സഹകരണ നിക്ഷേപങ്ങൾക്ക് ടി.ഡി.എസ്. – ഹൈക്കോടതി തടഞ്ഞു.
പ്രാഥമിക വായ്പാ സംഘങ്ങളുടെ നിക്ഷേപങ്ങളിൽ,ടി.ഡി.എസ്.പിടിക്കണമെന്ന ട്രഷറി ഓഫീസറുടെ നിർദ്ദേശമാണ് ഹൈക്കോടതി തടഞ്ഞത്. പാലക്കാട് ജില്ലയിലെ അഞ്ച് സഹകരണസംഘങ്ങൾ ചെറുപ്പളശ്ശേരി ജില്ലാ ട്രഷറിയിൽ നടത്തിയ സ്ഥിര നിക്ഷേപങ്ങൾക്ക് ടി .ഡി .എസ് . ഈടാക്കണമെന്ന നിർദ്ദേശത്തിനെതിരെ വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കും കാരാകുർശ്ശി സർവീസ് സഹകരണ ബാങ്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് അത് തടഞ്ഞുകൊണ്ട് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്. ചെർപ്പുളശ്ശേരി ജില്ലാ ട്രഷറി ഓഫീസർ ഈ മാസം ഒന്നാം തീയതിയാണ് പാലക്കാട് ജോയിന്റ് രജിസ്ട്രാർകു ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
സർവീസ് കോ.ഓപ്പറേറ്റീവ് ബാങ്കുകൾ ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് 2016-17, 2017-18, 2018-19 എന്നീ സാമ്പത്തിക വർഷങ്ങളിൽ ആദായനികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ട്രഷറി ഓഫീസർക്ക് നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോയിൻ രജിസ്ട്രാർ സംഘങ്ങൾക്ക് നോട്ടീസ് നൽകിയത്. ഈ കാര്യത്തിൽ ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതിനുള്ള രേഖകൾ സംഘങ്ങൾ ഹാജരാക്കിയെങ്കിലും അസിസ്റ്റന്റ് കമ്മീഷണർ അത് അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതും അത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചതും.