സഹകരണ ഓഡിറ്റിങ്ങിന് പ്രത്യേക സംഘമെത്തും;വിജിലന്‍സ് പരിശോധന കാര്യക്ഷമമാക്കും

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സഹകരണവകുപ്പ് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മേല്‍ നല്‍കിയ വായ്പകള്‍ എല്ലാംതന്നെ
പരിശോധിക്കാനും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താനുമാണ് നടപടി. ആദ്യഘട്ടത്തില്‍ വന്‍തുക നല്‍കിയ വായ്പകളാകും പരിശോധിക്കുക. ക്രമക്കേട് ആരോപണം ഉയര്‍ന്ന ബാങ്കുകളില്‍
ആദ്യം പരിശോധന നടത്തും. ഇതിന് ശേഷമാകും മറ്റിടങ്ങളിലെ പരിശോധന.ഓഡിറ്റ് പരിശോധന കാര്യക്ഷമമാക്കാനും നടപടികളുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഓഡിറ്റര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും. സമിതിയംഗങ്ങളെ പല സംഘങ്ങളാക്കി തിരിച്ച് ഓരോ ജില്ലയും തരംതിരിച്ച് നല്‍കും. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഈ സംഘം വീണ്ടും പരിശോധിക്കും.സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് നേരിട്ട് പരിശോധിക്കാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരും.

നിലവിലുള്ള സഹകരണ വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് മറ്റൊരു നടപടി.
ഇതിനായി സഹകരണ നിയമത്തില്‍ത്തന്നെ ഭേദഗതി കൊണ്ടുവരുന്ന കാര്യം ആലോചിക്കും. സംസ്ഥാന തലത്തില്‍ ഡി.ഐ.ജി.ക്ക് കീഴില്‍ മൂന്ന് മേഖലകളിലായി എസ്.പി. മാര്‍ക്ക് സഹകരണ വിജിലന്‍സ്
ചുമതല നല്‍കും. ഓഡിറ്റില്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ വിജിലന്‍സിനെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. നിയമഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സഹകാരികളുടെ യോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.