സഹകരണ രേഖാസഞ്ചയം: ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും

moonamvazhi

ദേശീയതലത്തില്‍ തയാറാക്കുന്ന സഹകരണ രേഖാസഞ്ചയത്തിന്റെ ( database) ആദ്യഘട്ടം 2022 ഡിസംബറോടെ പൂര്‍ത്തിയാകും. രേഖാസഞ്ചയത്തിന്റെ രണ്ടാംഘട്ടം 2023 ഫെബ്രുവരി ഒന്നിനാരംഭിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ഒരിടത്തുനിന്നുതന്നെ സമഗ്രമായി ലഭ്യമാക്കാനാണു ദേശീയ രേഖാസഞ്ചയം വികസിപ്പിച്ചെടുക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായാണു കേന്ദ്ര സഹകരണമന്ത്രാലയം വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരശേഖരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ശില്‍പ്പശാലകളും കൂടിയാലോചനകളും സഹകരണ മന്ത്രാലയം നടത്തുകയുണ്ടായി. രേഖാസഞ്ചയത്തിന്റെ ആദ്യഘട്ടം വിശകലനം ചെയ്തശേഷമായിരിക്കും രണ്ടാംഘട്ടം തുടങ്ങുക. ഇത് അടുത്ത ഫെബ്രുവരിയില്‍ തുടങ്ങനാണ് ഉദ്ദേശിക്കുന്നത്.

രേഖകളുടെ വിശദമായ ശേഖരണമാണു രണ്ടാംഘട്ടത്തില്‍ നടക്കുക. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, അവയുടെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, നല്‍കുന്ന തൊഴില്‍, വരുമാനം, ചെലവ്, ആസ്തി-ബാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ശേഖരിക്കും. വെബ് അടിസ്ഥാനമാക്കിയ സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ വഴിയാണു രണ്ടു ഘട്ടങ്ങളിലും വിവരങ്ങള്‍ ശേഖരിക്കുന്നത്. കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളും സഹകരണ ഫെഡറേഷനുകളും സഹകാരികളും നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളും സഹകരണമേഖലയ്ക്കായുള്ള മുഖ്യ ആസൂത്രണോപകരണമായി ഇനി ഉപയോഗിക്കുക ഈ ഡാറ്റാബെയ്‌സായിരിക്കും. നയരൂപവത്കരണത്തിനും ഭരണവും സുതാര്യതയും മെച്ചപ്പെടുത്താനും ഈ രേഖാസഞ്ചയം പ്രയോജനപ്പെടും. സഹകരണമേഖലയുടെ ബിസിനസ് വര്‍ധിപ്പിക്കാനും ഇതു സഹായകമാവും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!