സഹകരണസ്ഥാപനം നാടിന്റെ സാമ്പത്തിക ദേവാലയം

moonamvazhi

– കുട്ടനാടന്‍

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘമുണ്ട്
എന്നതാണു നമ്മുടെ ശക്തി എന്നു പറയുന്നു മുന്‍ സഹകരണ മന്ത്രി
ജി. സുധാകരന്‍. എന്നാല്‍, സംഘങ്ങളില്‍ അഴിമതി തലപൊക്കിയാല്‍
അതു ദൗര്‍ബല്യത്തിന്റെ ലക്ഷണമാണെന്ന് ഉറപ്പിച്ചു പറയും അദ്ദേഹം.
വിവിധ മതവിശ്വാസികള്‍ ദേവാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കുന്നു.
അതുപോലെ ജനങ്ങളുടെ സാമ്പത്തിക ദേവാലയമാണു സഹകരണ
സ്ഥാപനങ്ങള്‍ – അദ്ദേഹം വിലയിരുത്തുന്നു.

 

( മാവേലിക്കര താമരക്കുളം സ്വദേശിയായ ജി. സുധാകരന്‍ നിയമ ബിരുദധാരിയാണ്. 12 വര്‍ഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. സി.പി.എം. സംസ്ഥാനക്കമ്മിറ്റിയംഗമാണിപ്പോള്‍. 1996, 2006, 2011, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സഹകരണം, ദേവസ്വം വകുപ്പു മന്ത്രിയായിരുന്നു. 2016 ല്‍ പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രിയായി. ജി. സുധാകരന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്താണു സഹകരണ മേഖലയില്‍ പോലീസ് വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്. അദ്ദേഹം ‘ മൂന്നാംവഴി ‘ യുമായി സംസാരിക്കുന്നു )

 കേരളത്തിലെ സഹകരണ മേഖലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണ്?
ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ?

@@ നമ്മുടെ ശക്തി ഗ്രാമങ്ങളിലെല്ലാം സഹകരണ സംഘങ്ങളുണ്ട് എന്നതാണ്. ആകെ കാല്‍ ലക്ഷം സഹകരണ സംഘങ്ങളുണ്ട് കേരളത്തില്‍. അതില്‍ കൃഷിക്കാര്‍ക്കു വായ്പ കൊടുക്കുന്ന ത്രിതല സംഘങ്ങളുണ്ട്. പ്രൈമറി, ഡിസ്ട്രിക്ട്, സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് എന്നിങ്ങനെ. ഇപ്പോള്‍ ഇതെല്ലാം മാറി. കേരള ബാങ്ക് എന്നായപ്പോള്‍ ഇവയെല്ലാം അതിന്റെ ശാഖകളായി മാറിയിരിക്കുകയാണ്. ഈ സംഘങ്ങളെല്ലാം അവിടെയുണ്ട്. എല്ലാം ശാഖകളാണ്. അതൊരു 15,000 വരും. ബാക്കി പതിനായിരത്തില്‍ വനിതാ, എസ്.സി / എസ്.ടി, വ്യവസായ, കയര്‍, മത്സ്യത്തൊഴിലാളി സംഘങ്ങളുണ്ട്. എല്ലാറ്റിലും കൂടി ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപ ഇപ്പോള്‍ നിക്ഷേപമുണ്ട്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപ വായ്പയും കൊടുത്തിട്ടുണ്ട്. ഇതു ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടിയ നിക്ഷേപമാണ്. ഞാന്‍ സഹകരണ മന്ത്രിയായിരുന്ന 2006 – 2011 കാലത്തുതന്നെ സഹകരണ മേഖലയിലെ നിക്ഷേപം ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടിയായിരുന്നു. ഏതാണ്ട് 90,000 കോടി രൂപ അന്നു വായ്പ കൊടുത്തിരുന്നു. ആ കാലത്ത് ഇന്ത്യയില്‍ സഹകരണ മേഖലയിലെ ആകെയുള്ള നിക്ഷേപത്തിന്റെ 80 ശതമാനം കേരളത്തിലായിരുന്നു. അതോടൊപ്പം, ഇന്ത്യയിലാകെ സഹകരണ മേഖലയില്‍ കൊടുത്തിരുന്ന വായ്പയുടെ 70 ശതമാനവും കേരളത്തിലായിരുന്നു.

ജനസംഖ്യയേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍

എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം സഹകരണ സംഘമാണ്. ജനസംഖ്യയേക്കാള്‍ കൂടുതലാണു നമ്മുടെ സഹകാരികളുടെ എണ്ണം. ഒരാളുതന്നെ പല സഹകരണ സംഘങ്ങളിലും അംഗമായതിനാലാണ് ഇങ്ങനെ വരുന്നത്. ആ കാര്യത്തിലും ഇന്ത്യയിലെ 60 ശതമാനം സഹകരണ സംഘാംഗങ്ങളും കേരളത്തിലാണ്. ഇതെല്ലാം നമ്മുടെ ശക്തിയാണ്. സഹകരണ പ്രസ്ഥാനത്തില്‍ മലയാളികള്‍ വിശ്വസിക്കുന്നു. ഒരു നൂറ്റാണ്ടിനു മുമ്പ് കൃഷിക്കാരോ ഗ്രാമങ്ങളിലെ അധ്യാപകരോ കൂടിയിരുന്നിട്ട് ഐക്യ നാണയ സംഘം എന്നും മറ്റും പറഞ്ഞു തുടങ്ങിയിട്ടുള്ള സഹകരണ ഗ്രൂപ്പുകളില്‍ നിന്നാണു കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കുള്ള നമ്മുടെ വളര്‍ച്ച. ഏറ്റവും നവീനമായ സഹകരണ ബില്ലുകളൊക്കെ നമ്മുടെ സംസ്ഥാനത്തു പാസാക്കിയിട്ടുണ്ട്. കേന്ദ്രാടിസ്ഥാനത്തിലും സഹകരണ നിയമങ്ങളുണ്ട്.

2011 ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകള്‍, മുനിസിപ്പല്‍ , കോര്‍പ്പറേഷനുകള്‍ എന്നിവക്കൊപ്പം സഹകരണ സംഘങ്ങള്‍ക്കുകൂടി ഒരു ഭേദഗതി ഭരണഘടനയില്‍ ചേര്‍ത്തു. അങ്ങനെയാണ് അതോറിറ്റിയായി മാറിയത്. അതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. ഗുണം ഭരണഘടനാ അധികാര സമിതിയാണ് എന്നതാണ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഇതിന്റെ മുകളില്‍ സ്വാഭാവികമായും വരും. വളരെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു തടസ്സമൊക്കെയുണ്ടാക്കിയിട്ടുണ്ട്. എന്നാലും, ഭരണഘടനാ പദവി സഹകരണ സ്ഥാപനങ്ങള്‍ക്കും കിട്ടിയിരിക്കുകയാണ്. ജനങ്ങളുടെ പിന്തുണയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി. ജനങ്ങള്‍ സമാഹരിക്കുന്ന പണമാണ് ഇതിനകത്തുള്ളത്. അതുകൊണ്ട് കൂടിയ പലിശ നിക്ഷേപത്തിനു കൊടുക്കുകയും മറ്റു ബാങ്കുകളേക്കാള്‍ കുറഞ്ഞ പലിശയ്ക്കു വായ്പ കൊടുക്കുകയും ചെയ്യുന്നു. പക്ഷേ, ഇപ്പോള്‍ നിക്ഷേപങ്ങളുടെയെല്ലാം പലിശ എട്ടു ശതമാനത്തില്‍ താഴെയാക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. അതുകൊണ്ട് നിക്ഷേപത്തിനു പലിശ ഇപ്പോള്‍ പഴയതുപോലെ കൊടുക്കാന്‍ കഴിയില്ല. കൃഷിക്കാര്‍ക്കു വായ്പ കൊടുക്കാന്‍ നബാര്‍ഡ് ഒരു തുക തരും. നാലു ശതമാനം പലിശയ്ക്കാണു തരുന്നത്. അത് ഏഴു ശതമാനം പലിശയ്ക്കു വിതരണം ചെയ്യും. മൂന്നു ശതമാനമാണു ബാങ്കിന്റെ ലാഭം. അത്രയേ വാങ്ങാന്‍ പാടുള്ളൂ. കാര്‍ഷിക മേഖലയുടെ സഹായത്തിനാണു സഹകരണ മേഖല നില്‍ക്കുന്നത്. ഇതൊക്കെയാണു ശക്തി.

അഴിമതി ഉണ്ടാവാന്‍ പാടില്ല

സഹകരണ മേഖലയില്‍ ഇപ്പോള്‍ അഴിമതിയുണ്ടായിട്ടുണ്ട്. അതാണ് ഏറ്റവും വലിയ ദൗര്‍ബല്യം. അഴിമതിയുണ്ടാകാന്‍ പാടില്ലാത്തതാണ്. ഏതാണ്ട് അറുപതിനായിരത്തോളം ജീവനക്കാരുണ്ട് ഈ മേഖലയില്‍. അവരെ ഒന്നുകില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമിക്കും. അതായതു ക്ലറിക്കല്‍ പോസ്റ്റുവരെ. പ്യൂണ്‍ പോസ്റ്റില്‍ സൊസൈറ്റിതന്നെ പരീക്ഷ നടത്തി നിയമിക്കും. അതാണ് ഇപ്പോഴത്തെ നിയമം. അതിനകത്തൊക്കെ പല പ്രശ്നങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ശരിയല്ലാത്ത പല കാര്യങ്ങളും നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്ന വേദിയായി സംഘങ്ങളെ വല്ലാതെ മാറ്റിയിട്ടുണ്ട്. ഒരു ഘട്ടംവരെയൊക്കെ ഇതാവാം. പക്ഷേ, അതുമാത്രമാണു മാനദണ്ഡം എന്നുവരരുത്.

സഹകരണ മേഖലയില്‍ ജീവനക്കാരായി വരുന്നവരില്‍ കുറച്ചുപേര്‍ ശരിയായിട്ടുള്ള സഹകാരികളല്ല. അതു കുറച്ചുകൂടി ഗുണമേന്മയുടെ അടിസ്ഥാനത്തിലാക്കി മാറ്റാന്‍ ഡയരക്ടര്‍ ബോര്‍ഡ് ശ്രദ്ധിക്കേണ്ടതാണ്. കൊടുത്ത വായ്പയില്‍ നാല്‍പ്പതും അമ്പതും ശതമാനം വരെ തിരിച്ചടയ്ക്കാത്ത സ്ഥിതിയാണ്. ഇതാണു വേറൊരു ദൗര്‍ബല്യം. തിരിച്ചടവില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ കുടിശ്ശിക വരാന്‍ പാടില്ല എന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. തിരിച്ചടവില്‍ പത്തു ശതമാനത്തില്‍ കുറഞ്ഞ കുടിശ്ശികയുള്ളതു പത്തു ശതമാനം സഹകരണ സ്ഥാപനങ്ങളിലാണ്. ബാക്കിയെല്ലാം അതിനു മുകളിലാണ്. അതൊരു വലിയ പ്രശ്നമാണ്. അതു സഹകരണ ബാങ്കുകളുടെ തകര്‍ച്ചയിലേക്കു നയിക്കും.

നിക്ഷേപം സ്വീകരിച്ചാണു വായ്പ കൊടുക്കുന്നത്. നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോള്‍ അതു തിരിച്ചുകൊടുക്കണം. മാത്രമല്ല, നിക്ഷേപം ഏതു സമയത്തും പിന്‍വലിക്കാം. അതിനു പലിശ കുറഞ്ഞിരിക്കുമെന്നേയുള്ളൂ. അപ്പോള്‍ ഈ പണം തിരിച്ചടച്ചില്ലെങ്കില്‍ നിക്ഷേപം കൊടുക്കാന്‍ പറ്റില്ല. ആ സമയത്തു സഹകരണതത്വം തന്നെ തകരും. അങ്ങനെ ഒരുപാട് സഹകരണ സംഘങ്ങള്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. കേരളത്തില്‍ത്തന്നെ ഏതാണ്ട് എഴുന്നൂറോളം സംഘങ്ങള്‍ തകര്‍ന്നുപോയി. സാമ്പത്തിക ദുര്‍വിനിയോഗമാണു കാരണം. നമ്മുടെ ജില്ലയില്‍ത്തന്നെ ( ആലപ്പുഴ ) നാല്‍പ്പതോളം സംഘങ്ങള്‍ തകര്‍ന്നുപോയി. ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ വഴിവിട്ട പ്രവര്‍ത്തനത്തിലൂടെയാണ് ഈ പണവും സ്വര്‍ണവുമൊക്കെ ചൂഷണം ചെയ്തത്. അതിന്റെ ഫലമായിട്ടാണ് ഈ സംഘങ്ങള്‍ തകര്‍ന്നത്. ഇതൊക്കെ നമ്മുടെ ദൗര്‍ബല്യങ്ങളാണ്.

ഇതിനൊക്കെ പരിഹാരമായി ശക്തമായ നിയമ പരിഷ്‌കാരങ്ങള്‍ വേണം. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ കൃത്യമായി ഒരു ഡി.ഐ.ജി.യുടെ കീഴില്‍ പോലീസ് വിജിലന്‍സ് കൊണ്ടുവന്നു. പരാതി കിട്ടിയാല്‍ അവര്‍ക്കു നേരിട്ടുപോയി പരിശോധിക്കാം. ആദ്യമായി കൊണ്ടുവന്നതാണിത്. മറ്റേതു സഹകരണ മേഖലയുടെ വിജിലന്‍സാണ്. അതുകൊണ്ടു കാര്യമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവ ചേര്‍ന്ന് ആലപ്പുഴ കേന്ദ്രീകരിച്ച് ഒരു എസ്.പി.യും ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ചേര്‍ന്ന് എറണാകുളം കേന്ദ്രമാക്കി മറ്റൊരു എസ്.പി.യും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ചേര്‍ന്ന് കോഴിക്കോട് കേന്ദ്രമാക്കി വേറൊരു എസ്.പി.യുമുണ്ടായിരുന്നു. മൂന്നു എസ്.പി.മാരും ഡി.ഐ.ജിയും സി.ഐ.മാരും എസ്.ഐ.മാരും ഒക്കെച്ചേര്‍ന്നു നല്ല സംവിധാനമായിരുന്നു. ഇവര്‍ ചെല്ലുന്നു എന്നു പറയുമ്പോള്‍ത്തന്നെ പേടിയാ. ഞാന്‍ മന്ത്രിസ്ഥാനത്തുനിന്നു മാറിയപ്പോള്‍ത്തന്നെ ഇതു മാറ്റി. ഇപ്പോള്‍ അതു വെള്ളം ചേര്‍ത്ത് ആകെ നാശമാക്കി. പല്ലില്ലാത്തതായി. ഒന്നും ചെയ്യാനൊക്കില്ല. അര്‍ഥമില്ലാത്തതായി. പുതിയ സഹകരണ മന്ത്രിക്കു സഹകരണ വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ അലോചിക്കാവുന്നതാണ്. പ്രത്യേകിച്ചും, ഇപ്പോഴത്തെ സാഹചര്യത്തില്‍.

ഇങ്ങനെയൊക്കെയുള്ള നല്ല സമ്പ്രദായങ്ങള്‍ കൊണ്ടുവന്നാലേ പറ്റൂ. സഹകരണ ബാങ്കിലെ പണത്തിനു ഗ്യാരന്റിവേണം. നഷ്ടപ്പെട്ടുപോയാല്‍ സര്‍ക്കാര്‍ ഗ്യാരന്റി കൊടുക്കണം. ഇതില്‍ വരുന്ന നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇപ്പോഴും മതിയായ ഗ്യാരന്റി ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. അതിനുവേണ്ട ശ്രമങ്ങളൊക്കെ നടത്തി. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അത് എടുത്തങ്ങുകളയുകയാണ്. ആ കാര്യത്തിലൊക്കെ ഒരുപാട് മെച്ചമുണ്ടാകണം. അതുപോലെ കൃഷിക്ക് ഇപ്പോള്‍ വായ്പയെടുക്കുന്നതു കുറയുകയാണ്. കൃഷിക്കു വായ്പയെടുക്കാനാണു സഹകരണ സംഘങ്ങള്‍ തുടങ്ങിയതുതന്നെ. കൃഷിക്കു വായ്പ പലിശ കുറച്ച് എടുക്കണം. കൃഷി നടത്തണം. ഇങ്ങനെയുള്ള ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി അതു പരിഹരിക്കുന്നതിനുള്ള ഒരുപാട് പരിശ്രമങ്ങള്‍ ആവശ്യമാണ്. സാമ്പത്തിക മേഖലയില്‍ അരാജകത്വമുണ്ട്. സഹകരണ മേഖലയുടെ സല്‍പ്പേര് പോകുന്നു. അതാണ് ഏറ്റവും വലിയ ദൗര്‍ബല്യം. ഈ പണം അവിടെ മാന്യമായി കൈകാര്യം ചെയ്യുമെന്ന് എല്ലാ സഹകാരികള്‍ക്കും ഉറപ്പില്ല. അതുറപ്പാക്കണം. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണ്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയമാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം സൃഷ്ടിച്ച് മന്ത്രി അമിത്ഷായെ അതിന്റെ ചുമതല ഏല്‍പിച്ചിരിക്കുകയാണ്. എന്താകാം കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം? സഹകരണ മേഖല ശക്തമായി നിലകൊള്ളുന്ന കേരളത്തെ കേന്ദ്രനടപടി എങ്ങനെയെല്ലാം ബാധിക്കും.

കേന്ദ്രത്തിന്റെ അപ്പീല്‍ ഈയിടെ സുപ്രീം കോടതി തള്ളിക്കളഞ്ഞല്ലോ. സഹകരണത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പറ്റില്ല. ഇതു സംസ്ഥാന വിഷയമാണ് എന്നിപ്പോള്‍ പറഞ്ഞിരിക്കുകയാണ്. തീര്‍ച്ചയായും ഇത് ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാരമാണ്. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്തു ഭരണഘടനാ ഭേദഗതിയിലൂടെ ഇതിനെ ഒരു ഭരണഘടനാ അതോറിറ്റിയാക്കി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ആ ഭരണഘടനാ ഭേദഗതിയെ നമ്മള്‍ എതിര്‍ത്തില്ലെങ്കിലും അതു നമ്മള്‍ ആവശ്യപ്പെട്ടിട്ടു വന്നതല്ല. ഞാനന്നു മന്ത്രിയാണ്. സൊസൈറ്റിയുടെ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് ഏതു സമയത്തും ഇടപെടാം. മറ്റു ബാങ്കുകളെപ്പോലെ. അങ്ങനെ ഒരു സ്ഥിതി ഇപ്പോള്‍ വന്നിട്ടുണ്ട്. മറ്റു ബാങ്കുകളില്‍ ഇടുന്നതിനേക്കാള്‍ വേഗം സഹകരണ ബാങ്കുകളില്‍ നിക്ഷേപമിടാം, എടുക്കാം. പത്തു ശതമാനം പലിശ കൊടുക്കും 60 വയസ് കഴിഞ്ഞവര്‍ക്ക്. അല്ലാത്തവര്‍ക്ക് ഒമ്പതര ശതമാനമുണ്ട്. അതേസമയം, ദേശസാത്കൃത ബാങ്കില്‍ ഏഴരയും എട്ടുമേയുള്ളൂ. ഇപ്പോള്‍ എല്ലാം ഒരുപോലെ. അങ്ങനെയൊക്കെയുള്ള നിയന്ത്രണങ്ങള്‍ നേരത്തെത്തന്നെയുണ്ട്.

യു.പി.എ. സര്‍ക്കാരാണ് ഈ വേണ്ടാതീനം എല്ലാം തുടങ്ങിയത്. അവരില്‍ നിന്നാണു ബി.ജെ.പി. സര്‍ക്കാര്‍ ആവേശം ഉള്‍ക്കൊണ്ടത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി വന്നതുകൊണ്ട് ഇനിയിപ്പോള്‍ ഉടനെ ഇതു മുന്നോട്ടുപോകാന്‍ പ്രയാസമാണ്. ഇതു സംസ്ഥാന വിഷയമാണെന്ന് അവിതര്‍ക്കിതമായി സുപ്രീം കോടതി പറഞ്ഞുകഴിഞ്ഞു. അങ്ങനെത്തന്നെ തുടരുന്നതായിരിക്കും നല്ലത്. ഇല്ലെങ്കില്‍ നമ്മളെ ബാധിക്കും. കേരളത്തെ വല്ലാതെ ബാധിക്കും.

പിന്നെ ഇവിടെ ഹിന്ദു സഹകരണ സംഘം തുടങ്ങാന്‍ പോകുന്നു എന്നൊക്കെ കേട്ടു. അതു ഭരണഘടനപ്രകാരം അസാധ്യമാണ്. കാരണം, ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരിക്കലും സഹകരണ സ്ഥാപനം തുടങ്ങാനാവില്ല. അതാണു സഹകരണ സംഘത്തിന്റെ പ്രത്യേകത. ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങാം. 1952 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അതു തുടങ്ങാം. സഹകരണ സംഘം പറ്റില്ല. സഹകരണ സംഘത്തില്‍ പൊതുവേ എല്ലാവര്‍ക്കും അംഗത്വമില്ല. അതു അനുവദിച്ചിട്ടുള്ളവര്‍ക്കേ , ചില വിഭാഗങ്ങള്‍ക്കേ , പറ്റൂ. സ്ത്രീകള്‍ക്ക്, എസ്.സി./എസ്.ടി. വിഭാഗത്തിന്. അതുപോലെ തൊഴിലില്ലാത്തവര്‍ക്കും ഉണ്ടാക്കാം. തൊഴിലാളികള്‍ക്കു സൊസൈറ്റി ഉണ്ടാക്കാം. ഉദാഹരണത്തിന് കയര്‍ സംഘങ്ങള്‍, കൈത്തറി സംഘങ്ങള്‍. അവര്‍ ഒരു ജാതിയോ മതമോ അല്ല. നേരേമറിച്ച് ഹിന്ദുക്കള്‍ക്ക് ഒരു സൊസൈറ്റി. അതു സാധ്യമല്ല. എളുപ്പമുള്ള കാര്യമല്ല, ഭരണഘടന ഇപ്പോള്‍ അതനുവദിക്കുന്നില്ല. അതു തുടങ്ങിയാല്‍ സഹകരണ മേഖല നശിച്ചുപോകും. അതു വര്‍ഗീയതയാണ്. നമ്മുടെ കേരളം ഇത്രയും സെക്യുലറാകാന്‍ കാരണങ്ങളിലൊന്ന് ഈ സഹകരണ സംഘങ്ങളാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അംഗമാകാം. അതുപോലെ നമ്മുടെ വിദ്യാഭ്യാസം, പൊതുരാഷ്ട്രീയം, തൊഴിലാളിരംഗം – ഇതൊക്കെയാണ് കേരളത്തില്‍ വര്‍ഗീയത കടുകട്ടിയാകാതിരിക്കാന്‍ കാരണം. സഹകരണ സംഘവും ജാതിമതാടിസ്ഥാനത്തിലായാല്‍ പിന്നെ പറഞ്ഞിട്ട് എന്താകാര്യം ? ബി.ജെ.പി. അങ്ങനെ ഒരു ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതുപേക്ഷിക്കേണ്ടതാണ്. അവര്‍ രാജ്യത്ത് അധികാരത്തിലിരിക്കുന്നു എന്ന ബലത്തില്‍ അതൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. അതു ഭരണഘടനാ വിരുദ്ധമാണ്.

കേരളത്തിന്റെ സാമൂഹിക ജീവിതത്തെ സഹകരണ പ്രസ്ഥാനം ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് ?

സാമൂഹികമായി, രാഷ്ട്രീയമായി, സാമ്പത്തികമായി, സാംസ്‌കാരികമായി, തൊഴില്‍പരമായി, വിദ്യാഭ്യാസപരമായി എന്നുവേണ്ട, എല്ലാ രീതികളിലും സഹകരണ പ്രസ്ഥാനം കേരളത്തെ സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍, മുസ്ലീം, ഹൈന്ദവ ദേവാലയങ്ങളുണ്ട്. ജനങ്ങള്‍ അവിടെ പ്രാര്‍ഥിക്കാന്‍ പോകുന്നു എന്നു പറയുന്നതുപോലെ നമ്മുടെ നാട്ടിലെ സാമ്പത്തിക ദേവാലയമാണു സഹകരണ സ്ഥാപനങ്ങള്‍. സാമ്പത്തികമായ ക്രയവിക്രയത്തിന് എല്ലാവരും അങ്ങോട്ടു പോവുകയാണ്. അതാണ് അതിന്റെ സ്വാധീനം. അതില്‍ക്കൂടുതല്‍ വിശദീകരണം വേണ്ട. എല്ലാ തലത്തിലും നമ്മുടെ അടിത്തറയായി വര്‍ത്തിക്കുന്ന ഒന്നാണു സഹകരണ പ്രസ്ഥാനം.

പാലക്കാട്ടും കുട്ടനാട്ടിലും നെല്‍ക്കര്‍ഷകരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ നെല്ലു സംഭരിച്ച് സഹകരണ മില്ലുകള്‍ വഴി കുത്തരിയാക്കി വിപണിയിലിറക്കാന്‍ പോകുകയാണ്. ഇതു നെല്‍ക്കല്‍ഷകരുടെ ജീവിതം മാറ്റിമറിക്കുമോ? നെല്‍ക്കര്‍ഷകരുടെ സുരക്ഷയ്ക്കായി വേറെ എന്തെല്ലാം നടപടികളാണ് സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്.?

ഇതു ശരിക്കു നടത്തിയാല്‍ നല്ലതാണ്. അഴിമതിയില്ലാതെ നടത്തണം. നെല്ലെടുക്കുമ്പോള്‍ കൃത്യമായി വില കൊടുക്കണം. ധാരാളം ശീതീകരണ ഗോഡൗണുകള്‍ വേണ്ടിവരും. സ്വാമിനാഥന്‍ കമ്മീഷന്‍ കുട്ടനാടിന്റെ ഉയര്‍ച്ചയ്ക്കായി കുട്ടനാട് പാക്കേജില്‍ പറഞ്ഞ സുപ്രധാനമായ കാര്യം നെല്‍ക്കൃഷി മേഖല ഇന്‍ഷുറന്‍സ് ചെയ്യണം എന്നതാണ്. അവിടെ നീര്‍ച്ചാലുകള്‍, തോടാകാം ആറാകാം , എല്ലാംതന്നെ ആഴംകൂട്ടി ഒറിജിനല്‍ വീതിയില്‍ പഴയതുപോലെ പുന:സ്ഥാപിച്ച് ജലനിര്‍ഗമനം സുഗമമാക്കണം. കിഴക്കന്‍ മലമ്പ്രദേശത്തുനിന്നു ഒഴുകിവരുന്ന ആറ്റുവെള്ളം തടയണകൊണ്ട് നിയന്ത്രിച്ചു കൊണ്ടുവരണം. എന്നിട്ട് പാടശേഖരത്തേക്കു കേറ്റാനും ഇറക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണം.
നെല്‍ക്കൃഷിയുള്ള എല്ലാ പഞ്ചായത്തുകളിലും ശീതീകരിച്ച ഗോഡൗണുകള്‍ സ്ഥാപിക്കണം. അതാണ് നെല്ലു സംഭരിച്ചുവെക്കാന്‍ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആറു മാസം വെക്കണം. റൈസ് മില്ലുകള്‍ സ്ഥാപിക്കണം. കര്‍ഷകര്‍ക്കു നല്ല വില കൊടുക്കണം. അതിനൊക്കെ ഇതു സഹായിക്കുമെങ്കില്‍ കൊള്ളാം. പക്ഷേ, കുട്ടനാട്ടില്‍ സ്ഥാപിച്ച എല്ലാ സഹകരണ റൈസ് മില്ലുകളും പരാജയപ്പെടുകയായിരുന്നു. കാരണം അഴിമതിയാണ്. തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണു സഹകരണ മില്ലുകള്‍ കുട്ടനാട്ടില്‍ വന്നു നെല്ലെടുക്കുന്നത്. അവര്‍ വന്നാല്‍ വന്നു. നെല്ല് എടുത്തില്ലെങ്കില്‍ ഇല്ല എന്ന സ്ഥിതിയാണ്. നമ്മുടെ നെല്ല് സംഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാറുണ്ട്. സര്‍ക്കാര്‍ ഇടപെട്ടാണ് അതൊക്കെ ശരിയാക്കുന്നത്. സഹകരണ മില്ലുകള്‍ മുഴുവന്‍ നെല്ലും എടുത്തുവെക്കണം. സഹകരണ മില്ലുകള്‍ക്കു പണം കൊടുത്ത് നെല്ല് എടുത്തു കുത്തി അരിയാക്കി സൂക്ഷിക്കണം. കൃഷിക്കാര്‍ക്കു പണം കൊടുക്കണം. അരി വില്‍ക്കുമ്പോള്‍ വിറ്റാല്‍ മതി. അത്രയും കാലം സൂക്ഷിച്ചുവെക്കണം. അതിനു സര്‍ക്കാര്‍ ഗോഡൗണും കാര്യങ്ങളുമൊക്കെ ഉണ്ടാക്കണം. റേഷനായിട്ടും വിതരണം ചെയ്യാം. ഏറ്റവും നല്ല കാര്യമാണത്.

സംഗീത – കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്തു സഹകരണ സംഘം ഉണ്ടാക്കാന്‍ പോകുകയാണ്. കോവിഡ് കാലത്തു പരിപാടികള്‍ കിട്ടാതെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട വിഭാഗമാണു കലാകാരന്മാര്‍. ഇതുപോലെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു കൈത്താങ്ങ് കൊടുക്കേണ്ട മറ്റു വിഭാഗമുണ്ടോ?

ചരിത്രത്തിലാദ്യമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കുമായി കേരളത്തില്‍ സഹകരണ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. എറണാകുളം ടൗണ്‍ഹാളില്‍ അതിന്റെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആവേശകരമായ രംഗമായിരുന്നു. എന്നുവെച്ചാല്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ എല്ലാവരുമുണ്ടായിരുന്നു. എനിക്കു തോന്നുന്നു വിനയനായിരുന്നു അതിനു മുന്‍കൈയെടുത്തത്. അന്ന് അത് ഉദ്ഘാടനം ചെയ്തതു ഞാനായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി അവിടെയില്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തിലെ മുഴുവന്‍ നടീനടന്മാരും ആ സമ്മേളനത്തിലുണ്ടായിരുന്നു. എന്നെ അന്ന് അറുപതോളം പൊന്നാടകള്‍ അണിയിച്ചിരുന്നു. ഓരോ വിഭാഗത്തില്‍പ്പെട്ട സംഘടനകളുടെ വകയായി. പിന്നെ അതില്‍ പ്രശ്നമായി, തെറ്റിപ്പിരിഞ്ഞു. സംഘം ഇപ്പോഴുമുണ്ട്. പക്ഷേ, അവരുടെയിടയില്‍ ഭിന്നിപ്പു വന്നു. സംഘമുണ്ടെങ്കിലും പഴയ ഗ്ലാമര്‍ പോയി. ആദ്യം എല്ലാവരും സഹകരിച്ചു. വലിയ താരങ്ങള്‍ മുതല്‍ താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ അണിനിരന്നതു വലിയ ആവേശമായിരുന്നു. അന്ന് അത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കു കിട്ടി.

കോവിഡ് കാലത്തു സഹകരണ മേഖലയിലൂടെ സഹായം കൊടുക്കുന്നതു നല്ല കാര്യമാണ്. സര്‍ക്കാര്‍ മുന്‍കൈയെടുക്കുക എന്നാല്‍ അതില്‍ ഷെയര്‍ എടുക്കാനേ പറ്റൂ. അതു സ്വതന്ത്രമായിരിക്കണം. സര്‍ക്കാരിന്റെ നിയന്ത്രണമാവരുത്. സര്‍ക്കാരിന്റെ ഷെയറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പരമാവധി നോമിനിയെ വെക്കാം.

ഹൈടെക് ആയി മാറിയ ബാങ്കുകളോട് കിടപിടിക്കാന്‍ നമ്മുടെ സഹകരണ ബാങ്കുകള്‍ പ്രാപ്തമാണോ ? നമ്മുടെ യുവാക്കളില്‍ ചെറിയൊരു ശതമാനം മാത്രമാണു സഹകരണ ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതു എന്നതു സത്യമല്ലേ ?

തീര്‍ച്ചയായിട്ടും നമ്മുടെ സഹകരണ ബാങ്കുകള്‍ പ്രാപ്തമാണ്. എത്രയോ സംഘങ്ങള്‍ കിടപിടിച്ചു നില്‍ക്കുന്നു. കാരണം , ഇവിടെ കൂടുതല്‍ പലിശ കൊടുക്കുമായിരുന്നു. ഇപ്പോഴല്ലേ നിയന്ത്രണങ്ങള്‍ വന്നത് ? ഒരുപാട് മാറ്റങ്ങളുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളികളും എന്‍ജിനിയര്‍മാരും ചേരുന്ന 1500-ഓളം പേരുള്ള വലിയൊരു സഹകരണ പ്രസ്ഥാനമല്ലേ ? ഇന്നു കേരളത്തിലെ ഏറ്റവും വലിയ കരാറുകാര്‍ അവരല്ലേ ? ഏതാണ്ട് 5000 കോടി രൂപയുടെ വര്‍ക്ക് അവര്‍ക്കുണ്ട്. ആലപ്പുഴ ജില്ലയില്‍ത്തന്നെ ആയിരം കോടിയുടെ വര്‍ക്കുണ്ട്. മറ്റു കരാറുകാരെല്ലാം അതിനുതാഴെ മാത്രമാണ്. അപ്പോള്‍ കിടപിടിക്കാന്‍ കഴിയുമെന്നുറപ്പാണ്. സഹകരണ സ്ഥാപനങ്ങള്‍ എന്നാല്‍ ജനങ്ങളുടെ ശക്തിയല്ലേ ? ഐകമത്യം മഹാബലം എന്നല്ലേ ? സഹകരണ സ്ഥാപനത്തില്‍ വലിയ ശമ്പളമല്ലേ കിട്ടുന്നത് ? ശമ്പളം, സ്വാതന്ത്ര്യം എല്ലാമില്ലേ അവിടെ ? 60,000 ജീവനക്കാരുണ്ട്. ഒരു പ്യൂണിനുപോലും വിരമിക്കുന്ന കാലത്ത് 60,000 രൂപ ശമ്പളമുണ്ടാകും. യുവാക്കളില്‍ സഹകരണ ബാങ്കുകളോടു സഹകരിക്കുന്നവര്‍ കുറവാണ് എന്നത് ഒരു നിരീക്ഷണമാണ്. വ്യക്തമായി പറയാന്‍ പറ്റില്ല. കാരണം, നമ്മള്‍ അതിനെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ല. പക്ഷേ, തങ്ങളുടെ നിക്ഷേപം സഹകരണ ബാങ്കിലേക്കു കൊണ്ടുപോകുന്നതിനു യുവാക്കളില്‍ പ്രത്യേക താല്‍പ്പര്യമൊന്നും കാണുന്നില്ല. അതു ശരിയാണ്. അവര്‍ക്കു ന്യൂജന്‍ ബാങ്കിലേക്കു കൊണ്ടുപോകാനാണു താല്‍പ്പര്യം.

കേരളത്തില്‍ സഹകരണ മേഖലയുടെ സ്വാധീനം ഇന്നത്തെ നിലയില്‍ തുടര്‍ന്നും നിലനില്‍ക്കും എന്നു താങ്കള്‍ കരുതുന്നുണ്ടോ ?

നിലനില്‍ക്കും. അത് ഒരു കാലത്തും ഇല്ലാതാകുന്നതല്ല. മനുഷ്യസമൂഹത്തെ നിലനിര്‍ത്തുന്നതുതന്നെ സഹകരണമാണല്ലോ. സഹകരണം ഒരു പ്രപഞ്ച നിയമമാണ്. അതാര്‍ക്കും തകര്‍ക്കാന്‍ കഴിയുന്നതല്ല. പ്രപഞ്ചം നിലനില്‍ക്കുന്നതും സഹകരണം കൊണ്ടല്ലേ ? ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രതിഭാസങ്ങള്‍ തമ്മില്‍ സഹകരിക്കുന്നതുകൊണ്ടല്ലേ ? ഇതു വേര്‍പെട്ടുപോയാല്‍ എന്തുചെയ്യും ? അപ്പോള്‍ അത് ഒരു ശാസ്ത്രമാണ്. പോസിറ്റീവും നെഗറ്റീവും തമ്മില്‍ യോജിച്ചുനില്‍ക്കുകയാണ്. വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ യോജിക്കുകയാണ്. നെഗറ്റീവും നെഗറ്റീവും തമ്മിലും പോസിറ്റീവും പോസിറ്റീവും തമ്മിലും യോജിക്കില്ല. പ്രപഞ്ചം നിലനില്‍ക്കുന്നതുപോലെ വിപരീതങ്ങളുടെ ഐക്യമാണ്. പലതരം സ്വഭാവമുള്ള മനുഷ്യര്‍ സഹകരിച്ചു ജീവിക്കുന്നതുകൊണ്ടാണു മനുഷ്യസമൂഹമുള്ളത്. ആ ഒരു പ്രതിഭാസം നിലനില്‍ക്കുന്നിടത്തോളം കാലം ഹൃദയത്തില്‍ സഹകരണ സ്വഭാവമുണ്ടാകും. ഇല്ലെങ്കില്‍ മനുഷ്യന്‍ നശിച്ചുപോകും. പാവപ്പെട്ടവര്‍ കുറച്ചുകുറച്ചു വീതം പൈസ ബാങ്കിലിട്ടാല്‍ അവന് ഒന്നിച്ചു കുറേ പൈസ കിട്ടും. വേറെ എവിടെയാണ് ഇതു സൂക്ഷിച്ചുവെക്കാന്‍ കഴിയുക ? ന്യൂ ജനറേഷന്‍ ബാങ്കില്‍ വെക്കാന്‍ പറ്റുമോ? മനുഷ്യ സമൂഹമുള്ള കാലത്തോളം സഹകരണം നിലനില്‍ക്കും സഹകരണം നിലനില്‍ക്കുന്ന കാലത്തോളം സഹകരണ ബാങ്കുകളും നിലനില്‍ക്കും.

ബാങ്കിങ് നിയന്ത്രണ നിയമം നമ്മുടെ സഹകരണ മേഖലയുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ടോ ?

തീര്‍ച്ചയായും. ഏതൊരു നിയന്ത്രണവും സഹകരണ മേഖലയെ ബാധിക്കും. കാരണം, ഇതൊരു കണ്‍ട്രോള്‍ഡ് ഡെമോക്രസിയാണ്. പരസ്പരം സഹകരണത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജനാധിപത്യം. ആ ജനാധിപത്യം മറ്റുള്ളിടത്തില്ല. അവിടെ ബ്യൂറോക്രസിയാണ്. അപ്പോള്‍ തീര്‍ച്ചയായും നിയന്ത്രണം വരുന്തോറും സഹകരണ മേഖലയുടെ ആന്തരിക വികാസമില്ലാതാകും. സഹകരണ മേഖലയ്ക്ക് ആന്തരിക വികാസമുണ്ടാകണം. സഹകരണ നിയന്ത്രണങ്ങളല്ലാതെ റിസര്‍വ് ബാങ്കിന്റെ ബ്യൂറോക്രാറ്റിക് നിയമങ്ങള്‍ ഇതിനെ തകര്‍ക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിന്റെ സേവനസ്വഭാവം കുറയും. ഉദാഹരണത്തിന് ഒരു സഹകരണ സംഘത്തിനു അരി കൊടുക്കാം. സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കു പുസ്തകം കൊടുക്കാം. സ്‌കോളര്‍ഷിപ്പു കൊടുക്കാം. ദേശീയ ബാങ്കുകള്‍ക്ക് അതു പറ്റില്ല. റിസര്‍വ് ബാങ്ക് സമ്മതിക്കില്ല. അപ്പോള്‍ അത്തരം നിയന്ത്രണങ്ങള്‍ പാടില്ല. ഇപ്പോഴും സഹകരണ ബാങ്കുകള്‍ കൊടുക്കുന്നുണ്ട്. എന്നാലും വളരെക്കുറഞ്ഞു. സഹകരണ സംഘങ്ങള്‍ ഈ സ്‌കൂളുള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ചെയ്യുന്നത് ? അവരുടെ ലാഭത്തില്‍ നിന്ന് അവര്‍ക്കു കൊടുക്കാം. ഇപ്പോള്‍ അതിനെല്ലം ഒരു നിയന്ത്രണം വന്നു.

കേരളത്തില്‍ സഹകരണ സന്ദേശം ചെന്നെത്താത്ത മേഖലകള്‍ ഇനിയുമുണ്ടോ ?

ഉണ്ട്. പല സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ട്. സഹകരണ സംഘം എല്ലാ പഞ്ചായത്തിലും നഗരത്തിലുമുണ്ടെങ്കിലും ഇതൊന്നും ചെന്നെത്താത്ത ജനവിഭാഗങ്ങള്‍ ഇപ്പോഴുമുണ്ട്. ഇപ്പോള്‍ ഫിഷര്‍മെന്‍ സഹകരണ സംഘം തീരപ്രദേശത്തുണ്ട്, ട്രൈബല്‍ സംഘങ്ങളുണ്ട്. സഹകരണ സംഘമുണ്ടെങ്കിലും അതിലേക്ക് ആകര്‍ഷിക്കപ്പെടാത്ത ജനവിഭാഗമുണ്ടാകും. അവരുടെയിടയില്‍ സഹകരണ സന്ദേശം എത്തിക്കുക എന്നതു നിലവിലുള്ള സഹകാരികളുടെ ഉത്തരവാദിത്വമാണ്. അതവര്‍ ചെയ്യുന്നില്ല. അതൊക്കെ നിര്‍ത്തി. ഒരു പ്രാഥമിക സഹകരണ സംഘം ഒരു കാര്‍ഷിക മേഖലയിലുണ്ടെങ്കില്‍ അതിന്റെ പരിധിയിലുള്ള എല്ലാ കൃഷിക്കാരുടെ വീടുകളിലും പോയി മെംബര്‍ഷിപ്പ് ചേര്‍ക്കണമെന്നാണ്. അതു ചെയ്യുന്നില്ല. ഇപ്പോള്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്താല്‍ തങ്ങളുടെ പാനല്‍ ജയിക്കില്ല എന്ന തോന്നലാണ്. അതുകൊണ്ട് അംഗത്വം നിയന്ത്രിക്കുകയാണ്. അതു സഹകരണതത്വത്തിന് എതിരാണ്. തങ്ങള്‍ ജയിക്കണമെങ്കില്‍ തങ്ങളുടെ രാഷ്ട്രീയത്തോടു യോജിക്കാത്ത ആരെയും ചേര്‍ത്തുകൂടാ എന്ന ചിന്താഗതി വരുന്നതോടെ സഹകരണ ജനാധിപത്യത്തിന്റെ വ്യാപനം തടയുകയാണ്. അതു ദോഷമാണ്. ആ പരിധിയിലുള്ള എല്ലാ കൃഷിക്കാര്‍ക്കും മെംബര്‍ഷിപ്പ് കൊടുക്കുക. ഈ സഹകരണ സംഘം ഭാരവാഹികള്‍ നന്നായിട്ട് ഭരിക്കുകയാണെങ്കില്‍ രാഷ്ട്രീയം മറന്ന് അവര്‍ വോട്ടു കൊടുക്കും. അങ്ങനെ പെര്‍ഫോമന്‍സില്‍ക്കൂടി സഹകാരികളെ ആകര്‍ഷിക്കുന്നതിനു പകരം രാഷ്ടീയം പറഞ്ഞ് ആകര്‍ഷിക്കുന്ന രീതി സഹകരണ സംഘത്തിനു നല്ലതല്ല. സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടി അങ്ങനെ ഉദ്ദേശിക്കുന്നില്ല. നല്ല സംഘമുണ്ടാക്കാനാണു പറയുന്നത്. മറ്റു പാര്‍ട്ടികളില്‍പ്പെട്ട ആളുകളെക്കൂടി ആകര്‍ഷിച്ച് ഇടതുപക്ഷക്കാരായ സഹകാരികളുടെ ഭരണം നല്ലതാണെന്ന് അവരെക്കൊണ്ടു പറയിപ്പിക്കുകയാണു വേണ്ടത്. പക്ഷേ, എല്ലായിടത്തും അങ്ങനെ നടക്കുന്നുവെന്ന് എനിക്കു പറയാന്‍ കഴിയില്ല.

Leave a Reply

Your email address will not be published.