സഹകരണ വകുപ്പിന്റെ മോഡേൺ റൈസ് മിൽ പാലക്കാട് വരുന്നു. അടുത്തമാസം നിർമാണം ആരംഭിക്കും.

adminmoonam

നെൽ കർഷകരെയും കർഷക സഹകരണ സംഘങ്ങളെയും സഹായിക്കുന്നതിനും കർഷകർക്ക് മാന്യമായ വില ലഭിക്കുന്നതിനും കാലതാമസമില്ലാതെ നെല്ല് സംഭരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സഹകരണ വകുപ്പിന്റെ അത്യാധുനിക റൈസ് മിൽ പാലക്കാട് ആരംഭിക്കുന്നു. ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.പാലക്കാട് കണ്ണമ്പ്രയിൽ ആണ് ഇതിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 25 ഏക്കർ സ്ഥലത്താണ് റൈസ് മിൽ ആരംഭിക്കുന്നത്.
പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ഒരു മാസത്തിനകം ആരംഭിക്കും. 50 കോടി രൂപ ചെലവിലാണ് റൈസ്മിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്നു കോടി രൂപ സർക്കാർ സഹായമാണ്. 29 കോടി രൂപ സഹകരണ സംഘങ്ങളിൽ നിന്നും. 29 സംഘങ്ങളിൽ നിന്നുമായി ഓരോ കോടി രൂപവീതമാണ് ഇതിനായി സമാഹരിക്കുന്നത്. ബാക്കി തുക നബാർഡ് സഹായവും.


ഒരുമാസത്തിനകം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് പറഞ്ഞു. അടുത്ത സീസണിൽ നെല്ല് സംഭരിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൈസ് മില്ലിന്റെ പ്രവർത്തനം പൂർണതോതിൽ ആകുന്നതോടെ പാലക്കാട്, തൃശ്ശൂർ, പൊന്നാനി മേഖലകളിലെ നെൽകർഷകർക്ക് വലിയ ആശ്വാസമാകും.
മിൽവരുന്നതോടെ സപ്ലൈകോ വഴി നെല്ല് സംഭരിക്കുന്നതിന്റെ കാലതാമസവും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാനാകും.

അടുത്തഘട്ടത്തിൽ സംസ്ഥാനത്ത് നെൽകർഷകർ അധികമുള്ള മേഖലകളിൽ റൈസ് മിൽ ആരംഭിക്കുമെന്നും രജിസ്ട്രാർ പറഞ്ഞു. ഉല്പാദിപ്പിക്കപ്പെടുന്ന അരിയും അനുബന്ധ ഉത്പന്നങ്ങളും സഹകരണ വകുപ്പിന്റെ ബ്രാൻഡിലോ മറ്റു കമ്പനികൾക്കോ നൽകാനാകും. എന്തായാലും കർഷകർക്ക് ന്യായവില ലഭ്യമാക്കുകയാണ് സഹകരണ വകുപ്പിലെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!