സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍:സര്‍വകക്ഷിയോഗ കാര്യത്തില്‍ തീരുമാനമായില്ല

Deepthi Vipin lal

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സംസ്ഥാനത്തെ സഹകരണമേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിക്കുമെന്ന് അറിയിച്ച സര്‍വകക്ഷി യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ല.നിയമഭേദഗതിയിലെ ആശങ്കയും സര്‍ക്കാര്‍ നടപടികളും സംബന്ധിച്ച് നിയമസഭയില്‍ അംഗങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോഴും സര്‍വകക്ഷിയോഗം വിളിക്കുമെന്നുതന്നെയാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മറുപടി നല്‍കിയത്.

സംസ്ഥാന സഹകരണ നിയമത്തിലും ഭേദഗതി കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ത്തന്നെ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിയമപരിഷ്‌കാരത്തെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇക്കാര്യത്തിലും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച നടത്താനായിരുന്നു ആലോചന.ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിലും നിര്‍ണായക ചര്‍ച്ചകള്‍  ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.എന്നാല്‍,ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കേരള സര്‍ക്കാരിന് ലഭിച്ചിട്ടില്ല. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, നിധി ബാങ്കുകള്‍ എന്നിവയുടെ
പ്രവര്‍ത്തനം സംസ്ഥാനത്തെ സാമ്പത്തിക ഘടനയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്.ഈ വിഷയങ്ങളിലെല്ലാം സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായ രൂപവത്കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.സംസ്ഥാന സഹകരണ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രാഥമിക സംഘങ്ങളെ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലടക്കം സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു.

നിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ നേരത്തെ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍, കൊവിഡ് സാഹചര്യം മൂലം മാറ്റിവച്ചു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് യോഗം ചേരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ തന്നെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published.

Latest News