സഹകരണ വികസന ക്ഷേമ നിധി ബോർഡിൽ നിന്ന് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 137 കോടി രൂപ അനുവദിച്ചു

Deepthi Vipin lal

കേരള സഹകരണ വികസന ക്ഷേമ നിധി ബോർഡ് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ട് മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി രൂപ അനുവദിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 16105 അപേക്ഷകൾ പരിഗണിച്ച് 137.07 കോടി രൂപ ബോർഡിൽ നിന്നും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിൽ നിന്നും വായ്പ എടുത്ത ശേഷം ഗുരുതരമായി അസുഖം ബാധിക്കുകയോ മരിക്കുകയോ  ചെയ്തിട്ടുള്ളവർക്കാണ് ബോർഡിൽ നിന്നും ധനസഹായം ലഭിക്കുന്നത്. ഇതുകൂടാതെ അംഗ സംഘങ്ങളുടെ പുനരുദ്ധാരണ വായ്പാ പദ്ധതി പ്രകാരവും 26 സഹകരണ സംഘങ്ങൾക്കായി 24.48 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് 10 കോടി രൂപയാണ് ഈ ഇനത്തിൽ അനുവദിച്ചിരിക്കുന്നത്. 2008 ൽ കേരള റിസ്ക് ഫണ്ട് പദ്ധതി നിലവിൽ വന്ന ശേഷം ഇതുവരെ 87313 അപേക്ഷകർക്കായി 651.47 കോടി രൂപയാണ് അനുവദിച്ച് വിതരണം ചെയ്തിരിക്കുന്നത്.

റിസ്ക്ഫണ്ട് മരണാനന്തര ധനസഹായം ഇപ്പോൾ അനുവദിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് മൂന്ന് ലക്ഷമാക്കി ഉയർത്തുന്നതിനും ചികിത്സാ ധനസഹായം ഒരു ലക്ഷത്തിൽ നിന്നു 1.25 ലക്ഷമാക്കി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വായ്പാക്കാരൻ എടുക്കുന്ന എല്ലാ വായ്പകളിലുമായി മരണാനന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ അനുവദിച്ച് പോന്നത് ആറ് ലക്ഷമായും വർദ്ധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!