സഹകരണസംഘങ്ങൾ വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 90 %വും പൂർത്തിയായി: പെൻഷൻവിതരണംചെയ്തവർക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയോ ഇൻഷുറൻസ് പദ്ധതിയോ വേണമെന്ന ആവശ്യം ശക്തമാകുന്നു.

adminmoonam

സംസ്ഥാനത്തു സഹകരണസംഘങ്ങൾ വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 90 %വും പൂർത്തിയായി. സംഘങ്ങൾ വഴി പെൻഷൻവിതരണംചെയ്തവർക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയോ ഇൻഷുറൻസ് പദ്ധതിയോ വേണമെന്ന ആവശ്യം ശക്തമാകുന്നു. തിങ്കളും ചൊവ്വയുമായി പൂർണ്ണമായി പൂർത്തീകരിക്കപ്പെടും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് സഹകരണസംഘങ്ങൾ അതിഅസാധാരണമായ കാലഘട്ടത്തിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത്. കേരളത്തിൽ ഏകദേശം 25,000ത്തിനും 30,000ത്തിനും ഇടയിൽ ആളുകളാണ് സഹകരണ സംഘങ്ങൾ വഴി പെൻഷൻ വിതരണത്തിൽ ഏർപ്പെട്ടത്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് പ്രഖ്യാപിച്ചതുപോലെ പ്രത്യേക സുരക്ഷാ പാക്കേജോ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയോ ഇതുവരെയും സഹകരണ മേഖലയിലെ ഇത്തരം ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ആവശ്യവുമായി വിവിധസഹകരണ സംഘടനകളും ജീവനക്കാരും രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ ആവശ്യം പറയുന്ന സമയം ശരിയല്ല എന്നതിനാൽ വലിയ പ്രചാരണത്തിന് ഇവർ മുതിരുന്നില്ല.

സഹകരണമേഖലയിൽ ആർക്കെങ്കിലും അസുഖം പിടിപെട്ടു കഴിഞ്ഞാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും എന്നും വ്യാപനം തടയാൻ ബുദ്ധിമുട്ട് നേരിടുമെന്നും സഹകരണ രംഗത്തുള്ള ജീവനക്കാരും സഹകാരികളും പറയുന്നു. ആരോഗ്യ വകുപ്പ് നൽകിയ മുഴുവൻ മുൻകരുതലുകളും പൂർണമായും ഉൾക്കൊണ്ടാണ് സഹകരണ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്തത്. 27 മുതൽ വിതരണം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടപ്പോഴും അതിനുമുമ്പുതന്നെ വിതരണം ആരംഭിച് പല സഹകരണ സംഘങ്ങളും മാതൃക കാട്ടി. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തവർ/ കളക്ഷൻ ഏജന്റ്മാർ, സംഘം ജീവനക്കാർ എന്നിവരെ അതാത് ഭരണസമിതിയും സംഘത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും നിർബന്ധിത കൊറന്റായിനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പല സഹകരണ സംഘങ്ങളും ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ സഹകരണ ജീവനക്കാർക്ക് അർഹിക്കുന്ന പരിഗണന സഹകരണ വകുപ്പിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതി ജീവനക്കാരുടെ സംഘടനകൾക്കും ജീവനക്കാർക്കും സഹകാരികൾക്കുമുണ്ട്. സഹകരണവുമായി ബന്ധപ്പെട്ട പലവേദികളിലും ഇത് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണ്. എന്നാൽ സർക്കാർ അതിഗുരുതരമായ സാമ്പത്തിക സാമൂഹ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യം ആയതിനാൽ ആവശ്യത്തിന്റെ ഒച്ച പൊങ്ങുന്നില്ല എന്ന് മാത്രം. എങ്കിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് സഹകരണ വകുപ്പ് ജീവനക്കാരും സഹകരണ ജീവനക്കാരും. സർക്കാരിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി നിൽക്കാറുള്ളത് സഹകരണമേഖല ആണ് എന്ന് ഓർമ്മിപ്പിക്കാനും ഇവർ മറക്കുന്നില്ല. അത്രയും ദുഷ്കരവും ഭീതിജനകമായ സാഹചര്യത്തിൽകൂടിയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണവും സഹകരണ കൺസ്യൂമർ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരും. അതിനിടെയാണ് ബാക്കിയുള്ള മൂന്നു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഏപ്രിൽ 15നകം വിതരണം ചെയ്യേണ്ടതായി വരും എന്ന തരത്തിൽ സഹകരണ വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. അങ്ങനെ വരികയാണെങ്കിൽ പുതിയ കളക്ഷൻ ഏജന്റ് മാരെയും ജീവനക്കാരെയും കണ്ടെത്തേണ്ടിവരും എന്ന ആശങ്കയും സഹകാരികൾക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്കുമുണ്ട്. സഹകരണമേഖലയിൽ ഉള്ളവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മുഴുവൻ സഹകാരി സമൂഹവും.

Leave a Reply

Your email address will not be published.