സഹകരണ ജീവനക്കാരോടും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശം

[email protected]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ ജീവനക്കാരും ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം. ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ എഴുതി നല്‍കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഇളവ് സഹകരണ ജീവനക്കാര്‍ക്കില്ല.

സപ്റ്റംബര്‍ മാസത്തെ ശമ്പളമാണ് അടിസ്ഥാനമായി കണക്കാക്കേണ്ടത്. പത്തുമാസത്തെ തുല്യഘഡുക്കളായി നല്‍കാം. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് കഴിച്ചുള്ള ബാക്കിതുക നല്‍കിയാല്‍ മതി. ഇതിന് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവിന് അപേക്ഷ നല്‍കണം. പത്തുമാസംകൊണ്ട് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ സ്ഥാപനത്തിന് ഒരുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കാം. 30 ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ ചെയ്തും പണം നല്‍കാം. ഈ സാമ്പത്തിക വര്‍ഷം സറണ്ടര്‍ ചെയ്താലും 30 അവധി ബാക്കിയുണ്ടെങ്കില്‍ ഒരുതവണ കൂടി സറണ്ടര്‍ ചെയ്യാം. ഇതിനുള്ള പ്രത്യേക അനുമതി നല്‍കുന്നുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയാനന്തര കേരളത്തെ വീണ്ടെടുക്കുന്നതിന് 30,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇതില്‍ 10,000 കോടി രൂപയെങ്കിലും റവന്യൂവരുമാനത്തിലൂടെ സമാഹരിക്കാനാണ് സര്‍ക്കര്‍ ലക്ഷ്യമിട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പെന്‍ഷന്‍കാരുടെ ഒരുമാസത്തെ പെന്‍ഷനും സമാഹരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഒരുമാസത്തെ മൊത്തശമ്പളം നല്‍കണമെന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!