സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ‘മാസ് ബ്രാന്‍ഡിങ്’ പരിപാടിയുമായി സഹകരണ വകുപ്പ്

moonamvazhi

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കെല്ലാം ബ്രാന്‍ഡിങ് നടപ്പാക്കാനുള്ള യജ്ഞത്തിന് നിര്‍ദ്ദേശം നല്‍കിയ സഹകരണ സംഘം രജിസ്ട്രാര്‍. എറണാകുളത്ത് നടക്കുന്ന സഹകരണ എക്‌സ്‌പോ ചടങ്ങില്‍ പരമാവധി ഉല്‍പന്നങ്ങള്‍ക്ക് ‘കോഓപ് കേരള’ മുദ്ര നല്‍കാനാണ് ശ്രമം. ഇതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ പത്തിനകം ഓരോ സംഘങ്ങളില്‍നിന്നും ശേഖരിക്കുന്നതിന് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ നല്‍കുന്ന അപേക്ഷയുടെ ഒരു പകര്‍പ്പ് ഇ-മെയില്‍വഴി സഹകരണ എക്‌സ്‌പോ നോഡല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കോഓപ് കേരള മുദ്രനല്‍കുന്നതിന് 2021 ലാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിവരിച്ച സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. എന്നാല്‍, 273 സഹകരണ ഉല്‍പന്നങ്ങളില്‍ ഇരുപതോളം മാത്രമാണ് ഈ രജിസ്‌ട്രേഷന്‍ എടുത്തത്. ഡല്‍ഹിയില്‍നടന്ന അന്തര്‍ദേശീയ ട്രേഡ് ഫെസ്റ്റില്‍ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ ഏറെ ജനപ്രീയമായിരുന്നെങ്കിലും ഏകീകൃത ബ്രാന്‍ഡിങ് ഇല്ലാത്തത് ഒരുവീഴ്ചയായി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഓപ് കേരള മുദ്ര രജിസ്‌ട്രേഷന്‍ ഒരു യജ്ഞമായി സഹകരണ എക്‌സ്‌പോയുടെ ഭാഗമായി തന്നെ ഏറ്റെടുത്തത്.

സഹകരണ സംഘങ്ങള്‍ തനതായി ഉല്‍പാദിപ്പിക്കുന്നതും നിലവില്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന എഫ്.എസ്.എ.ഐ., അഗ്മാര്‍ക്ക്, ഐ.എസ്.ഐ.മാര്‍ക്ക്, എഫ്.പി.ഒ. മാര്‍ക്ക്, എക്കോ മാര്‍ക്ക്, ബി.ഐ.എസ്. മാര്‍ക്ക്, എന്‍.ഡി.ഡി.ബി പോലുള്ള സ്ഥാപനങ്ങളുടെ അധികാരപ്പെടുത്തല്‍ എന്നിവയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് കോഓപ് കേരള മുദ്ര സഹകരണ വകുപ്പ് നല്‍കുന്നത്. ഇതിനുള്ള അപേക്ഷ നല്‍കുന്നതിന് മാര്‍ഗരേഖയും അപേക്ഷ ഫോറത്തിന്റെ മാതൃകയും സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിനൊപ്പം നേരത്തെ നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തില്‍ പറയുന്ന എഗ്രിമെന്റ് ഫോര്‍മാറ്റ് 200 രൂപയുടെ മുദ്രപത്രത്തില്‍ എടുത്ത് ഒരു പകര്‍പ്പ് സഹിതമാണ് സംഘങ്ങള്‍ അപേക്ഷിക്കേണ്ടത്. ഇതില്‍ അണ്ടര്‍ടേക്കിങ് സംഘങ്ങള്‍ സ്വയം തയ്യാറാക്കി ജില്ലാമേധാവികള്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും സുരക്ഷ സ്റ്റാന്റേര്‍ഡുകളുടെയും എഗ്രിമെന്റിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന കോഓപ് കേരള സഹകരണ മാര്‍ക്കിന് മൂന്നുവര്‍ഷത്തെ കാലാവധിയാണുള്ളത്. ഇത് കഴിഞ്ഞാല്‍ പുതുക്കണം. പുതിയ രജിസ്‌ട്രേഷന്‍ അപ്പക്‌സ്-ഫെഡറല്‍ സംഘങ്ങള്‍ക്ക് 5000 രൂപയും പ്രാഥമിക സംഘങ്ങള്‍ക്ക് 1000 രൂപയുമാണ് ഫീസ്. പുതുക്കുന്നതിന് ഇത് യഥാക്രമം 1000 രൂപയും 250 രൂപയുമാണ്. ബ്രാന്‍ഡിങ് ആര്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ഗുണനിലവാര മുദ്ര കൊണ്ടുവരാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published.