സഹകരണ നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയില്ല; സഹകരണ കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം

moonamvazhi

കേരള നിയമസഭ പാസാക്കിയ കേരള സഹകരണസംഘം നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത നടപടിക്ക് എതിരെ സഹകരണ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സഹകരണ നിയമം ഭേദഗതിക്ക് നാളിതുവരെ കേരളത്തില്‍ ഗവര്‍ണര്‍മാര്‍ ആയിരുന്നവര്‍ ആരും തടസ്സം നില്‍ക്കുകയോ അംഗീകാരം നല്‍കുവാന്‍ കാലതാമസം വരുത്തുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അധികാര കേന്ദ്രമല്ല. ഭരണഘടനയ്ക്ക് അനുസൃതമായ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടിയെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

സഹകരണ മേഖലയിലെ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, അതിന് ഉത്തരവാദികളാകുന്നവരെ ശിക്ഷിക്കുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് വസൂലാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. ഇതുള്‍പ്പെടെ സഹകരണ നിയമത്തിലെ 57 വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയത്. സഹകാരികളും സഹകരണ മേഖലയുടെ വിദഗ്ധരും പരിശോധിച്ചു അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് ഈ ഭേദഗതികള്‍ കൊണ്ടുവന്നത്. കേരള നിയമസഭ ഏകകണ്ഠമായാണ് ഇത് പാസാക്കിയത്. കേരള സഹകരണ സംഘം നിയമം നിലവില്‍ വന്നതിന് ശേഷം ഏറ്റവും വിപുമായ ഭേദഗതികളാണ് 2023 സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയ ബില്ലിലുള്ളത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അംഗീകാരം നല്‍കാതെവച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം നിയമസഭ പാസാക്കുന്ന ഒരു ബില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ അതിനെ അംഗീകാരം നല്‍കുന്നു എന്നോ അല്ലെങ്കില്‍ ഇന്ന കാരണത്താല്‍ അത് അംഗീകാരം നല്‍കാതെ പ്രസിഡന്റിന്റെ പരിഗണനക്കായിനല്‍കിയിട്ടുണ്ടെന്ന് അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അങ്ങനെയുള്ള നടപടികള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്തെ സഹകരണ സംഘം ലയിക്കണമെങ്കില്‍ രജിസ്ട്രാറുടെ അനുമതി വേണമെന്ന് പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് രാഷ്ട്രീയ കാരണങ്ങളാല്‍ ഗവര്‍ണര്‍ക്ക് സ്വീകാര്യമല്ലാത്തതിനാലാണ് അംഗീകാരം നല്‍കാതെ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത്.ജനാധിപത്യവിരുദ്ധമായ കേരള ഗവര്‍ണറുടെ നടപടി അവലംബിക്കുന്നതിനോടൊപ്പം ഒമ്പതാം കേരള സഹകരണ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രമേയം പറയുന്നു. ഏകകണ്‌ഠേനയാണ് സഹകരണ കോണ്‍ഗ്രസ് ഈ പ്രമേയം പാസാക്കിയത്.

Leave a Reply

Your email address will not be published.