സഹകരണ വകുപ്പില്‍ സ്ഥലം മാറ്റം ഓണ്‍ലൈനായി; പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

moonamvazhi

തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാകുന്നു. ഇതിന് മുന്നോടിയായി പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി. സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെയും അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തുന്ന വിരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സ്ഥലം മാറ്റം നടത്തുകയെന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇതില്‍ രണ്ടിലും നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് അപേക്ഷകരായ ജീവനക്കാരും ഡി.ഡി.ഒ.മാരും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒമ്പത് പൊതുമാനദണ്ഡങ്ങളാണ് പൊതുസ്ഥലം മാറ്റത്തിനായി നിശ്ചയിച്ചിട്ടുള്ളത്. സ്പാര്‍ക്കിലെ ഡാറ്റ പൂര്‍ണമായും അപ്‌ഡേറ്റ് തചെയ്ത് ലോക്ക് ചെയ്തിട്ടുള്ള ജീവനക്കാരെ മാത്രമേ ഓണ്‍ലൈന്‍ മുഖേനയുള്ള സ്ഥലമാറ്റത്തിന് പരിഗണിക്കുകയുള്ളൂ. ലോക്ക് ചെയ്യാത്ത ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. പൊതു സ്ഥലം മാറ്റത്തിന് സഹകരണ വകുപ്പിലെ സേവനം മാത്രമേ പരിഗണിക്കുകയുള്ളൂ. ഡെപ്യൂട്ടേഷന്‍ സേവനം പരിഗണിക്കില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍, അച്ചടക്കത നടപടികള്‍ നേരിടുന്നവര്‍, ശൂന്യവേതന അവധിയിലുള്ളവര്‍ എന്നിവരെയും പൊതുസ്ഥലം മാറ്റത്തിന് പരിഗണിക്കില്ല. അത്തരത്തിലുള്ള ജീവനക്കാരെ ഡി.ഡി.ഒ.മാര്‍ സ്പാര്‍ക്കില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹോം സ്‌റ്റേഷനില്‍നിന്ന് അവസാനം സ്ഥലം മാറിയതിന് ശേഷം ഒരുവര്‍ഷത്തെ ഔട് സ്‌റ്റേഷന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയൂ. അനുകമ്പാര്‍ഹമായ കാരണങ്ങളാല്‍ സ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ അപേക്ഷയ്‌ക്കൊപ്പം അതിനുള്ള രേഖകള്‍ കൂടി ഡി.ഡി.ഒയയ്ക്ക് സമര്‍പ്പിക്കണം. കരട് സ്ഥലം മാറ്റപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ 2023 വര്‍ഷത്തെ സ്ഥലം മാറ്റത്തിന് ബാധകമായിരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ വെബ് സൈറ്റിലായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക.

2022 ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കുമെന്നായിരുന്നു സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇത് നടക്കാത്തതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ.ജയകൃഷ്ണന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കമെന്ന് രണ്ടുതവണ ട്രിബ്യൂണല്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി ഉത്തരവിടുകയും ചെയ്തു. ഇതിന് ശേഷവും ട്രിബ്യൂണല്‍ ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റം നടത്തിയതോടെ, ആ ഉത്തരവ് റദ്ദാക്കി ട്രിബ്യൂണല്‍ ഓണ്‍ലൈന്‍ അല്ലാത്ത സ്ഥലമാറ്റ നടപടികള്‍ വിലക്കി. രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ രീതിയില്‍ പൊതു സ്ഥലം മാറ്റത്തിനുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.