സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടും സഹകരണ വിദ്യാഭ്യാസവും പരിശീലനവും

Deepthi Vipin lal

 

1924 – 25 ല്‍ രജിസ്റ്റര്‍ ചെയ്ത ദ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിനെക്കുറിച്ചാണ് തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ ഇരുപത്തിയൊന്നാം അധ്യായം ചര്‍ച്ച ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി പ്രചരണം നടത്തുക, വായ്‌പേതര സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക, സഹകരണ പ്രസ്ഥാനത്തില്‍ അഭിപ്രായ സ്വരൂപണത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ധര്‍മം. പ്രവര്‍ത്തനം തുടങ്ങി ഒമ്പതു വര്‍ഷമായിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേട്ടങ്ങള്‍ കാര്യമായി എടുത്തുപറയാനൊന്നുമില്ല എന്നാണു ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അന്വേഷണ സമിതി അഭിപ്രായപ്പെടുന്നത്.

1933 ന്റെ അവസാനം 337 അംഗങ്ങളാണു ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നതെന്നു സഹകരണ വകുപ്പു പ്രസിദ്ധീകരിച്ച ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖപത്രം എന്ന നിലയില്‍ മലയാളത്തില്‍ ഒരു സഹകരണ മാസിക ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക വികസന സമിതിക്കുവേണ്ടി ഒരു സാമ്പത്തിക ജേര്‍ണലും പ്രസിദ്ധീകരിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക നില തൃപ്തികരമായിരുന്നില്ല. ജേര്‍ണലിന്റെ വരിസംഖ്യ കുടിശ്ശികയായതു കുറെ പിരിച്ചെടുക്കാനുണ്ടായിരുന്നു. അഫിലിയേറ്റഡ് സംഘങ്ങളില്‍ നിന്നു ഫീസായും കുറെ സംഖ്യ കിട്ടാനുണ്ടായിരുന്നു. സഹകരണ യൂണിയനുകളുടെ കേന്ദ്ര സംഘടന എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവകാശവാദത്തെ യൂണിയനുകള്‍ തന്നെ ചോദ്യം ചെയ്തു. ഇതിന്റെ ബൈലോ ഭേദഗതി ചെയ്യണമെന്ന ആവശ്യം ആരും പരിഗണിക്കുകയുണ്ടായില്ല.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ സുപ്രധാന നിര്‍ദേശങ്ങളൊന്നും നല്‍കാന്‍ സഹകരണാന്വേഷണ സമിതിക്കായില്ല. എങ്കിലും, ചില നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാര്‍ മുമ്പാകെ വെക്കുന്നുണ്ട്. അതിലൊന്നു മേല്‍നോട്ടം നടത്തുന്ന യൂണിയനുകളെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങള്‍ ഒരു പതിനാറംഗ ബോര്‍ഡിന്റെ ചുമതലയിലാകണം എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം. അര്‍ബന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, താലൂക്ക് ബാങ്ക് എന്നിവയില്‍ നിന്നെല്ലാം അംഗങ്ങള്‍ ബോര്‍ഡിലുണ്ടാവണം. അതുപോലെ രജിസ്ട്രാറും വേണം. എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള സൂപ്പര്‍വിഷന്‍ ഫണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. നിലവില്‍ ബോര്‍ഡില്‍ 75 അംഗങ്ങളാണുണ്ടായിരുന്നത്. ഇത്രയും പേരടങ്ങുന്ന മാനേജ്‌മെന്റ് ബോര്‍ഡ് അനാവശ്യമാണെന്നായിരുന്നു അന്വേഷണ സമിതിയുടെ അഭിപ്രായം. മദ്രാസ് പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാതൃകയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബൈലോ തയാറാക്കിയിരുന്നത്. മദ്രാസില്‍ ബൈലോ മാറ്റം വരുത്തിയിട്ടും തിരുവിതാംകൂറില്‍ അനക്കമില്ലെന്നു സമിതി അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ രണ്ടു ഡിവിഷണല്‍ ബോര്‍ഡുകളും രൂപവത്കരിക്കണമെന്നു സമിതി നിര്‍ദേശിച്ചു. ബോര്‍ഡില്‍ ഒരെണ്ണം കൊല്ലത്തും മറ്റൊന്നു കോട്ടയത്തും സ്ഥാപിക്കണം. ബോര്‍ഡില്‍ അഞ്ചംഗങ്ങള്‍ വേണം. ഇവരെ വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുക്കണം. പ്രചരണം, സഹകരണ വിദ്യാഭ്യാസം നല്‍കല്‍, മേല്‍നോട്ടം, പിരിഞ്ഞുകിട്ടാനുള്ള ഫണ്ട് പിരിക്കല്‍ എന്നിവയായിരിക്കണം ബോര്‍ഡുകളുടെ മുഖ്യ ചുമതല എന്നും സമിതി അഭിപ്രായപ്പെട്ടു.

സഹകരണ
വിദ്യാഭ്യാസം

തിരുവിതാംകൂറിലെ സഹകരണ വിദ്യാഭ്യാസത്തില്‍ സര്‍ക്കാരും മറ്റും കാണിക്കുന്ന അവഗണനയെക്കുറിച്ചാണ് ഇരുപത്തിരണ്ടാം അധ്യായം ചര്‍ച്ച ചെയ്യുന്നത്. ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള ( 29.8 ശതമാനം ) തിരുവിതാംകൂര്‍ പോലുള്ള ഒരു സംസ്ഥാനത്തു ഇതു വലിയൊരു പോരായ്മയായാണു സമിതി ചൂണ്ടിക്കാട്ടുന്നത്. അതും നന്നായി പ്രവര്‍ത്തിക്കുന്ന 1760 സഹകരണ സംഘങ്ങളും 2,30,000 അംഗങ്ങളുമുള്ള ഒരു സംസ്ഥാനത്ത്. സഹകരണത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുപോലും ബഹുഭൂരിപക്ഷം അംഗങ്ങള്‍ക്കും വലിയൊരു വിഭാഗം സംഘം ഭാരവാഹികള്‍ക്കും അറിഞ്ഞുകൂടെന്നു സംസ്ഥാനത്തുടനീളം തങ്ങള്‍ നടത്തിയ പര്യടനത്തില്‍ ബോധ്യമായതായി അന്വേഷണ സമിതി പറയുന്നു. ഇതാണു സംഘങ്ങളിലെ കെടുകാര്യസ്ഥതയ്ക്കു കാരണം. സഹകരണ പ്രസ്ഥാനത്തിന്റെ വിജയകരമായ കുതിപ്പിനു സഹകരണ വിദ്യാഭ്യാസവും പരിശീലനവും കൊടുക്കേണ്ടത് അനിവാര്യമാണെന്നു സമിതി അഭിപ്രായപ്പെടുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ ഓജസ്സും ശക്തിയും അതിന്റെ അടിത്തറയായ പ്രാഥമിക സംഘങ്ങളാണ്. ഈ ഓജസ്സും ശക്തിയും നിലനിര്‍ത്താന്‍ പ്രാഥമിക സംഘങ്ങളിലെ അംഗങ്ങള്‍ക്കു കൃത്യമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ആവേശമുണ്ട്, പക്ഷേ, അറിവില്ല. അങ്ങനെയുള്ളവരാണു സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു എന്നു സമിതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് സഹകരണ പ്രസ്ഥാനത്തിലുള്ളവര്‍ക്കെല്ലാം സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും രാജ്യത്തും പുറത്തും ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ചും കാലാകാലങ്ങളില്‍ പരിശീലനം നിര്‍ബന്ധമാണ്. സഹകരണ വകുപ്പിലെ ചില സ്റ്റാഫും തങ്ങളുടെ ഉത്തരവാദിത്തം തൃപ്തികരമായി നിര്‍വഹിക്കുന്നില്ല എന്ന പരാതിയും അന്വേഷണ സമിതിക്കുണ്ട്.

സഹകരണ വിദ്യാഭ്യാസം അതിന്റെ ശൈശവദശയിലാണെങ്കിലും ചില പ്രവിശ്യകളും സംസ്ഥാനങ്ങളും ഈ ദിശയില്‍ ചിലതൊക്കെ ചെയ്യുന്നുണ്ടെന്നു അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ചിലയിടത്ത് സഹകരണ വിദ്യാലയങ്ങളാണെങ്കില്‍ ചിലയിടത്ത് പരിശീലന ക്ലാസുകളാണു നല്‍കുന്നത്. പഞ്ചാബും ബിഹാറും കൂര്‍ഗും ഹൈദരാബാദും ബറോഡയും മറ്റും പതിവായി പരിശീലന ക്ലാസുകള്‍ നല്‍കുന്നുണ്ട്. കൊച്ചി സര്‍ക്കാര്‍ സഹകരണ കാര്യങ്ങളില്‍ ഒരു പടി മുന്നിലാണ്. അവിടെ ട്രെയിനിങ് സ്‌കൂളുകളില്‍ സഹകരണം ഒരു നിര്‍ബന്ധ വിഷയമാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, ബിരുദ ക്ലാസുകളില്‍ സഹകരണത്തില്‍ പരിശീലനവും നല്‍കുന്നുണ്ട്. പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയരക്ടറുടെ സഹായത്തോടെ തൃശ്ശൂരില്‍ നാലു വര്‍ഷം മുമ്പ് ( 1930 ല്‍ ) സഹകരണ വകുപ്പ് ഒരു മാസം നീണ്ട പരിശീലന ക്ലാസ് നടത്തുകയുണ്ടായി. ഇതില്‍ 24 ബിരുദധാരികളാണു പങ്കെടുത്തത്. ഇവരില്‍ പന്ത്രണ്ടുപേര്‍ പെണ്‍കുട്ടികളായിരുന്നു. 1934 ലും നടത്തി അത്തരമൊരു പരിപാടി. ഇവയെല്ലാം നടത്തിയത് സഹകരണ യൂണിയനുകളുടെയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയോ രജിസ്ട്രാറുടെയോ നേതൃത്വത്തിലാണ്. ചേര്‍ത്തലയിലെ യൂണിയന്‍ നടത്തിയ പരിശീലന പരിപാടിക്കായി തയാറാക്കിയ സിലബസിനെപ്പറ്റി സമിതി പ്രത്യേകം എടുത്തുപറയുന്നുണ്ട്.

നേതൃത്വം പോരാ

സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവരുടെ അറിവില്ലായ്മയാണു തിരുവിതാംകൂറിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്നു സമിതി അഭിപ്രായപ്പെടുന്നു. ഇക്കാലമത്രയും സഹകരണ വിദ്യാഭ്യാസം അവഗണിക്കപ്പെടുകയായിരുന്നു. പരിശീലന ക്ലാസുകള്‍ വേണമെന്നു ആരും ആവശ്യപ്പെടാതിരുന്നിട്ടല്ല ഇതൊന്നും ചെയ്യാതിരുന്നത്. ഫണ്ടിന്റെ കുറവു കാരണം സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മുറവിളി കേട്ടില്ലെന്നു നടിക്കുകയായിരുന്നു. സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടും ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു. അപ്പോള്‍ രണ്ടു കൂട്ടരും ഒരുപോലെ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നു സമിതി വെട്ടിത്തുറന്നു പറയുന്നു. ഉടനെത്തന്നെ തിരുവനന്തപുരത്ത് ഒരു കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ട്രെയിനിങ് സ്‌കൂള്‍ തുടങ്ങണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു. ഗ്രാമപ്പഞ്ചായത്തുകള്‍, ഗ്രാമ ലൈബ്രറികള്‍, വായനശാലകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രായപൂര്‍ത്തിയായവരുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ വളരെക്കുറച്ചു പണമേ ചെലവഴിക്കുന്നുള്ളു എന്നു സമിതി കുറ്റപ്പെടുത്തുന്നു.

മദ്രാസ് പ്രസിഡന്‍സിയില്‍ നല്‍കിവരുന്ന സഹകരണ വിദ്യാഭ്യാസത്തെ സഹകരണാന്വേഷണ സമിതി പ്രശംസിക്കുന്നു. തിരുവിതാംകൂറും ആ വഴിക്കു നീങ്ങണമെന്നാണു സമിതിയുടെ അഭിപ്രായം. സഹകരണ ജീവനക്കാര്‍ക്കായി ആറു സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണു മദ്രാസില്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ഇത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രാസ് സര്‍ക്കാര്‍ മദ്രാസ് പ്രൊവിന്‍ഷ്യല്‍ സഹകരണ യൂണിയനു വര്‍ഷത്തില്‍ 12,000 രൂപയാണു ഗ്രാന്റായി കൊടുക്കുന്നത്. ഗവ. കോമേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും സഹകരണ ക്ലാസുകള്‍ നടത്താറുണ്ട്. അവയില്‍ സഹകരണ ഓഡിറ്റിങ്, ബാങ്കിങ്, ബുക്ക് കീപ്പിങ് വിഷയങ്ങളിലും ക്ലാസുകള്‍ നടത്താറുണ്ട്. മദ്രാസിലെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരണ പരിശീലനത്തില്‍ പത്തു മാസത്തെ കോഴ്‌സ് നടത്താന്‍ ഒരു കേന്ദ്ര സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ പോവുകയാണ്. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സ് ഫീസ് 40 രൂപയാണ്. എസ്.എസ്.എല്‍.സി. ജയിച്ചവരെയും സെന്‍ട്രല്‍ ബാങ്കുകളിലെയും ഫെഡറേഷനുകളിലെയും പ്രാദേശിക യൂണിയനുകളിലെയും ജീവനക്കാരെയും മാത്രമേ കോഴ്‌സില്‍ പ്രവേശിപ്പിക്കുകയുള്ളു.

മദ്രാസിനെ മാതൃകയാക്കണം

മദ്രാസ് മാതൃകയിലാവണം തിരുവിതാംകൂറിലെ സഹകരണ വിദ്യാഭ്യാസമെന്നു സഹകരണാന്വേഷണ സമിതി പറയുന്നു. അതുകൊണ്ട്, ഉടനെത്തന്നെ രജിസ്ട്രാറുടെ കീഴില്‍ തിരുവനന്തപുരത്തു സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സ്‌കൂള്‍ തുറക്കണം. ബിരുദധാരികള്‍്ക്കു മാത്രമേ സ്‌കൂളില്‍ പ്രവേശനം നല്‍കാവൂ. സഹകരണ ചരിത്രം, തിയറി, സഹകരണ ബാങ്കിങ്, പ്രായോഗിക പരിശീലനം, ഓഡിറ്റിങ്, അക്കൗണ്ടന്‍സി, ബുക്ക് കീപ്പിങ്, സഹകരണ നിയമം, പൊതു – ഗ്രാമീണ സാമ്പത്തിക ശാസ്ത്രം, ഗ്രാമ പുനരുദ്ധാരണം, പൗരധര്‍മം എന്നീ വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത് എന്നു സമിതി നിര്‍ദേശിക്കുന്നു. ഒമ്പതു മാസത്തെ കോഴ്‌സിനു ആകെ 30 രൂപയാണു ഫീസ് ഈടാക്കേണ്ടത്. കോളേജ് പ്രൊഫസര്‍മാര്‍, സഹകരണ വകുപ്പുദ്യോഗസ്ഥര്‍, സഹകാരികള്‍ എന്നിവരെക്കൊണ്ടൊക്കെ ക്ലാസെടുപ്പിക്കണം. ഫീസ് കഴിച്ചാല്‍ സര്‍ക്കാരിന് ഒരു വര്‍ഷം 1500 രൂപയോളമേ ചെലവു വരൂ എന്നാണു സമിതിയുടെ അഭിപ്രായം. മൂന്നു വര്‍ഷത്തിനുശേഷം ഈ ട്രെയിനിങ് സ്‌കൂള്‍ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറണമെന്നു സമിതി നിര്‍ദേശിക്കുന്നു. വകുപ്പിലുള്ള ഇന്‍സ്‌പെക്ടര്‍മാരെയെല്ലാം ബാച്ചുകളായി സ്‌കൂളില്‍ പഠനത്തിനു വിടണം. മൂന്നു വര്‍ഷം കൊണ്ട് നന്നായി പരിശീലനം നേടിയവരെ മാത്രമേ ഉദ്യാഗക്കയറ്റത്തിനു പരിഗണിക്കാവൂ എന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

താഴെത്തട്ടിലുള്ള സൂപ്പര്‍വൈസര്‍മാര്‍, ബാങ്ക് അസിസ്റ്റന്റുമാര്‍, ഓണററി സംഘാടകര്‍ എന്നിവര്‍ക്കും മദ്രാസ് പ്രസിഡന്‍സിയിലേതുപോലെ സഞ്ചരിക്കുന്ന സ്‌കൂള്‍ തുടങ്ങണമെന്നതാണു സഹകരണാന്വേഷണ സമിതിയുടെ മറ്റൊരു നിര്‍ദേശം. സഹകരണ സംഘം സെക്രട്ടറിമാര്‍ക്ക് ഈ സ്‌കൂളില്‍ സായാഹ്ന ക്ലാസുകള്‍ നല്‍കണം. ഇതിനു പുറമേ സംഘം പ്രസിഡന്റുമാര്‍ക്കും സംഘാംഗങ്ങള്‍ക്കും വേണ്ടിയും കോഴ്‌സുകള്‍ തിരുവിതാംകൂറില്‍ ഏര്‍പ്പെടുത്തണം. ഇവിടെ പഠിക്കുന്നവര്‍ക്കെല്ലാം കോഴ്‌സിന്റെ ഒടുവില്‍ എഴുത്തുപരീക്ഷയോ വാചാ പരീക്ഷയോ നടത്തി പാസാകുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു. സൊസൈറ്റികളും ബാങ്കുകളും ഇത്തരം സര്‍ട്ടിഫിക്കറ്റുള്ളവരെ സര്‍വീസില്‍ എടുക്കണം. പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഉദ്ദേശിച്ച് തിരുവനന്തപുരത്തും മറ്റു കേന്ദ്രങ്ങളിലും സഹകരണ മേഖലയെക്കുറിച്ച് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കണം. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ മനസ്സിലാക്കണം. സര്‍ക്കാരിനു കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും സഹകരണം പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തണം.

കൃത്യമായ ആസൂത്രണത്തോടെ സഹകരണാശയം പ്രചരിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും യൂണിയനുകളും ശ്രദ്ധിക്കണമെന്നു സമിതി നിര്‍ദേശിക്കുന്നു. ഇതിനു സഹകരണ വകുപ്പുദ്യോഗസ്ഥര്‍ സര്‍വപിന്തുണയും നല്‍കണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രചരണ വാഹനം ( കാര്‍ ) തന്നെ ഇതിനായി അനുവദിക്കണം. ഈ വാഹനം ഗ്രാമങ്ങളിലടക്കം, സംസ്ഥാനത്തുടനീളം സഞ്ചരിക്കണം. ബിഹാറില്‍ ഇത്തരമൊരു പ്രചരണം നടത്തിയതായി സമിതി ചൂണ്ടിക്കാട്ടുന്നു. സ്ലൈഡുകളും ചാര്‍ട്ടുകളും പ്രചരണത്തിനുപയോഗിക്കണം. പറ്റുമെങ്കില്‍ പാട്ടുകളും നാടകങ്ങളുമെഴുതി സഹകരണാശയം പ്രചരിപ്പിക്കണം. ലഘുലേഖകളും പുസ്തകങ്ങളും തയാറാക്കണം. പ്രചരണത്തിന്റെ ഭാഗമായുള്ള മികച്ച പുസ്തകങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് സമ്മാനം പ്രഖ്യാപിക്കണം. ബറോഡയിലും മൈസൂരിലും മറ്റും ചെയ്തതുപോലെ മികച്ച സഹകരണ സംഘങ്ങള്‍ക്കു അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം.

സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഓണററി സംഘാടകരുടെ രീതി തിരിച്ചുകൊണ്ടുവരണമെന്നു സമിതി നിര്‍ദേശിക്കുന്നു. ഉദ്യോഗസ്ഥവിഭാഗത്തില്‍പ്പെടാത്ത ഇവര്‍ പ്രസ്ഥാനത്തോട് താല്‍പ്പര്യമുള്ളവരായിരിക്കണം. ബോംബെയിലും മദ്രാസിലുമുണ്ടായിരുന്ന ഇത്തരമൊരു രീതി തിരുവിതാംകൂറിലും മുമ്പുണ്ടായിരുന്നു എന്നുവേണം സമിതിയുടെ നിര്‍ദേശത്തില്‍ നിന്നു കരുതാന്‍. ഇവര്‍ക്കു സര്‍ക്കാര്‍ അലവന്‍സ് നല്‍കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു.

എല്ലായിടത്തും കോണ്‍ഫറന്‍സുകള്‍

സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തെങ്ങും സഹകരണ കോണ്‍ഫറന്‍സുകള്‍ നടത്തണം. താലൂക്കു തലത്തിലും ഡിവിഷനല്‍ തലത്തിലും പതിവായി നടത്തണം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനതലത്തിലും സമ്മേളനം നടത്തണം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മലയാളം ജേര്‍ണല്‍ കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കണം. സര്‍ക്കാര്‍ ഈ ജേര്‍ണലിന്റെ 500 കോപ്പി ഒന്നിനു ഒരു രൂപവെച്ചു വാങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വായനശാലകളിലും വിതരണം ചെയ്യണം.

സഹകരണാന്വേഷണ സമിതിയുടെ ഇരുപത്തിമൂന്നാം അധ്യായം ഇന്‍സ്‌പെക്ഷന്‍, സൂപ്പര്‍വിഷന്‍, ഓഡിറ്റ് എന്നീ വിഷയങ്ങളാണു ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ ഓഡിറ്റിന്റെ ചരിത്രവും കാലങ്ങളായി വന്ന മാറ്റവുമാണു ശ്രദ്ധേയം. 1914 ലെ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് റെഗുലേഷന്‍ 1912 ലെ ബ്രിട്ടീഷിന്ത്യന്‍ മാതൃകയിലാണു രൂപം കൊണ്ടതെങ്കിലും പ്രാദേശികാവശ്യം മുന്‍നിര്‍ത്തി ഇവിടെ ചില ഭേദഗതികള്‍ വരുത്തിയതായി കാണാം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ പാസാക്കിയപ്പോള്‍ സെക്ഷന്‍ 17 ല്‍ ചില മാറ്റം വരുത്തി. ഈ വകുപ്പനുസരിച്ച് ഓഡിറ്റിനു ഒരു ചാര്‍ജും വാങ്ങാന്‍ പാടില്ല. ഈ വ്യവസ്ഥയാണു മാറ്റിയത്. ബ്രിട്ടീഷിന്ത്യന്‍ നിയമത്തില്‍ ഓഡിറ്റ് ഫീസ് ചുമത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും പല ബ്രിട്ടീഷിന്ത്യന്‍ പ്രവിശ്യകളും ഓഡിറ്റ് ഫീസ് ഏര്‍പ്പെടുത്തിയതായി മനസ്സിലാക്കാം. മാത്രവുമല്ല, കാലാകാലങ്ങളില്‍ അതു വര്‍ധിപ്പിക്കാറുമുണ്ട്. പഞ്ചാബ് ഏഴര ശതമാനം ഫീസ് പത്തു ശതമാനമാക്കിയെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. ബോംബെയും ഫീസ് കൂട്ടി. സഹകരണ വകുപ്പിന്റെ വര്‍ധിച്ച ചെലവിനു ഒരാശ്വാസമാണു ഓഡിറ്റ് ഫീസ്. ബോംബെയില്‍ ഓഡിറ്റ് ഫീസില്‍ നിന്നു വര്‍ഷം 1,44,541 രൂപയാണു സര്‍ക്കാര്‍ സമാഹരിച്ചത്. അന്വേഷണ സമിതിയുടെ മുമ്പാകെ ഈ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അവരും ഫീസ് ചുമത്തുന്നതിനെ അനുകൂലിക്കുകയാണുണ്ടായത്. കരടു ബില്ലില്‍ അക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തു.

തിരുവിതാംകൂറില്‍ സഹകരണവര്‍ഷം കഴിഞ്ഞയുടനെയാണ് ഓഡിറ്റ് വര്‍ക്ക് തുടങ്ങിയിരുന്നത്. കുറച്ചു കൊല്ലം മുമ്പുവരെ ഇതായിരുന്നില്ല അവസ്ഥ. സഹകരണ വര്‍ഷവും സാമ്പത്തിക വര്‍ഷവും ഒരുമിച്ചായിരുന്നു. അപ്പഴാണ് ഇതിലെ ബുദ്ധിമുട്ട് മനസ്സിലായത്. എല്ലാ സംഘങ്ങളെയും ഓഡിറ്റ് ചെയ്തു വാര്‍ഷിക റിപ്പോര്‍ട്ട് കൃത്യസമയത്തു നല്‍കാന്‍ പ്രയാസമായി. അങ്ങനെയാണു രണ്ടും രണ്ടു സമയത്താക്കിയത്. 1930, 31, 32 കാലത്തു യഥാക്രമം 783, 805, 852 സംഘങ്ങളാണ് ഓഡിറ്റ് ചെയ്തത്. ഈ കാലത്തു സംസ്ഥാനത്തു 1800 സംഘങ്ങളുണ്ടായിരുന്നു എന്നോര്‍ക്കണം. പകുതിയിലധികം സംഘങ്ങളിലും ഓഡിറ്റ് നടന്നിരുന്നില്ല എന്നതാണു സത്യം. ഓഡിറ്റ് തീരെ തൃപ്തികരമല്ലെന്നാണു സംഘം രജിസ്ട്രാറും പറഞ്ഞത്. വേണ്ടത്ര സ്റ്റാഫിനെ നിയമിച്ചാലേ കാര്യം കൃത്യമായി നടക്കൂ എന്നാണു സഹകരണാന്വേഷണ സമിതി അഭിപ്രായപ്പെടുന്നത്. സമിതിയുടെ അഭിപ്രായത്തില്‍ ഒരു ഇന്‍സ്‌പെക്ടര്‍ അമ്പതിലധികം സൊസൈറ്റികള്‍ ഓഡിറ്റ് ചെയ്യരുത്. സഹകരണ വര്‍ഷവും സാമ്പത്തിക വര്‍ഷവും ഒരേ സമയത്താക്കുന്നതിനെയാണു സമിതി അനുകൂലിച്ചത്.

ഓഡിറ്റ് ഫീസ്

ഓഡിറ്റ് ഫീ ഈടാക്കുന്നതിലും സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഓഡിറ്റ് ഫീസ് സര്‍ക്കാരിന്റെ അനുമതിയോടെവേണം രജിസ്ട്രാര്‍ നിര്‍ണയിക്കാന്‍ എന്നതാണു ഒരു ശുപാര്‍ശ. ക്ലിപ്തബാധ്യതയില്ലാത്ത സംഘങ്ങളില്‍ നിന്നും ഇരുപതിനായിരം രൂപയില്‍ കുറഞ്ഞ പ്രവര്‍ത്തന മൂലധനമുള്ള ക്ലിപ്ത ബാധ്യതയുള്ള വായ്പാ സംഘങ്ങളില്‍ നിന്നും ഓഡിറ്റ് ഫീസ് ഈടാക്കരുത്. 25,000 രൂപയിലും അതിനു മുകളിലും വിറ്റുവരവുള്ള സ്റ്റോറുകളല്ലാത്ത വായ്‌പേതര സംഘങ്ങളില്‍ നിന്നും ഓഡിറ്റ് ഫീസ് വാങ്ങരുത്. ഓഡിറ്റ് ഫീ ലെവിയടയ്‌ക്കേണ്ട സംഘത്തിന്റെ അക്കൗണ്ടുകള്‍ രജിസ്ട്രാറുടെ അംഗീകാരമുള്ള സര്‍ട്ടിഫൈഡ്് ഓഡിറ്ററായിരിക്കണം ഓഡിറ്റ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ അവയ്ക്ക് ഓഡിറ്റ് ഫീ ചുമത്തരുത്.

ഇന്‍സ്‌പെക്ടര്‍മാരുടെയും ഓണററി ഓഡിറ്റര്‍മാരുടെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ ഒരു വീഴ്ച ചൂണ്ടിക്കാട്ടിയാണു സഹകരണാന്വേഷണ സമിതി ഇരുപത്തിരണ്ടാം അധ്യായം അവസാനിപ്പിക്കുന്നത്. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്ന സമയത്ത് ഇവര്‍ രണ്ടു കൂട്ടരും കാഷ് ബാലന്‍സ് പരിശോധിക്കുന്നില്ലെന്നു തങ്ങള്‍ക്കു ആവലാതി കിട്ടിയിട്ടുണ്ടന്നു സമിതി ചൂണ്ടിക്കാട്ടുന്നു. കഴിവുകെട്ടതും അപൂര്‍ണവുമായ രീതിയിലുള്ള ഓഡിറ്റ് തട്ടിപ്പിനും ക്രമക്കേടുകള്‍ക്കും വഴിവെക്കുമെന്നു സമിതി ഓര്‍മപ്പെടുത്തുന്നു. കാഷ് ബാലന്‍സ് പരിശോധിക്കുകയെന്നത് ഓഡിറ്ററുടെ പ്രാഥമിക കടമയാണ്. ശരിയായ രീതിയില്‍ ഓഡിറ്റ് നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്തേണ്ട രജിസ്ട്രാര്‍ ഇങ്ങനെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നു ഓഡിറ്റര്‍മാര്‍ ഒഴിഞ്ഞുമാറുന്നതു തടയണം – സമിതി നിര്‍ദേശിക്കുന്നു. ( തുടരും )

Leave a Reply

Your email address will not be published.