സഹകരണ ബാങ്കുകളെ റിസർബാങ്ക് നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം ആത്മഹത്യാപരമെന്ന് മുൻ എംഎൽഎ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ.

adminmoonam

കേരള ബാങ്ക് രൂപീകരണത്തോടുകൂടി പ്രാഥമിക സഹകരണ ബാങ്കുകളും ആർബിഐയുടെ പൂർണ നിയന്ത്രണത്തിൽ ആകുമെന്നും ഇത് സഹകരണ ബാങ്കുകളെ തകർക്കുമെന്നും ദേശീയ കാർഷിക ഗ്രാമ വികസന ബാങ്ക് ഫെഡറേഷൻ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ മുൻ എംഎൽഎ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ പറഞ്ഞു. അർബൻ ബാങ്കുകളെ പോലെ സഹകരണബാങ്കുകൾ ആർബിഐ നിയന്ത്രണത്തിലേക്ക് മാറിയാൽ ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകുന്നതോടെ സഹകരണ ബാങ്കുകളുടെ ഭാവി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യ വേദി കാസർകോട് നടത്തിയ ജില്ലാ ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിൽ ശക്തമായ അടിത്തറയുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്ക് രൂപവൽക്കരണതോടെ റിസർവ്ബാങ്ക് ഞെരിച്ചു കൊല്ലുമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ബാങ്കിംഗ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് എല്ലാ കാലത്തും എതിരായ നിലപാടാണ് ആർ.ബി.ഐ സ്വീകരിച്ചിട്ടുള്ളത്. പരിമിതമായ ബാങ്കിംഗ് പ്രവർത്തനം തുടരാൻ ഉള്ള അവകാശം നഷ്ടപ്പെടുകയും വായ്പേതര പ്രവർത്തനങ്ങൾ നിർത്തലാക്കാനുള്ള സാഹചര്യം ഉണ്ടായാൽ കേരളത്തിലെ പ്രാഥമിക വായ്പാ മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു.

ആദായനികുതി വകുപ്പിന്റെ മുമ്പെങ്ങുമില്ലാത്ത കടന്നുകയറ്റമാണ് ഇപ്പോൾ സഹകരണ മേഖലയിൽ നടക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടാകുന്നില്ല. ജനാധിപത്യം അട്ടിമറിച്ച് യുഡിഎഫ് സംഘങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ വത്സൻ പിലിക്കോട് ക്ലാസെടുത്തു. കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹക്കീം കുന്നിൽ, മുതിർന്ന നേതാവ് കെ.പി. കുഞ്ഞിക്കണ്ണൻ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻനായർ, അഡ്വക്കേറ്റ് കെ.കെ. രാജേന്ദ്രൻ, എം.അസിനാർ, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.