്പാക്കുന്നതിനായി കേരള ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പൊസിറ്റ് സ്‌കീംസ് റൂള്‍സ്, 2021-ല്‍ പുറപ്പെടുവിക്കുകയും ഗവ. സെക്രട്ടറിയായ സഞ്ജയ് എം. കൗളിനെ കോംപിറ്റന്റ് അതോറിറ്റിയായും, കോംപീറ്റന്റ് അതോറിറ്റിക്കു കീഴില്‍ ജില്ലാ കളക്ടര്‍മാരെയും, നോഡല്‍ ഓഫീസര്‍മാരായി അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്കു കോംപിറ്റന്റ് അതോറിറ്റി മുന്‍പാകെ പരാതി നല്‍കാം. പോലീസ് അന്വേഷണത്തില്‍ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

സ്വത്ത് വകകള്‍ കണ്ട് കെട്ടിയതിന് ശേഷം ജില്ലാ കളക്ടര്‍മാര്‍ ബഡ്‌സ് നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതികള്‍ മുന്‍പാകെ (ഡെസിഗ്‌നേറ്റഡ് കോടതികള്‍) താത്കാലികമായി സ്ഥാവര ജംഗമവസ്തുക്കള്‍ കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും ഡെസിഗ്‌നേറ്റഡ് കോടതികള്‍ നടപടി ശരിവയ്ക്കുകയും, പൊതുലേലത്തിലൂടെയോ, സ്വകാര്യ വില്‍പ്പനയിലുടെയോ ഇവ വില്‍ക്കാന്‍ ഉത്തരവാകുകയും ചെയ്താല്‍ അപ്രകാരം ലഭ്യമാകുന്ന തുക നിക്ഷേപകര്‍ക്ക് നല്‍കാനാകുമെന്ന് ബഡ്‌സ് നിയമം വിഭാവനം ചെയ്യുന്നു.

ബഡ്‌സ് നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ല. ഏഴ് വര്‍ഷം തടവും പത്തുലക്ഷം പിഴയുമാണ് ശിക്ഷ. പണം തിരികെ നല്‍കിയില്ലെങ്കില്‍ തടവ് പത്തുവര്‍ഷംവരെയാകും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, സ്വത്ത് വകകകള്‍ എന്നിവ മരവിപ്പിക്കാം. പോലീസ് ആവശ്യപ്പെട്ടാല്‍ അതോറിറ്റിക്ക് ജപ്തി ചെയ്യാം. തുടര്‍ന്ന് പ്രത്യേക കോടതി വഴി ഇവ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് നല്‍കാം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!