സഹകരണ മേഖലയില്‍ ത്രിവത്സര കര്‍മ്മപരിപാടി തയ്യാറാക്കുന്നു; കരട് രേഖയ്ക്ക് അംഗീകാരം

moonamvazhi

സഹകരണ വകുപ്പ് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് കര്‍മ്മപരിപാടി തയ്യാറാക്കുന്നു. ഇതിനുള്ള കരട് രേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പാലക്കാട് നടന്ന സഹകരണ വാരാഘോഷത്തില്‍ കര്‍മ്മപരിപാടി സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. സംഘങ്ങള്‍ക്ക് ദിശാബോധമുണ്ടാക്കുന്ന വിധത്തിലുള്ള രൂപരേഖ തയ്യാറാക്കി അംഗീകരിച്ചത് സഹകരണ വാരാഘോഷത്തിലാണ്. ഇതാണ് കരടായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആറ് മേഖലകളായാണ് ക്രമീകരിച്ചിട്ടുള്ളത്. കൃഷി പരിസ്ഥിതി സംരക്ഷണം, ശുചിത്വം മാലിന്യസംസ്‌കരണം, സ്വാശ്രയത്വം സാമ്പത്തിക-സാമൂഹിക സുരക്ഷ, വനിത യുവജന പട്ടികവിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ അസംഘടിത തൊഴിലാളി മേഖലകളിലെ സംഘങ്ങളുടെ ശാക്തീകരണം, ആരോഗ്യ പരിരക്ഷയും വയോജന സംരക്ഷണവും, സാംസ്‌കാരിക-സഹകരണ രംഗം എന്നിങ്ങനെയാണ് ആറ് മേഖലകള്‍.

പദ്ധതികളുടെ വിശകലനം ആസൂത്രണം നടപ്പാക്കല്‍ എന്നിവ വിലയിരുത്താന്‍ ആസൂത്രണ വിശകലന സമിതിക്ക് രൂപം നല്‍കും. ഓരോ വിഷയത്തിലും നയപരമായ തീരുമാനമെടുക്കാന്‍ ഈ സമിതിക്ക് അധികാരമുണ്ടാകും. ഓരോ മേഖലയിലും വിദഗ്ധരെ ഉള്‍പ്പെടുത്തി ആറ് വര്‍ക്കിങ് ഗ്രൂപ്പുകളും ഉണ്ടാകും. ആസൂത്രണ വിശകലന സമിതിയും വര്‍ക്കിങ് ഗ്രൂപ്പുകളും രൂപീകരിച്ച് സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കും. സഹകരണ മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് കരട് രൂപരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് രേഖയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയാണ് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!