സഹകരണ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് രജിസ്ട്രാറുടെ സർക്കുലർ.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും അവരവരുടെ ഒരു മാസത്തെ ശമ്പളം
(അടിസ്ഥാനശമ്പളം + ക്ഷാമബത്ത) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഇന്നലെ സർക്കുലർ ഇറക്കി. സംഘങ്ങൾക്ക്, പരമാവധി 10 മാസം കൊണ്ട് തിരികെ അടയ്ക്കണമെന്ന വ്യവസ്ഥയിൽ ജീവനക്കാർ ആവശ്യപ്പെടുന്ന പക്ഷം ഈ ആവശ്യത്തിനായി ഒരുമാസത്തെ ശമ്പളം പലിശരഹിത അഡ്വാൻസായി നൽകാമെന്നും സർക്കുലറിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളത്തിൽ നിന്നും ജീവനക്കാർ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ആയത് ഒരുമാസത്തെ ശമ്പളം തുകയിൽ നിന്നും കുറവ് വരുത്തി ബാക്കിയുള്ള തുക മാത്രം സംഭാവനയായി നൽകിയാൽ മതി. ആദായനികുതി നിയമം 80 ജി പ്രകാരം ഇളവിന് അർഹതയുള്ളവർക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ആയത് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ചീഫ് എക്സിക്യൂട്ടീവ് സ്വീകരിക്കണം. ഈ ആവശ്യത്തിലേക്ക് ജീവനക്കാരുടെ അർഹതപ്പെട്ട സറണ്ടർ ലീവ് സാലറി തുകയും വിനിയോഗിക്കാം. ഇപ്രകാരം സംഭാവനയായി ലഭിക്കുന്ന തുക ചീഫ് എക്സിക്യൂട്ടീവ്മാർ അതാതു മാസം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ടിലേക്ക് അടക്കണം. അപ്പക്സ് സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന തുകയുടെ വിവരങ്ങൾ നേരിട്ട് രജിസ്ട്രാർ ഓഫീസിലും മറ്റു സ്ഥാപനങ്ങൾ ജില്ലാ ജോയിന്റ് രജിസ്ട്രാർ( ജനറൽ) ഓഫീസിലും നൽകണമെന്നും സഹകരണ സംഘം രജിസ്ട്രാർ എ.അലക്സാണ്ടറുടെ സർക്കുലറിൽ പറയുന്നു.

അതിനിടെ കേരള ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ അടിസ്ഥാന ശമ്പളം മൂന്നുമാസംകൊണ്ട് പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് ജീവനക്കാർക്കിടയിൽ രണ്ടഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. സംഘടനകളുമായി ചർച്ച ചെയ്ത് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകാൻ തീരുമാനിച്ചിരുന്നുവെന്നും ബാങ്കിന്റെ തനത് ഫണ്ടിൽ നിന്ന് 15 കോടി രൂപ നൽകിയെന്നും ഉള്ള കേരള ബാങ്ക് സർക്കുലർ ആണ് കോടതിയിൽ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News