സഹകരണ വകുപ്പിന്‍റെ രണ്ടു വര്‍ഷം

[email protected]

സംസ്ഥാനത്തിന് ആദ്യമായി ഒരു സഹകരണനയം രൂപവത്കരിച്ചത് ഇപ്പോഴത്തെ സര്‍ക്കാരാണ്. അതുപോലെ സര്‍ക്കാരിന്‍റെ നേട്ടങ്ങളിലും പദ്ധതികളിലും ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സഹകരണ വകുപ്പിനും കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചുകൊടുക്കല്‍, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷനുള്ള തുക അനുവദിക്കല്‍ എന്നീ നടപടികളിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് സഹകരണ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇടതുസര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിട്ടു. സംസ്ഥാനത്തിന് ആദ്യമായി ഒരു സഹകരണ നയം രൂപവത്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സര്‍ക്കാരിന്‍റെ ഒരു പ്രധാന നേട്ടം. ഈ നയം പൂര്‍ണമായി പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമോയെന്ന സംശയങ്ങള്‍ ബാക്കിയാണ്. എങ്കിലും, അങ്ങനെയൊരു ചുവടുവെപ്പ് നടത്താന്‍ സഹകരണ വകുപ്പിനായി എന്നത് ചെറിയ നേട്ടമല്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ ( ഭിന്ന ലൈംഗികര്‍ ) ക്കായി പ്രത്യേക സഹകരണ സംഘം രൂപവത്കരിക്കാനുളള തീരുമാനം ദേശീയതലത്തില്‍ കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ടാക്കിയ പ്രതിച്ഛായ ചെറുതല്ല. ഇത് വിജയത്തിലെത്തിക്കാനും മാതൃകാപരമായ പ്രവര്‍ത്തനം ഏറ്റെടുക്കാനുമായാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകും. തുടക്കത്തില്‍ സഹകരണ മന്ത്രിയായ എ.സി. മൊയ്തീനും പിന്നാലെ വന്ന കടകംപള്ളി സുരേന്ദ്രനും സഹകരണ വകുപ്പിനെ ഒരേപോലെ മികവുറ്റതാക്കി കൊണ്ടുപോകാനായി എന്നത് ഈ സര്‍ക്കാരിന്‍റെ നേട്ടമായി വിലയിരുത്താം.

സര്‍ക്കാരിന്‍റെ മുഖ്യ നേട്ടങ്ങളിലും പദ്ധതികളിലും പങ്കാളിത്തം കൊണ്ട് സഹകരണ വകുപ്പിന് ഏറെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ വീട്ടിലെത്തിച്ചു നല്‍കുമെന്നതായിരുന്നു ഇടതുസര്‍ക്കാരിന്‍റെ വാഗ്ദാനം. അധികാരമേറ്റെടുത്ത ആദ്യനാളില്‍ത്തന്നെ ഇത് പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ വാക്കു പാലിച്ചു. അത് ചെയ്തതാവട്ടെ സഹകരണ സ്ഥാപനങ്ങളുടെ കരുത്തിലും. സഹകരണ വകുപ്പ് ഈ ദൗത്യം ഏറ്റെടുത്തിരുന്നില്ലെങ്കില്‍ ഇത്രയും കൃത്യമായി, പരാതികളില്ലാതെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ക്ഷേമ പെന്‍ഷന്‍ എത്തിക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമായിരുന്നില്ല. ഇതോടെ , സഹകരണ വകുപ്പ് ഒരു സര്‍ക്കാരിന്‍റെ തുടക്കത്തില്‍ത്തന്നെ മുഖ്യനിരയിലേക്ക് ഉയര്‍ന്നു. ആറുഘട്ടങ്ങളിലായി 4640.16 കോടി രൂപ സഹകരണ സ്ഥാപനങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തിച്ചു നല്‍കി. സഹകരണ മേഖലയുടെ കരുത്തും വിപുലമായ സ്വാധീനവും തെളിയിക്കുന്നതായിരുന്നു കാര്യക്ഷമമായി നടത്തിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം.

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍

കെ.എസ്.ആര്‍.ടി.സി. എപ്പോഴും തകര്‍ന്നുപോയേക്കാവുന്ന ഒരു പൊതുമേഖലാ സ്ഥാപനമായാണ് കണക്കാക്കിയിരുന്നത്. സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തിലാണ് കെ.എസ്.ആര്‍.ടി.സി. നിലനിന്നുപോകുന്നത്. പക്ഷേ, ഈ സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് അകപ്പെട്ടത്. പെന്‍ഷന്‍ മുടങ്ങി. ഇതോടെ നിത്യച്ചെലവും ചികിത്സയ്ക്ക് വഴിയും കിട്ടാതെ പലരും വിഷമത്തിലായി. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിച്ച നാല് ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്തു. കേരളം വലിയ ആശങ്കയോടെ ഇക്കാര്യം ചര്‍ച്ച ചെയ്തു. പെന്‍ഷന്‍ നല്‍കാന്‍ വഴിയെന്തെന്ന് സര്‍ക്കാരും ആലോചിച്ചു. ഇതും സഹകരണ വകുപ്പ് ഏറ്റെടുത്തു. പെന്‍ഷന്‍ കൊടുക്കാനുള്ള സാമ്പത്തിക സഹായം സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

അതേസമയം, സഹകരണ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അത്ര പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. തിരിച്ചുകിട്ടുമോയെന്ന ആശങ്കയായിരുന്നു ബാങ്കുകള്‍ക്ക്. ഈ ഘട്ടത്തിലാണ് കണ്ണൂരില്‍ സഹകരണ കോണ്‍ഗ്രസ് നടന്നത്. സഹകരണ വകുപ്പിന്‍റെ നടപടി കെ.എസ്.ആര്‍.ടി.സി.യെപ്പോലെ സഹകരണ ബാങ്കുകളെയും കടക്കെണിയിലാക്കുമെന്നുവരെ സഹകരണ കോണ്‍ഗ്രസില്‍ സഹകാരികള്‍ ആശങ്കപ്പെട്ടു. ഈ ഘട്ടത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൃത്യമായ വിശദീകരണം നല്‍കി. താല്‍പര്യമുള്ള ബാങ്കുകള്‍ മാത്രം കെ.എസ്.ആര്‍.ടി.സി.ക്ക് പണം നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ‘ ഇതൊരു ബിസിനസാണ്. നല്‍കുന്ന വായ്പയ്ക്ക് 10 ശതമാനം പലിശ കിട്ടും. ഏഴും എട്ടും ശതമാനം പലിശ നല്‍കി നിക്ഷേപം സ്വീകരിച്ച ബാങ്കുകള്‍ക്ക് ലാഭം ഉറപ്പാക്കുന്ന ബിസിനസ്. പണമുള്ള ബാങ്കുകള്‍ മാത്രം ഈ ബിസിനസ് ഏറ്റെടുത്താല്‍ മതി. തിരിച്ചടവ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. കെ.എസ്.ആര്‍.ടി.സി. പലര്‍ക്കും നഷ്ടസ്ഥാപനമാണെങ്കിലും സഹകരണ വകുപ്പിന് അത് നല്ല ഇടപാടുകാരനാണ്. കാരണം , ജില്ലാബാങ്കുകളില്‍നിന്ന് വാങ്ങിയ വായ്പയ്ക്ക് കൃത്യമായ തിരിച്ചടവ് വരുന്നുണ്ട്.’ – മന്ത്രിയുടെ ആത്മവിശ്വാസം നിറഞ്ഞ ഈ മറുപടിയാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം ഏറ്റെടുക്കാന്‍ സഹകരണ ബാങ്കുകളെ പ്രാപ്തമാക്കിയത്. അതൊരു ധീരമായ ചുവടുവെപ്പായിരുന്നു.

പരിസ്ഥിതി സംരക്ഷണം ഒരു ദൗത്യമായി ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതാണ് ഹരിതകേരള മിഷന്‍. ഇതിന് സഹകരണ വകുപ്പിന്‍റെ കൈയൊപ്പുകൂടിയുണ്ടായി. അതാണ് അഞ്ചുവര്‍ഷം നീളുന്ന പദ്ധതിയായി ‘ഹരിതം സഹകരണം’ എന്ന പേരില്‍ നടപ്പാക്കുന്നത്. ഓരോ വര്‍ഷവും ഓരോ ഫലവൃക്ഷത്തൈ എന്നരീതിയില്‍ അതിനെ ക്രമപ്പെടുത്തി. സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം നിലത്ത് മാത്രമല്ല, പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. വെറുതെ നട്ടുപോകുന്ന ഉത്സവമല്ല ഇതെന്ന് നേരത്തെ സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. നട്ട തൈകള്‍ വളര്‍ത്തിയെടുക്കാനാകണം. അതിനുള്ള ശ്രമമുണ്ടാകണം. ആദ്യവര്‍ഷം പ്ലാവിന്‍ തൈകളായിരുന്നു. ഓരോ സഹകരണ സ്ഥാപനവും സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ മത്സരിച്ചു. കാട്ടാക്കടയെ ചക്കപ്പട്ടണമാക്കാന്‍ കട്ടയ്ക്കോട് സഹകരണ ബാങ്ക് പദ്ധതിയുണ്ടാക്കി. അങ്ങനെ ഓരോ സഹകരണ സ്ഥാപനവും സ്വന്തം നിലയില്‍ ഈ പദ്ധതിയെ വിപുലപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുവെന്നാണ് സഹകരണ വകുപ്പിന്‍റെ കണക്ക്. എന്നാല്‍, ഇതിന്‍റെ ഇരട്ടിയോളം തൈകള്‍ സഹകരണ സ്ഥാപനങ്ങള്‍ നട്ടിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി് 2018 ജൂണ്‍ അഞ്ച് മുതല്‍ 20വരെ എല്ലാ സഹകരണ സംഘങ്ങളും രംഗത്തിറങ്ങിയാണ് ഈ ലക്ഷ്യം കൈവരിച്ചത്.

കണ്‍സ്യൂമര്‍ഫെഡ് ലാഭത്തിലേക്ക്

കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയെന്നത് ഈ സര്‍ക്കാരിന്‍റെ അഭിമാനകരമായ നേട്ടമാണ്. ഇത് ഒരു സ്ഥാപനത്തെ ലാഭത്തിലാക്കിയെന്നതു മാത്രമായല്ല കാണേണ്ടത്. വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ ഇടപെടല്‍ പൊതു വിപണിയിലുണ്ടാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനെക്കൊണ്ടു കഴിഞ്ഞുവെന്നതാണ് നേട്ടം. അരിക്ഷാമം തീര്‍ക്കാനും വില പിടിച്ചുനിര്‍ത്താനും സംസ്ഥാനത്തൊട്ടാകെ തുറന്ന 680 അരിക്കടകളിലൂടെ ‘ സുവര്‍ണ മസൂരി ‘ അരി കിലോ 25 രൂപയ്ക്ക് ലഭ്യമാക്കി. കണ്‍സ്യൂമര്‍ഫെഡിന്‍റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിച്ചായിരുന്നു ഇടപെടല്‍. ഉത്സവകാലങ്ങളിലെ വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമേകാനായി 3600 ല്‍പരം ഓണച്ചന്തകളും രണ്ടായിരത്തില്‍പരം ക്രിസ്മസ് പുതുവത്സരച്ചന്തകളും നടത്തി. ഇതൊന്നും ഏറ്റെടുക്കാനാകാതെ അഴിമതിയും വിജിലന്‍സ് കേസുമൊക്കെയായി നാശത്തിന്‍റെ വക്കിലായിരുന്നു നേരത്തെ കണ്‍സ്യൂമര്‍ഫെഡ്.

2016 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് കണ്‍സ്യൂമര്‍ഫെഡിന്‍റെ സഞ്ചിത നഷ്ടം 418.11 കോടി രൂപയായിരുന്നു. 2017 ഡിസംബറിലെ കണക്ക് പ്രകാരം ഫെഡറേഷന് 51 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സബ്സിഡി ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന കുടിശ്ശികത്തുകയില്‍ 50 കോടി രൂപ നല്‍കി. 2016 ലെ റംസാന്‍ വിപണിക്ക് അഞ്ചു കോടിയും 2017-ലെ ഓണം വിപണിക്ക് 40 കോടി രൂപയും അനുവദിച്ചു. അഴിമതി ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇ-ടെണ്ടര്‍ നടപ്പാക്കി. പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പര്‍ച്ചേസ് കമ്മിറ്റി വിപുലീകരിച്ചു. വിപണനം വര്‍ധിപ്പിക്കുന്നതിന് സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റ്, ഇ-ത്രിവേണികള്‍, ഓണ്‍ലൈന്‍ ട്രേഡിങ് എന്നിവ ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 നീതി ഔട്ട് ലെറ്റും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റെടുക്കുന്നു പുതിയ മേഖലകള്‍

പുതിയ സാധ്യതകള്‍ കണ്ടെത്തലാണ് സ്ഥാപനങ്ങളുടെയും അതുവഴി വകുപ്പിന്‍റെയും നേട്ടത്തിന് ആധാരം. ഒരു പദ്ധതി ഒരുപാട് കൂട്ടായ്മയുടെ വിജയത്തിന് കാരണമാകുന്നുണ്ടെങ്കില്‍ അതിന് ലഭിക്കുന്ന സ്വീകാര്യതയും പ്രാധാന്യവും ഏറും. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സിന്‍റെ വിപണനം സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുന്നത് ഈ രീതിയില്‍ കാണണം. ഡീലര്‍മാരായും സ്റ്റോക്കിസ്റ്റുകളായും സംഘങ്ങള്‍ മാറുകയാണ്. കുറഞ്ഞ വിലയ്ക്ക് മലബാര്‍ സിമന്‍റ്സ് വിപണിയില്‍ ലഭ്യമാക്കാനും അതുവഴി വില്പന വിപുലമാക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി മലബാര്‍ സിമന്‍റ്സിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് സഹകരണ വകുപ്പ് നടപ്പാക്കുന്നത്. ഇടുക്കിയിലെ തങ്കമണി സഹകരണ ബാങ്കിന്‍റെ സഹ്യ തേയിലപ്പൊടി സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍ വഴി വില്‍പന നടത്തണമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശവും ഇങ്ങനെ കാണണം.

നെല്ല്, കശുവണ്ടി, നാളികേര സംഭരണവും സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുകയാണ്. കൃഷി, വ്യവസായം, കയര്‍, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലെ പദ്ധതികളുമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തനങ്ങളേറ്റെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് ഇത് പ്രേരണ നല്‍കിയിട്ടുണ്ട്. ഉത്പാദനവര്‍ധന ലക്ഷ്യമിട്ട് കൃഷി വകുപ്പുമായി ചേര്‍ന്ന് സഹകരണ സ്ഥാപനങ്ങള്‍ ആരംഭിച്ച കര്‍ഷക സേവന കേന്ദ്രങ്ങള്‍ ഇതിലൊന്നാണ്. കാര്‍ഷിക വിപണന മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കി അവയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചു. സംയോജിത സഹകരണ വികസനം ( ഐ.സി.ഡി.പി. ) ലക്ഷ്യമാക്കിയുളള എന്‍.സി.ഡി.സി. ധനസഹായം ലഭ്യമാക്കി. തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം നടപ്പാക്കുകയാണ്. അഗ്രി ബസാറുകള്‍, അഗ്രി ക്ലിനിക്കുകള്‍, അഗ്രി ബിസിനസ് സെന്‍ററുകള്‍ എന്നിവ തുടങ്ങാനായി റെയ്ഡ്കോയ്ക്ക് 15 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി. കാര്‍ഷിക സംസ്കരണ യൂണിറ്റുകളുടെ നവീകരണത്തിനുള്ള എന്‍.സി.ഡി.സി. പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലാ നെല്ല് വിപണന സംസ്കരണ സഹകരണ സംഘത്തിന് 734.40 ലക്ഷം രൂപ ധനസഹായം നല്‍കി. സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പാക്കി. ഇതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് നെല്ല് അളന്ന ഉടനെ കര്‍ഷകന് പണം നല്കുന്നതിനും വരുംവര്‍ഷങ്ങളില്‍ സംഘങ്ങള്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി സഹകരണ സ്റ്റോറുകള്‍ മുഖാന്തിരം വിറ്റഴിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്.

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കശുവണ്ടി സംഭരണം ഏറ്റെടുക്കുന്നത്. 14 ജില്ലകളിലും ഉത്പാദിപ്പിക്കുന്ന കശുവണ്ടി സംഭരിച്ച് കശുവണ്ടി വികസന കോര്‍പറേഷന് കൈമാറാന്‍ പ്രാഥമിക സഹകരണ സംഘങ്ങളെയാണ് ചുമതലപ്പെടുത്തുന്നത്. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍റെ അഭ്യര്‍ഥനയനുസരിച്ചാണിത്. സഹകരണ സംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുന്നതിന് കൃഷിവകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

കേരളബാങ്കിലെ ആശയക്കുഴപ്പം

നേട്ടങ്ങള്‍ക്കൊപ്പം ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സഹകരണ വകുപ്പ് ഇടം നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനം കേരളബാങ്കിന്‍റെ രൂപവത്കരണവും പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരണച്ചുമതല ഇഫ്ടാസിനെ ഏല്‍പിച്ചതുമാണ്. സഹകരണ വകുപ്പിന്‍റേത് മാത്രമല്ല, ഇടതു സര്‍ക്കാരിന്‍റെതന്നെ ശ്രദ്ധേയമായ ചുവടുവെപ്പായാണ് കേരളബാങ്കിന്‍റെ രൂപവത്കരണത്തെ കാണുന്നത്. ഇത് യാഥാര്‍ത്ഥ്യമാകാനുള്ള അന്തിമഘട്ടത്തിലാണെന്ന് മന്ത്രിതന്നെ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ സ്വന്തം ബാങ്കായി, മറ്റേത് വാണിജ്യ ബാങ്കുകളോടും കിടപിടിക്കുന്ന സാങ്കേതിക സംവിധാനത്തോടെ ഒരു സഹകരണ ബാങ്ക്. അതാണ് കേരളബാങ്ക് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. മുഖ്യമന്ത്രിയുടെ ഒരു സ്വപ്ന പദ്ധതിയാണ് കേരളബാങ്ക്. അതിനാല്‍, സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെത്തന്നെ ഇതിനുള്ള നടപടികളും തുടങ്ങി. ബംഗളുരു ഐ.ഐ.എം. പ്രൊഫസര്‍. എം.എസ്. ശ്രീറാം ചെയര്‍മാനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. 2017 ഏപ്രില്‍ 28ന് ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നബാര്‍ഡ് മുന്‍ ചീഫ് മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് ചെയര്‍മാനായി ഒരു ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ കേരളബാങ്കിന് വഴിയൊരുക്കാനുള്ള ചുമതലയാണ് ടാസ്ക് ഫോഴ്സിനുള്ളത്. ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേരള ബാങ്ക് രൂപവ്തകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയാല്‍ ഉടന്‍ കേരളബാങ്ക് നിലവില്‍വരും. അതിനുള്ള കാത്തിരിപ്പാണ് ഇപ്പോഴത്തേത്.

സുതാര്യത ഉറപ്പാക്കുന്നില്ല

കേരളബാങ്കിന്‍റെ കാര്യത്തില്‍ സുതാര്യത ഉറപ്പാക്കാനാകുന്നില്ലെന്ന പരാതിയാണ് സഹകരണ വകുപ്പിന് നേരെ ഉയരുന്നത്. ആയിരം കോടിയിലേറെ മൂലധനമുള്ള ഒരു ബാങ്ക് രൂപവ്തകരണത്തിന് പൊതുവേ എല്ലാവരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ജീവനക്കാര്‍, പ്രത്യേകിച്ച് ജില്ലാബാങ്ക് ജീവനക്കാര്‍ , അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും കേരളബാങ്ക് എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടെടുത്തിരുന്നില്ല. ഒടുവിലത്തെ ഘട്ടത്തിലാണ് യു.ഡി.എഫ്. അനുകൂല യൂണിയനുകള്‍പോലും സ്വരം കടുപ്പിച്ചതും പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങിയതും. പക്ഷേ, സഹകരണ വകുപ്പിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ജീവനക്കാരനുപോലും ജോലി നഷ്ടപ്പെടില്ലെന്നും ഒറ്റ ശാഖയും അടച്ചുപൂട്ടില്ലെന്നുമുള്ള ഉറപ്പാണ് മന്ത്രി നല്‍കിയത്. പക്ഷേ, തിരുവനന്തപുരം ജില്ലാബാങ്കിന്‍റെ അഞ്ചു ശാഖകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ ഈ ഉറപ്പിലും അവ്യക്തത നിറഞ്ഞു. നഷ്ടത്തിലായ ശാഖകളാണ് പൂട്ടിയതെന്നും ഇതിനു കേരളബാങ്കിന്‍റെ രൂപവത്കരണവുമായി ബന്ധമില്ലെന്നുമാണ് ഇക്കാര്യത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം. ഇത് , നഷ്ടത്തിലായ ശാഖകള്‍ പൂട്ടേണ്ടതാണെന്ന തോന്നല്‍ പൊതുവേ ഉണ്ടാക്കിയിട്ടുണ്ട്. അത് കേരള ബാങ്കിന് മുമ്പോ ശേഷമോ എന്നതില്‍ പ്രസക്തിയില്ല.

കേരളബാങ്കിന്‍റെ നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്ന പരാതിയാണ് മറ്റൊന്ന്. ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷ പോലും പുറത്തുവിടരുതെന്നാണ് റിസര്‍വ് ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക താല്‍പര്യത്തിന് എതിരാണെന്നാണ് കാരണമായി പറഞ്ഞത്.കേരളബാങ്ക് പുതിയ ബാങ്കായിരിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ മന്ത്രി തന്നെ വിശദീകരിച്ചത് . എന്നാല്‍, ആ വാക്ക് പിന്നീട് മാറ്റി. സംസ്ഥാന സഹകരണ ബാങ്കാണ് കേരളബാങ്കായി മാറുന്നതെന്നും അതിന് പുതിയ റിസര്‍വ് ബാങ്ക് ലൈസന്‍സ് ആവശ്യമില്ലെന്നും വിശദീകരണം നല്‍കി. നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കിലേക്കാണ് കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകളെയും ലയിപ്പിക്കുന്നത്. 13 ജില്ലാസഹകരണ ബാങ്കുകളും ലാഭത്തിലാണ്. മാത്രവുമല്ല, കേരളത്തിലെ ജില്ലാസഹകരണ ബാങ്കുകള്‍ സ്വന്തമായി നല്‍കുന്ന പല സേവനങ്ങളും സംസ്ഥാന സഹകരണ ബാങ്കിനില്ല. അതിനാല്‍, ഈ ലയനം ജില്ലാബാങ്കുകളുടെ നിലവിലെ സേവനങ്ങളെപ്പോലും ബാധിക്കുമോയെന്ന സംശയമായി. ഇതിന് ഇല്ലെന്ന മറുപടി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷേ, എങ്ങനെ ബാധിക്കാതിരിക്കുമെന്നതിനെക്കുറിച്ച് ടാസ്ക് ഫോഴ്സ് പോലും വിശദീകരണം നല്‍കിയിട്ടില്ല.

സംസ്ഥാന സഹകരണ ബാങ്കിന് എല്ലാ ആധുനിക ബാങ്കിങ് ലൈസന്‍സും ലഭ്യമാകണം. ഇതിന് ശേഷം ലയനം നടന്നാല്‍ മാത്രമേ സര്‍ക്കാര്‍ ഉദ്ദേശിച്ച നിലവാരത്തിലേക്ക് കേരള ബാങ്ക് എത്തുകയുള്ളൂ. അത്തരമൊരു ഘട്ടം സാധ്യമാണെന്ന് റിസര്‍വ് ബാങ്ക് ഇതുവരെ അറിയിച്ചിട്ടില്ല. ലയനത്തിനുള്ള അനുമതി പോലും വൈകുന്നത് റിസര്‍വ് ബാങ്കിനുള്ള അവ്യക്തതകളുടെ അടിസ്ഥാനത്തിലാണ്. ഓണസമ്മാനമായിത്തന്നെ കേരളബാങ്കുണ്ടാകുമെന്ന ഉറപ്പാണ് സഹകരണ മന്ത്രി ആവര്‍ത്തിക്കുന്നത്. അതിനുള്ള തിരക്കിനേക്കാള്‍ കൃത്യമായ ആസൂത്രണവും സുതാര്യതയുമാണ് ഇക്കാര്യത്തില്‍ വേണ്ടത്. കേരളബാങ്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ യാഥാര്‍ത്ഥ്യമായാല്‍, മൂന്നു തട്ടിലായി പ്രവര്‍ത്തിക്കുന്ന സഹകരണ ഹ്രസ്വകാല വായ്പ മേഖലയെ രണ്ടു തട്ടിലാക്കുന്നുവെന്ന ഘടനാപരമായ മാറ്റം മാത്രമല്ല, സര്‍ക്കാരിന്‍റെ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ അടിത്തറയുള്ള ഒരു സഹകരണ ബാങ്ക് കൂടിയാണ് പിറക്കുക.

ഇഫ്ടാസിനോടുള്ള പ്രിയം

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കാനുള്ള സഹകരണ വകുപ്പിന്‍റെ തീരുമാനമാണ് മറ്റൊരു വിവാദ വിഷയം. കോര്‍ബാങ്കിങ് സൊല്യുഷന്‍, നെറ്റ് ബാങ്കിങ് ്, എ.ടി.എം., ആര്‍.ടി.ജി.എസ്, നെഫ്റ്റ് തുടങ്ങിയ ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നുവെന്നാണ് സഹകരണ വകുപ്പിന്‍റെ അവകാശവാദം. ഇത് യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ നടപടികളുമാണ്. എന്നാല്‍, ഈ സോഫ്റ്റ് വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്ടാസ് എന്ന കമ്പനിയെ ഏല്‍പിച്ചതാണ് വിവാദത്തിലായത്. വയനാട്ടിലും ഇടുക്കിയിലും പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഇഫ്ടാസ് സോഫ്റ്റ് വെയര്‍ ഏകീകരണം നടപ്പാക്കിയിട്ടുണ്ടെന്നാണ് ഈ കമ്പനിയെ ടെണ്ടര്‍പോലുമില്ലാതെ തിരഞ്ഞെടുക്കാന്‍ കാരണം. റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ഐ.ഡി.ബി.ആര്‍.ടി. എന്ന സ്ഥാപനത്തിന്‍റെ പങ്കാളിത്തത്തിലാണ് ഇഫ്ടാസ് എന്ന കമ്പനിയുള്ളതെന്നതും ഇതിന് കാരണമായി. ഇടുക്കിയിലും വയനാട്ടിലും സോഫ്റ്റ് വെയര്‍ ഏകീകരണം നടപ്പാക്കിയത് യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്താണ്. അത് രാഷ്ട്രീയ താല്‍പര്യമില്ലെന്ന വാദത്തിന് ബലം പകര്‍ന്നു.

ഇഫ്ടാസ് സോഫ്റ്റ് വെയര്‍ കമ്പനിയല്ലെന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെട്ട വിഷയം. ഇടുക്കിയിലും വയനാട്ടിലും മറ്റ് കമ്പനികളുടെ സോഫ്റ്റ് വെയര്‍ വാങ്ങി സ്ഥാപിക്കുകയാണ് ഇഫ്ടാസ് ചെയ്തത്. മറ്റ് ജില്ലകളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഇത് പാടില്ലെന്നും സ്വന്തമായി സോഫ്റ്റ് വെയര്‍ സ്ഥാപിക്കണമെന്നും ഇതിനായി നിയോഗിച്ച കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇഫ്ടാസ് പ്രതിനിധികള്‍ കേരളത്തിലെ തിരഞ്ഞെടുത്ത പ്രാഥമിക സഹകരണ ബാങ്കുകളില്‍ സന്ദര്‍ശനം നടത്തി ഒരു സോഫ്റ്റ് വെയര്‍ മാതൃക തയാറാക്കി. ഇത് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. അവര്‍ ഒന്നടങ്കം ഇഫ്ടാസ് കാണിച്ച സോഫ്റ്റ് വെയര്‍ മാതൃക തള്ളുകയും ചെയ്തു. വയനാട്ടിലും ഇടുക്കിയിലും ഇഫ്ടാസിന്‍റെ സോഫ്റ്റ് വെയര്‍ ഏകീകരണം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും ഇതിന് കാരണമായി.

ഇതിനുശേഷം സോഫ്റ്റ് വെയര്‍ ഏകീകരണത്തിനായി രൂപവ്തകരിച്ച സമിതി വഴി കാര്യമായ നടപടിക്രമങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ, ഇഫ്ടാസിന്‍റെ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. ഇഫ്ടാസുമായി തുടര്‍നടപടികളും കരാര്‍ സംബന്ധിച്ച കാര്യവും ചര്‍ച്ച ചെയ്യാന്‍ ഐ.ടി. സെക്രട്ടറിയേയും സഹകരണ സംഘം രജിസ്ട്രാറെയും ചുമതലപ്പെടുത്തിയുള്ളതായിരുന്നു ഉത്തരവ്. ഇതാണ് വിവാദമായത്. പ്രതിപക്ഷം നിയമസഭയില്‍ അഴിമതി ആരോപണം വരെ ഉന്നയിച്ചു. ഇഫ്ടാസ് സോഫ്റ്റ് വെയര്‍ കമ്പനി ആണോ അല്ലയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സഹകരണ മന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, സഹകരണ സ്ഥാപനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചു മാത്രമേ സോഫ്റ്റ് വെയര്‍ ഏകീകരണം നടത്തൂവെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ ശമിച്ചെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇഫ്ടാസ് തന്നെ സോഫ്റ്റ് വെയര്‍ ഏകീകരണത്തിന്‍റെ ചുമതലക്കാരായി എത്തുമെന്ന സൂചനയാണ് സഹകരണ വകുപ്പില്‍നിന്ന് ലഭിക്കുന്നത്. ഇതോടെ ഈ തീരുമാനത്തെ നിയമപരമായി നേരിടാന്‍ സഹകാരികളും രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അത് കോടതി കയറുമെന്ന് ഉറപ്പാണ്.

എന്തായാലും , രണ്ടുവര്‍ഷത്തെ സഹകരണ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ അഴിമതി അകറ്റാനായെന്നത് നേട്ടം തന്നെയാണ്. ഇഫ്ടാസ് ആ ആരോപണത്തിന് വഴിമരുന്നിട്ടെങ്കിലും മറ്റ് പ്രവര്‍ത്തനങ്ങളും പദ്ധതികളും സഹകരണ മേഖലയുടെ നേട്ടത്തിന് വഴിയൊരുക്കുന്നത് തന്നെയായിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്കായി സഹകരണ സ്ഥാപനങ്ങളുടെ ഇടപെടല്‍, പൊതുവിപണിയിലെ പങ്കാളിത്തം- അങ്ങനെ രണ്ടുവര്‍ഷം കൊണ്ട് സര്‍ക്കാരിന്‍റെ വികസനത്തിലും നയം നടപ്പാക്കുന്നതിലും സഹകരണ മേഖലയുണ്ടാക്കിയ സാന്നിധ്യം ഏറെ വലുതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!