സഹകരണ ബാങ്കുകളും മൂലധന പര്യാപ്തതയും

moonamvazhi
ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ,
തിരുവനന്തപുരം )

(2021 മെയ് ലക്കം)

കേരള ബാങ്കിന്റെ കാപ്പിറ്റല്‍ ഫണ്ടില്‍ ലാഭം ഉപയോഗിച്ചുള്ള കരുതലുകള്‍ നാമമാത്രമേയുള്ളു. അര്‍ബന്‍ ബാങ്കുകളുടെ സ്ഥിതിയും ഇതുതന്നെ. മൂലധന പര്യാപ്തത ബാധകമല്ലാത്ത പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ കരുതല്‍ ധനത്തിന്റെയും സ്വതന്ത്ര കരുതലുകളുടെയും നില ശോചനീയമാണ്.

ഒരു ലക്ഷം രൂപയില്‍ കുറയാതെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും കരുതലുകളുമില്ലാത്ത ഒരു സഹകരണ ബാങ്കും ബാങ്കിങ് ബിസിനസ് ആരംഭിക്കുകയോ തുടരുകയോ ചെയ്തുകൂടെന്നു ബാങ്കിങ് നിയന്തണ നിയമം വകുപ്പ് 11 ല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സഹകരണ അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ അവയുടെ അംഗങ്ങളെടുക്കുന്ന വായ്പകളും ഓഹരിയുമായി ബന്ധപ്പെടുത്തി ഓഹരി സമാഹരണം നടത്തുകയാണു ചെയ്യുന്നത്. ഈടുറപ്പുള്ള വായ്പകള്‍ക്കു വായ്പത്തുകയുടെ രണ്ടര ശതമാനവും ഈടുറപ്പില്ലാത്ത വായ്പകള്‍ക്കു വായ്പത്തുകയുടെ അഞ്ചു ശതമാനവുമാണു റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള വായ്്്പാ-ഓഹരി അനുപാതം. വായ്പകളുമായി ബന്ധപ്പെട്ട് ഒരംഗത്തിനു ആകാവുന്ന പരമാവധി ഓഹരി ആ സഹകരണ ബാങ്കിന്റെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെ അഞ്ചു ശതമാനം വരെയായും റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്.

മേല്‍ സൂചിപ്പിച്ച വിധമുള്ള ഓഹരി മൂലധന പര്യാപ്തതാ സമീപനം സഹകരണ ബാങ്കുകളുടെ ബാക്കിപത്രത്തിലെ വിവിധ ആസ്തികളിലുള്ള റിസ്‌ക് സാധ്യതകള്‍ തരണം ചെയ്യാന്‍ പര്യാപ്തമല്ല എന്നതിനാലും അന്താരാഷ്ട്ര ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള മത്സരശേഷിയിലെ സഹകരണ ബാങ്കുകളുടെ ബലഹീനത ഒഴിവാക്കുന്നതിനും അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ചുരുങ്ങിയ മൂലധന ആവശ്യകത എട്ടു ശതമാനമെങ്കിലും 2002 അവസാനം ഉണ്ടായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുകയുണ്ടായി. അതുപ്രകാരം അടിസ്ഥാന മൂലധനവും ( ഓഹരി മൂലധനവും പ്രഖ്യാപിത കരുതലുകളും ) അനുബന്ധ മൂലധനവും ( വായ്പാനഷ്ട കരുതലും രഹസ്യ കരുതലും പുനര്‍ മൂല്യ നിര്‍ണയ കരുതലും മറ്റും ഉള്‍പ്പെടുന്നത് ) എന്നീ രണ്ടു തട്ടുകളിലുള്ള മൂലധന സമീപനം ഉണ്ടാവുകയും ചെയ്തു.

മൂലധന പര്യാപ്തത ഒമ്പതു ശതമാനം

സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 2015 മാര്‍ച്ച് 31 മുതല്‍ ഏഴു ശതമാനവും 2017 മാര്‍ച്ച് 31 മുതല്‍ ഒമ്പതു ശതമാനവും മൂലധന പര്യാപ്തത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുകയുണ്ടായി. ലോങ് ടേം ( സബോര്‍ഡിനേറ്റഡ് ) ഡെപ്പോസിറ്റ് ഇന്നവേറ്റീവ് പെര്‍പ്പെക്ച്ച്വല്‍ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ് ( ദീര്‍ഘകാല സബോര്‍ഡിനേറ്റഡ് നിക്ഷേപവും നൂതന ശാശ്വത കടം ഉപകരണങ്ങളും ) എന്നിവയിലൂടെ കാപ്പിറ്റല്‍ ഫണ്ട് സമാഹരിക്കുന്നതു സുഗമമാക്കാന്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ അനുവദിക്കുകയുണ്ടായി. ടയര്‍ I കാപ്പിറ്റല്‍ ഫണ്ടില്‍ ഉള്‍പ്പെടുന്ന ബാധ്യതാ ഇനങ്ങള്‍ ഇനി പറയുന്നവയാണ് : വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നു പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനം, നാമമാത്ര അംഗങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള സംഭാവനകളും പ്രവേശന ഫീസും, ശാശ്വതവും വര്‍ധിക്കാത്തതുമായ മുന്‍ഗണനാ ഓഹരികള്‍, ലാഭത്തില്‍ നിന്നു മാറ്റിവെച്ചിട്ടുള്ള സ്വതന്ത്ര റിസര്‍വുകള്‍, ആസ്തികളുടെ വില്‍പ്പനയില്‍ അവയുടെ ബുക്ക് മൂല്യത്തില്‍ അധികരിച്ചു കിട്ടിയ കാപ്പിറ്റല്‍ റിസര്‍വ്, നൂതനമായതും ശാശ്വതവുമായ കടം ഉപകരണങ്ങള്‍, ലാഭനഷ്ടക്കണക്കിലെ മിച്ച ലാഭത്തുക ( വിദ്യാഭ്യാസ ഫണ്ട്, സഹകരണ അംഗ സമാശ്വാസ ഫണ്ട്, പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട്, കാര്‍ഷിക വായ്പാ സ്ഥിരീകരണ ഫണ്ട്, നല്‍കേണ്ട ലാഭവീതം എന്നിവ ലാഭനഷ്ടക്കണക്കിലെ ലാഭത്തുകയില്‍ നിന്നും കുറവു ചെയ്ത ശേഷം മിച്ചമുള്ളത് ), ആദായനികുതി നിയമത്തിലെ വകുപ്പ് 36 ( 1 ), ( VIII ) പ്രകാരം രൂപവത്കരിച്ചിട്ടുള്ള സ്‌പെഷല്‍ റിസര്‍വിലെ ബാക്കിത്തുക.

ടയര്‍ I നെ അപേക്ഷിച്ച് ടയര്‍ II ലുള്ള ഇനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതോ സ്ഥിരതയുള്ളതോ അല്ല. വെളിപ്പെടുത്താത്ത റിസര്‍വുകള്‍, പുനര്‍ മൂല്യനിര്‍ണയ റിസര്‍വുകള്‍, ( ബാങ്ക് വക സ്ഥലം, മാര്‍ക്കറ്റ് ചെയ്യാനുള്ള സെക്യൂരിറ്റികള്‍ തുടങ്ങിയവയുടെ മൂല്യം കുറച്ചാണു ബാങ്കു ബുക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവയുടെ പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ബുക്കു മൂല്യത്തില്‍ അധികരിച്ച തുക ) ജനറല്‍ പ്രൊവിഷനും നഷ്ടറിസര്‍വുകളും ( സ്റ്റാന്‍ഡേര്‍ഡ് ആസ്തികള്‍ക്കുള്ള പ്രൊവിഷനും നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള അധിക പ്രൊവിഷനും ), ഇന്‍വെസ്റ്റുമെന്റ് ഫ്‌ളക്‌ച്ച്വേഷന്‍ , റിസര്‍വിലുള്ള ബാക്കി തുക, ഹൈബ്രിഡ് ഡെബ്റ്റ് കാപ്പിറ്റല്‍ ഉപകരണങ്ങള്‍, സബോര്‍ഡിനേറ്റഡ് കടം , ദീര്‍ഘകാല ( സബോര്‍ഡിനേറ്റഡ് ) നിക്ഷേപം എന്നിവയാണു ടയര്‍ II ലെ കാപ്പിറ്റല്‍ ഫണ്ടുകള്‍.

സഹകരണ ബാങ്കുകളുടെ നഷ്ട ആഭിമുഖ്യമുള്ള ആസ്തികളുടെ മൂല്യത്തിന്റെ ഒമ്പതു ശതമാനത്തില്‍ കുറയാതെ ടയര്‍ I ലും ടയര്‍ II ലുമായി കാപ്പിറ്റല്‍ ഫണ്ടുകള്‍ ഉണ്ടായിരിക്കണമെന്നാണു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്. ടയര്‍ I ലെ ആകത്തുകയുടെ മൂല്യം കണക്കാക്കുമ്പോള്‍ ബാങ്കിന്റെ സഞ്ചിത നഷ്ടം, നിഷ്‌ക്രിയ വായ്പകള്‍ക്കു വെച്ചിട്ടുള്ള പ്രൊവിഷനിലെ കുറവ്, എന്‍.പി.എ. ആയ ആസ്തികളില്‍ നിന്നു ലഭിച്ചിട്ടുള്ളതും ലാഭനഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ വരുമാനം തുടങ്ങിയവ ടയര്‍ I ലെ മൊത്തത്തുകയില്‍ നിന്നു കുറയ്ക്കും. ടയര്‍ I ലെ മൊത്തം തുകയ്ക്കു തുല്യമായി മാത്രമേ ടയര്‍ II ലെ മൊത്തം തുക പരിഗണിക്കുകയുള്ളു. മൂലധന പര്യാപ്തതയ്ക്കു പരിഗണിക്കുന്ന കാപ്പിറ്റല്‍ ഫണ്ടുകളില്‍ നൂതനവും ശാശ്വതവുമായ കടം ഉപകരണങ്ങള്‍ , ദീര്‍ഘകാല ( സബോര്‍ഡിനേറ്റഡ് ) ഡെപ്പോസിറ്റ്, ഹൈബ്രിഡ് ഡെബ്റ്റ് കാപ്പിറ്റല്‍, ഉപകരണങ്ങള്‍ തുടങ്ങിയവ പലിശച്ചെലവുള്ള വിഭവങ്ങളാണ്. ഓഹരികള്‍ക്കാണെങ്കില്‍ ഇക്വിറ്റി ചെലവുമുണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ബാങ്ക് ഓരോ വര്‍ഷത്തെയും ലാഭത്തുകയില്‍ നിന്നു മാറ്റിവെക്കുന്ന നിയമപരമായ കരുതലും സ്വതന്ത്ര കരുതലുകളുമാണു ബാഹ്യ ബാധ്യതയല്ലാത്തതും ചെലവില്ലാത്തതും ആന്തരികമായതും ശാശ്വതവുമായ നല്ല കാപ്പിറ്റല്‍ ഫണ്ടുകള്‍.

 

കാപ്പിറ്റല്‍ ഫണ്ടിന്റെ അനാരോഗ്യ ഘടന

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ കാപ്പിറ്റല്‍ ഫണ്ടിന്റെ ഘടന പരിശോധിക്കുമ്പോള്‍ തികച്ചും അനാരോഗ്യകരമായ ഘടനയാണു അവയ്ക്കുള്ളതെന്നു ബോധ്യപ്പെടും. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ( കേരള ബാങ്ക് ) കാപ്പിറ്റല്‍ ഫണ്ടില്‍ ലാഭത്തില്‍ നിന്നു മാറ്റിവെച്ചിട്ടുള്ള ഫണ്ടുകള്‍ അഞ്ചു ശതമാനംപോലുമില്ല. ലാഭവീതം നല്‍കേണ്ട ഓഹരി മൂലധനവും പലിശ നല്‍കേണ്ട ദീര്‍ഘകാല ( സബോര്‍ഡിനേറ്റഡ് ) നിക്ഷേപവുമാണു കാപ്പിറ്റല്‍ ഫണ്ടിന്റെ ബഹുഭൂരിഭാഗവും. 2021 മാര്‍ച്ച് 31 നു ഒമ്പതു ശതമാനം മൂലധന പര്യാപ്തത ഉണ്ടാകാനായി സംസ്ഥാന സഹകരണ ബാങ്ക് 270 കോടി രൂപയുടെ ദീര്‍ഘകാല ( സബോര്‍ഡിനേറ്റഡ് ) നിക്ഷേപം സ്വീകരിക്കുകയുണ്ടായി. കേരള ബാങ്കില്‍ ലയിക്കുന്നതിനു മുമ്പു ഒട്ടുമിക്ക ജില്ലാ ബാങ്കുകളും ദീര്‍ഘകാല നിക്ഷേപം സ്വീകരിച്ചിരുന്നു. ഒരു സഹകരണ ബാങ്കിന്റെ ടയര്‍ I കാപ്പിറ്റല്‍ ഫണ്ടു തുകയുടെ 50 ശതമാനം മാത്രമേ ദീര്‍ഘകാല ( സബോര്‍ഡിനേറ്റഡ് ) ഡെപ്പോസിറ്റായി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുകയുള്ളു എന്നതുകൊണ്ടാണു കേരള ബാങ്കിനു 2021 മാര്‍ച്ചില്‍ 270 കോടി രൂപ മാത്രം ഈയിനത്തില്‍ സമാഹരിക്കാനുള്ള അവസ്ഥയുണ്ടായത്.

ലോങ്‌ടേം ( സബോര്‍ഡിനേറ്റഡ് ) നിക്ഷേപം റിസര്‍വ് ബാങ്കിന്റെ അനുവാദം വാങ്ങിയോ വാങ്ങാതെയോ സ്വീകരിക്കാവുന്ന കാപ്പിറ്റല്‍ ഫണ്ടാണ്. റിസര്‍വ് ബാങ്ക് 2016 ജൂലായില്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം പത്തു ശതമാനത്തില്‍ കുറയാതെ മൂലധന പര്യാപ്തത ഉണ്ടായിരിക്കുകയും ഗ്രോസ് എന്‍.പി.എ. ഏഴു ശതമാനവും നെറ്റ് എന്‍.പി.എ. മൂന്നു ശതമാനവും കവിയാതെ നില്‍ക്കുകയും തൊട്ടുമുമ്പുള്ള നാലു വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ബാങ്കിങ് നിയന്ത്രണമനുസരിച്ചുള്ള കരുതല്‍ ധന അനുപാതവും ( CRR ) സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയും ( SLR ) റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച നിരക്കില്‍ നിലനിര്‍ത്തുന്നതില്‍ തൊട്ടു മുന്‍ വര്‍ഷം ഒരിക്കല്‍പ്പോലും വീഴ്ച വരുത്താതിരിക്കുകയും ഭരണ സമിതിയില്‍ കുറഞ്ഞതു രണ്ടു പ്രൊഫഷണലുകളെങ്കിലും ഉണ്ടായിരിക്കുകയും കോര്‍ ബാങ്കിങ് സൊല്യൂഷന്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്തിട്ടുള്ള സഹകരണ ബാങ്കുകള്‍ക്കു മാത്രമാണു റിസര്‍വ് ബാങ്കിന്റെ അനുവാദം വാങ്ങാതെ ലോങ്‌ടേം ( സബോര്‍ഡിനേറ്റഡ് ) നിക്ഷേപം സ്വീകരിക്കാന്‍ കഴിയുക. എന്നാല്‍, സി.ആര്‍.ആര്‍, എസ്.എല്‍.ആര്‍. എന്നിവയില്‍ വീഴ്ച വരുത്താതിരിക്കുക, ഭരണ സമിതിയില്‍ രണ്ടു പ്രൊഫഷണലുകള്‍ ഉണ്ടായിരിക്കുക എന്നീ രണ്ടു യോഗ്യതകള്‍ മാത്രമേ കേരള ബാങ്കിനുണ്ടായിരുന്നുള്ളു. അതിനാല്‍ റിസര്‍വ് ബാങ്കിന്റെ അനുവാദം വാങ്ങിയാണു ദീര്‍ഘകാല നിക്ഷേപം ( എല്‍.ടി.ഡി ) ബാങ്ക് സ്വീകരിച്ചത്.

ദീര്‍ഘകാല നിക്ഷേപം

റിസര്‍വ് ബാങ്കിന്റെ 2016 ജൂലായിലെ മാര്‍ഗരേഖാ അവലോകനത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുവാദമില്ലാതെതന്നെ എല്‍.ടി.ഡി. മടക്കിക്കൊടുക്കാന്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം, എല്‍.ടി.ഡി. തിരികെ നല്‍കിയ ശേഷവും നിശ്ചിത ശതമാനത്തിനു മുകളില്‍ മൂലധന പര്യാപ്തത നിലനിര്‍ത്തുമെന്നു ബാങ്ക് ഉറപ്പാക്കണം. എല്‍.ടി.ഡി. മടക്കിക്കൊടുക്കാന്‍ സമയമാകുമ്പോള്‍ കേരള ബാങ്കിന്റെ മൂലധന പര്യാപ്തത റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ ഇല്ലായെങ്കില്‍ എല്‍.ടി.ഡി. മടക്കിക്കൊടുക്കാന്‍ സാധിക്കില്ല. എല്‍.ടി.ഡി. ഒരു നിക്ഷേപമല്ല. മറിച്ച്, ഒരുതരം കടം വാങ്ങലാണ്. അതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 45 ZA പ്രകാരമുള്ള നോമിനേഷന്‍ സൗകര്യം ലഭ്യമല്ല. ഇതിനു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കില്ല. ഈ നിക്ഷേപം കൈമാറ്റം ചെയ്യാവുന്നതല്ല. നിക്ഷേപത്തിനു കിട്ടുന്ന പലിശ ടി.ഡി.എസ്സിനു വിധേയമാണ്. ഇതിന്റെ ഈടിന്മേല്‍ വായ്പ കിട്ടില്ല എന്നു മാത്രമല്ല കാലാവധിക്കു മുമ്പു ക്ലോസ് ചെയ്യാന്‍ അനുവദിക്കുകയുമില്ല. കാലാവധി പൂര്‍ത്തിയായ ശേഷം പലിശയും കിട്ടില്ല.

സംസ്ഥാന സഹകരണ ബാങ്കിന്റെ കാപ്പിറ്റല്‍ ഫണ്ടില്‍ ലാഭം ഉപയോഗിച്ചുള്ള കരുതലുകള്‍ നാമമാത്രമായേയുള്ളു എന്നു നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇതു കേരള ബാങ്കിന്റെ മാത്രം സ്ഥിതിയല്ല. അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെയും സ്ഥിതി ഇതുതന്നെയാണ്. മൂലധന പര്യാപ്തത ബാധകമാക്കാത്ത പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ കരുതല്‍ ധനവും സ്വതന്ത്ര കരുതലുകളും ഉള്‍പ്പെടുന്ന ഭാഗത്തിന്റെ നിലവാരവും വളരെ ശോചനീയമാണ്. സഹകരണ സ്ഥാപനങ്ങളുടെ ഓരോ വര്‍ഷത്തെ ലാഭത്തില്‍ നിന്നും അഞ്ചു ശതമാനം സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കും പത്തു ശതമാനം സഹകരണ അംഗ സമാശ്വാസ ഫണ്ടിലേക്കും അഞ്ചു ശതമാനം സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കും നല്‍കേണ്ടതായിട്ടുണ്ട്. ഇതു ലാഭത്തില്‍ നിന്നുള്ള ഔട്ട്ഫ്‌ളോ ആണ്. ഓഡിറ്റര്‍തന്നെ ലാഭത്തുകയില്‍ നിന്നു ഈ മൂന്നു ഫണ്ടുകളിലേക്കും വക മാറ്റാറുണ്ട്. അറ്റലാഭത്തില്‍ നിന്നു ഈ മൂന്നു ഫണ്ടുകളിലേക്കും കരുതല്‍ധനത്തിലേക്കും കാര്‍ഷികവായ്പാ സ്ഥിരതാ ഫണ്ടിലേക്കും ( 25 + 7 ) മാറ്റിവെച്ച ശേഷമുള്ള അറ്റലാഭത്തിന്റെ 48 ശതമാനം മാത്രമാണു സഹകരണ ബാങ്കുകളുടെ ( പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കാര്യത്തില്‍ 58 ശതമാനം ) വിഭജിക്കാനുള്ള ലാഭം. വിഭജിക്കാനുള്ള ലാഭത്തില്‍ നിന്നു ഓഹരി മൂലധനത്തിനു ലാഭവീതം നല്‍കിക്കഴിയുമ്പോള്‍ സ്വതന്ത്ര കരുതലുകളായ കെട്ടിടഫണ്ട്, ലാഭവീത സമീകരണ ഫണ്ട്, പൊതു നന്മാ ഫണ്ട്, അംഗങ്ങളുടെ ക്ഷേമത്തിനായി രൂപവത്കരിക്കുന്ന മറ്റു ഫണ്ടുകള്‍ തുടങ്ങിയവയിലേക്കു വക മാറ്റാന്‍ കാര്യമായി മിച്ചലാഭം ഉണ്ടാവില്ല. മാത്രവുമല്ല, സ്വതന്ത്ര കരുതലുകളിലേക്കു വക മാറ്റാന്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കാണിക്കുന്ന താല്‍പ്പര്യം സംസ്ഥാന, ജില്ലാ ബാങ്കുകള്‍ കാണിച്ചിരുന്നില്ല.

സ്വന്തം ഫണ്ട് ദുര്‍ബലമാവുന്നു

വിഭജിക്കാനുള്ള ലാഭത്തില്‍ നിന്നു 25 ശതമാനം ലാഭവീതം നല്‍കാനാണു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ സഹകാരികള്‍ അമിത താല്‍പ്പര്യം കാണിക്കുന്നത്. പൊതുനന്മാ ഫണ്ടിലേക്കു സഹകരണ ബാങ്കുകളും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അറ്റലാഭത്തിന്റെ പത്തു ശതമാനംവരെ മാറ്റിവെക്കാറുണ്ടെങ്കിലും ഓഖി, വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ സാഹചര്യങ്ങളില്‍ പൊതുനന്മാ ഫണ്ടിലെ തുക ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാന്‍ നിര്‍ബന്ധിതമാകുന്നതിനാല്‍ അതിനു സ്ഥിരത ഇല്ലാതാവുന്നു. സഹകരണ സ്ഥാപനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷം അവയുടെ ലാഭത്തില്‍ നിന്നു പൊതുനന്മാഫണ്ടിലേക്കു മാറ്റിവെക്കാന്‍ സാധ്യതയുള്ള തുക കണക്കാക്കി അതു മുന്‍കൂറായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കാന്‍ സഹകരണ വകുപ്പുദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയ വിചിത്ര സാഹചര്യവും കേരളത്തിലുണ്ടായി. ഇവയെല്ലാം സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഫണ്ടില്‍ സ്വന്തം ഫണ്ടിന്റെ അനുപാതം ദുര്‍ബലമാകാനും കാപ്പിറ്റല്‍ ഫണ്ടില്‍ സ്വതന്ത്ര റിസര്‍വുകള്‍ ശുഷ്‌കമാകാനും കാരണമാകുന്നു.

കേരള ബാങ്കിന്റെ രൂപവത്കരണ വേളയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരള ബാങ്കില്‍ എടുക്കുന്ന ഓഹരികള്‍ക്കു 2019-20 മുതല്‍ പ്രതിവര്‍ഷം പത്തു ശതമാനം ലാഭവീതം നല്‍കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിച്ച വേളയില്‍ കേരള ബാങ്കിന്റെ സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. കേരള സഹകണ സംഘം നിയമത്തിലെ 55 -ാം വകുപ്പില്‍ ഒരു സഹകരണ സംഘത്തിന്റെ അറ്റാദായമല്ലാതെ മറ്റൊന്നും ഡിവിഡന്റായോ ബോണസ്സായോ അംഗങ്ങള്‍ക്കു വിതരണം ചെയ്തുകൂടെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. സഞ്ചിത നഷ്ടമുള്ള ഒരു സ്ഥാപനം എങ്ങനെ പത്തു ശതമാനം ലാഭവീതം അംഗസംഘങ്ങളുടെ ഓഹരി മൂലധനത്തിനു നല്‍കും ? ബാങ്ക്‌ലാഭമല്ലാതെ സര്‍ക്കാര്‍ ഖജനാവിലെ പണമാണു കേരള ബാങ്കിന്റെ അംഗങ്ങളുടെ ഓഹരിക്കു ലാഭവീതമായി നല്‍കാനുപയോഗിക്കുന്നതെങ്കില്‍ അതിനുള്ള ന്യായീകരണമെന്താണ് ? ( 2019-20 ല്‍ ലാഭവീതം നല്‍കിയില്ല ).

കേരള ബാങ്കിനു, മുന്‍ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിനു , തിരുവനന്തപുരം ജില്ലയിലുണ്ടായിരുന്ന എല്ലാ ശാഖകള്‍ക്കും ഏതാനും ആഴ്ചകള്‍ക്കു മമ്പു റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിക്കുകയുണ്ടായി. രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും അവയുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ പുതിയ ശാഖകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍, ജില്ലാ ബാങ്കുകള്‍ക്കു സഹകരണ സംഘം രജിസ്ട്രാറുടെ അനുവാദത്തോടെ അവയുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ ശാഖകള്‍ ആരംഭിക്കാന്‍ കഴിയും. ശാഖകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍, കേരള ബാങ്കില്‍ ലയിച്ച 13 ജില്ലാ ബാങ്കുകളുടെ നിലവിലുണ്ടായിരുന്ന ശാഖകള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്തവയായിരുന്നതിനാല്‍ അവയ്‌ക്കെല്ലാം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിക്കേണ്ടത് ആവശ്യമാണ്.

കേരള സംസ്ഥാന സഹകരണ ബാങ്കിനു കാസര്‍കോഡ്, കോട്ടയം ജില്ലകളില്‍ മുമ്പു ശാഖകളില്ലായിരുന്നു. ശാഖകള്‍ തുടങ്ങാന്‍ ലൈസന്‍സിനു അപേക്ഷിച്ചെങ്കിലും അതിനുള്ള എല്ലാ അര്‍ഹതകളുമില്ലാതിരുന്നതിനാല്‍ നല്‍കിയില്ല. റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന നിരക്കില്‍ മൂലധന പര്യാപ്തത ഉണ്ടായിരിക്കുക, തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുക, നെറ്റ് എന്‍.പി.എ. പത്തു ശതമാനത്തിനുള്ളിലായിരിക്കുക, ബാങ്കിങ് നിയന്ത്രണ നിയമം, റിസര്‍വ് ബാങ്ക് നിയമം, റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പാലിച്ച പ്രവര്‍ത്തന പാരമ്പര്യം ഉണ്ടായിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം പാലിക്കാന്‍ കഴിയാത്തതിനാലാണു പുതിയ ശാഖകള്‍ അനുവദിക്കാതിരുന്നത്. ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയതിനാല്‍ ജില്ലാ ബാങ്കുകളുടെ ശാഖകളെല്ലാം കേരള ബാങ്കിന്റെ ശാഖകളായി മാറുന്നതിനു ലൈസന്‍സ് ലഭിക്കാന്‍ തടസ്സമുണ്ടാവില്ല. എന്നാല്‍, കേരള ബാങ്കിനു ഒരു പുതിയ ശാഖ തുടങ്ങാന്‍ മേല്‍ സൂചിപ്പിച്ച യോഗ്യതകള്‍ കൈവരിച്ചാലേ ലൈസന്‍സ് ലഭിക്കുകയുള്ളു.

കേരളത്തിനു ധനസഹായം കിട്ടിയില്ല

വൈദ്യനാഥന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമ്മതിച്ച സംസ്ഥാനങ്ങളിലെ ഹ്രസ്വകാല സഹകരണ സ്ഥാപനങ്ങളായ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എന്നിവക്കു ഏഴു ശതമാനം മൂലധന പര്യാപ്തത കൈവരിക്കാനാവശ്യമായ മൂലധന സഹായം ഗ്രാന്റായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. വൈദ്യനാഥന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയാറാകാതിരുന്ന കേരളത്തിനു ഈ ധനസഹായം ലഭിച്ചില്ല. അസ്വീകാര്യമായ ചില വ്യവസ്ഥകളാണു ധനസഹായം നഷ്ടപ്പെടുത്തിയത്. എന്നാല്‍, അന്നു സ്വീകാര്യമല്ലാതിരുന്ന വ്യവസ്ഥകള്‍ തുടര്‍ന്ന് ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയിലൂടെയും കേരള ബാങ്കിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ടും നമ്മുടെ വായ്പാ സംഘങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അസ്വീകാര്യമായ നിബന്ധനകള്‍ തുടര്‍ന്നു സ്വീകരിക്കുകയും കിട്ടാമായിരുന്ന 1500 കോടി രൂപയുടെ ധനസഹായം പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു എന്നതാണു ദു:ഖസത്യം. കേരള ബാങ്കിന്റെ നിക്ഷേപ വായ്പാ അനുപാതം കുറവായതിനാലാണു മൂലധന പര്യാപ്തതക്കു ബാഹ്യ മൂലധന സഹായം കുറയാന്‍ കാരണമായത്.

കേരള ബാങ്കിന്റെ നിക്ഷേപത്തുകയുടെ 70-75 ശതമാനം വായ്പകളുണ്ടാവുകയും സഞ്ചിത നഷ്ടം പൂര്‍ണമായി ഒഴിവാക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ ഓഹരി മൂലധന സഹായം തുടര്‍ന്നും വേണ്ടിവരും. പൊതുഖജനാവിലെ തുക പൊതുജനത്തിനു ഒരുവിധത്തിലും ഗുണകരമോ സഹായകരമോ അല്ലാത്ത കേരള ബാങ്ക് ഓഹരിമൂലധനത്തിലേക്കു തുടര്‍ന്നും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കാരണം, കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ ഒമ്പതു ശതമാനം മൂലധന പര്യാപ്തത നിലനിര്‍ത്താന്‍ വേണ്ട മൂലധന സഹായം സര്‍ക്കാര്‍ നല്‍കിക്കൊള്ളാമെന്നു സമ്മതിച്ചിട്ടുള്ളതാണ്.

Leave a Reply

Your email address will not be published.