സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ഇനി മരണാനന്തരസഹായം മൂന്നു ലക്ഷം രൂപ
കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിച്ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് വായ്പക്കാരനുള്ള മരണാനന്തര സഹായം പരമാവധി മൂന്നു ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി ഒന്നേകാല്‍ ലക്ഷം രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തേ ഇതു യഥാക്രമം രണ്ടു ലക്ഷം രൂപയും ഒരു ലക്ഷം രൂപയുമായിരുന്നു.
സഹകരണ സംഘം രജിസ്ട്രാര്‍ 2022 ആഗസ്റ്റ് പതിനൊന്നിനു നല്‍കിയ ജി(1) 6708 / 2022 നമ്പര്‍ കത്തിലെ ശുപാര്‍ശ അംഗീകരിച്ചാണു സഹായത്തുക വര്‍ധിപ്പിച്ചത്. വായ്പയെടുത്ത അംഗം വായ്പാ കാലാവധിയിലോ വായ്പാ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളിലോ മരിച്ചാല്‍ അംഗത്തിന്റെ പേരില്‍ അന്നേ ദിവസം ബാക്കിനില്‍ക്കുന്ന വായ്പാമുതല്‍ അല്ലെങ്കില്‍ മൂന്നു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് ആ തുക, കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നു നല്‍കും. ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് എടുത്ത കോ-ഒബ്ലിഗന്റ് ഉള്‍പ്പെട്ട കൂട്ടായ വായ്പയാണെങ്കില്‍, അതിലൊരാള്‍ മരിച്ചാല്‍, ആ വായ്പക്കാരന്റെ മരണദിവസം ബാക്കിനില്‍ക്കുന്ന തുകയില്‍ ആനുപാതികമായ തുക ഫണ്ടില്‍ നിന്നു നല്‍കും.
വായ്പാകാലാവധിക്കുള്ളില്‍ വായ്പക്കാരനു മാരകരോഗം പിടിപെട്ടാല്‍ വായ്പാ മുതലിനത്തില്‍ 1,25,000 രൂപയുടെ ആനുകൂല്യം കിട്ടും. കൂട്ടായ വായ്പയാണെങ്കില്‍ ആനുപാതിക തുക മാത്രമേ ചികിത്സാ സഹായമായി കിട്ടൂ. ഇങ്ങനെ ധനസഹായം കിട്ടിയശേഷം വായ്പക്കാരന്‍ മരിച്ചാല്‍ കിട്ടിയ ആനുകൂല്യം കിഴിച്ച് ബാക്കി സംഖ്യയ്‌ക്കേ പിന്നീട് അര്‍ഹതയുണ്ടാകൂ.
ഭേദഗതിയുടെ വിശദവിവരങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.