സഹകരണ ബാങ്കിംഗ് മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ബാങ്കിങ് നിയന്ത്രണ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ആർ.ബി. ഐ. ഡയറക്ടർ.

adminmoonam

സഹകരണ ബാങ്കിംഗ് മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ബാങ്കിങ് നിയന്ത്രണ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ആർ.ബി. ഐ. ഡയറക്ടർ സതീഷ് കാശിനാഥ് മാറാത്തെ പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം, സുതാര്യത, ഉത്തരവാദിത്വം, മെച്ചപ്പെട്ട ഭരണനിർവ്വഹണം എന്നിവ ഉൾപ്പെടുന്നതാണ് ഓർഡിനൻസ് എന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ലേബർ ഫെഡ് നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഇൻ കോർപ്പറേഷൻ(ഇസ്‌കോ) ആരംഭിച്ച യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് മഹാരാഷ്ട്ര അർബൻ സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായത്. നിയന്ത്രണ മേധാവികളെയും ഇടപാടുകാരെയും കബളിപ്പിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടുകയാണ് നിയമ ഭേദഗതിയുടെ ഉദ്ദേശം എന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളെ ഒരുതരത്തിലും ഇത് ദോഷകരമായി ബാധിക്കില്ല. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണ്. സഹകരണ ബാങ്കുകളെ പൂർണ്ണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി സഹകരണ ബാങ്കുകൾക്ക് ഏകീകൃതമായ ദിശാബോധം സൃഷ്ടിക്കുന്നതിന് വിശാലവും ക്രിയാത്മകമായ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെയും ധന- കൃഷിമന്ത്രാലയങ്ങളുടെയും പ്രതിനിധികളും ഒപ്പം കുറഞ്ഞത് രണ്ട് പ്രമുഖ സഹകാരികളും ഉൾപ്പെട്ടത് ആയിരിക്കണം പ്രസ്തുത സമിതി എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് ആവശ്യമായ ആദർശവും നയവും രൂപീകരിക്കുന്നതിനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌കോ ചെയർമാൻ അഡ്വക്കേറ്റ് മണ്ണടി അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹകരണ രംഗത്തെ പ്രമുഖർ ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News