സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി ഡി.ഐ.സി.ജി.സി. ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

Deepthi Vipin lal

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി.) ഭേദഗതി ബില്‍ രാജ്യസഭ ബുധനാഴ്ച പാസാക്കി. മൊറട്ടോറിയം ഏര്‍പ്പെടുത്തി 90 ദിവസത്തിനുള്ളില്‍ മൊറട്ടോറിയത്തില്‍ വരുന്ന ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ഇതുവഴി ലഭിക്കും.

ഈ ഭേദഗതി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ( പി.എം.സി. ബാങ്ക് ) ഉള്‍പ്പെടെയുള്ള ബാങ്കുകളിലെ ചെറുകിട നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമെന്നു ബില്ലിനെക്കുറിച്ചു സംസാരിക്കവെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ 23 സഹകരണ ബാങ്കുകളുടേതടക്കമുള്ള ചെറുകിട നിക്ഷേപകരെ ബില്‍ സഹായിക്കും – മന്ത്രി പറഞ്ഞു.

1961ലെ ഡി.ഐ.സി.ജി.സി. നിയമത്തില്‍ ചെറുകിട നിക്ഷേപകരെ പണമെടുക്കാന്‍ സഹായിക്കുന്ന ഒരു പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അംഗീകാരത്തോടെ പ്രീമിയം തുകയുടെ പരിധി ഉയര്‍ത്താന്‍ കോര്‍പ്പറേഷനെ പ്രാപ്തമാക്കുന്നതിനായി ഡി.ഐ.സി.ജി.സി. നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി ചെയ്യാനും ബില്‍ ആവശ്യപ്പെടുന്നു.

വര്‍ഷങ്ങളായി ആര്‍.ബി.ഐ. നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും ( ഉദാ: പെന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് , പുണെയിലെ റുപ്പി സഹകരണ ബാങ്ക് , കര്‍ണാടകയിലെ ശ്രീഗുരു രാഘവേന്ദ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് മുതലായവ ) നിക്ഷേപകര്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടങ്ങളും ഈ ഭേദഗതിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ലോക്സഭയും ഡി.ഐ.സി.ജി.സി. ഭേദഗതി പാസാക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published.

Latest News