സഹകരണസംഘങ്ങൾ ഒത്തു ചേർന്നുള്ള കൺസോർഷ്യങ്ങൾക്ക് രൂപം നൽകണം.

adminmoonam

ഒരു പ്രദേശത്തിൻറെ വികസന സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തി നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹകരണസംഘങ്ങൾക്ക്സാധിക്കും.സഹകരണസംഘങ്ങൾ ഒത്തു ചേർന്നുള്ള കൺസോർഷ്യങ്ങൾക്ക് രൂപം നൽകുന്നതവഴി പ്രാദേശികമായുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനും അതുവഴി സർക്കാരിന്റെ നിരവധി ധനസഹായം ലഭ്യമാക്കാനും സാധിക്കും. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ രാമനുണ്ണിയുടെ ലേഖനം-21.

നമ്മുടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് അനുവർത്തിക്കാൻ കഴിയുന്ന നല്ല ഒരു മാതൃകയെ കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത് .

തൃശ്ശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് ആണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 2017 ൽ ഈ പ്രദേശത്ത് കടുത്ത വരൾച്ച ഉണ്ടാവുകയും, ജലക്ഷാമം മൂലം മിക്കവാറും വിളകൾ നശിച്ചു പോവുകയും ചെയ്തു . ഈ സാഹചര്യത്തിൽ കാർഷികമേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുകൊണ്ട് ബാങ്ക് ആരംഭിച്ച പ്രവർത്തനമാണ് മഞ്ഞൾ കൃഷി. മഞ്ഞൾ തെരഞ്ഞെടുക്കുന്നതിന് കാരണം വളരെ കുറച്ചു ജലം മാത്രമേ ഈ വിള പ്രയോജനപ്പെടുത്തുകയുള്ളൂ എന്നതിനാലാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എന്ന സ്ഥാപനമാണ് ഇവർക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കിയത് . ഇത്തരം പ്രദേശത്ത് നന്നായി വളരുന്നതും , കുർക്കുമിൻ (Curcumin) ധാരാളമായി ഉള്ളതുമായ ഒരിനം മഞ്ഞൾ ആണ് അവർ ഇവർക്കായി നൽകിയത്. ‘പ്രതിഭ’ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ഞളിൻറെ 16 കിലോ വിത്ത് തമിഴ്നാട്ടിലെ സത്യമംഗലം എന്ന പ്രദേശത്തുനിന്ന് ലഭ്യമാക്കുകയുണ്ടായി . ഇത് 56 കർഷകർക്കായി വിതരണം ചെയ്തു .26 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത് . തുടർന്ന് ആമ്പല്ലൂർ സഹകരണസംഘവും, വട്ടണാത്ര സഹകരണ സംഘവും ഒത്തുചേർന്ന് ഒരു കൺസോർഷ്യത്തിന് രൂപം നല്കി. കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ മഞ്ഞളും സഹകരണ സംഘങ്ങൾ തന്നെ തിരികെ വാങ്ങി , ‘സുഭക്ഷ്യ ‘ എന്നപേരിൽ വിപണിയിൽ എത്തിച്ചു . ഇവിടെനിന്നും മറ്റു പ്രദേശങ്ങൾക്ക് മഞ്ഞൾ വിത്തുകൾ വാങ്ങാൻ IISR ആരംഭിച്ചു. ഇതോടെ കർഷകർക്ക് വിപണി കണ്ടെത്തുക എന്ന പ്രശ്നം ഇല്ലാതായി. സാധാരണയായി ഏറെ മായം ചേർക്കപ്പെടുന്ന ഒരു വസ്തുവാണ് മഞ്ഞൾപൊടി. അതുകൊണ്ടുതന്നെ വിശ്വാസ്യതയും, ഗുണമേന്മയുള്ള മഞ്ഞപ്പൊടിക്ക് നല്ല ഡിമാൻഡ് ഉണ്ട്. കുർക്കുമിൻറെ അളവ് ഇതിൻറെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു .

തുടർന്ന് ഈ കൃഷിയുടെ വ്യാപനത്തിനു വേണ്ടി അളഗപ്പനഗർ പഞ്ചായത്തിന് സമീപത്തുള്ള മറ്റ് പഞ്ചായത്തുകളിലെ സഹകരണ സ്ഥാപനങ്ങളും, ജില്ലയുടെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്ന ആറിലേറെ സഹകരണസംഘങ്ങളും ഒത്തുചേർന്ന് കൺസോർഷ്യം വിപുലീകരിച്ചു. ഇതിൽ അംഗങ്ങളായി കൃഷിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരുനൂറോളം ആയി വർദ്ധിച്ചു. കൃഷി 100 ഏക്കറിലേക്ക് വ്യാപിച്ചു.
ഈ ഘട്ടത്തിൽ നബാർഡ്, നാച്ചുറൽ റിസോഴ്സ് മാനേജ്മെൻറ് പ്രോഗ്രാമിൻറെ ( Natural Resource Management- NRM) ഭാഗമായി Intergrated Development programme നടപ്പിലാക്കുന്നതിനായി ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ചുമതലപ്പെടുത്തി. ആടുവളർത്തൽ, മഞ്ഞൾ കൃഷി, വാഴ കൃഷി, ആടിന് ആവശ്യമായ തീറ്റ, പച്ചക്കറി കൃഷി എന്നിവയിലൂടെ അംഗങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, പ്രദേശത്തെ ജലക്ഷാമ ത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ആയി കിണറുകൾ റീചാർജ് ചെയ്യുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് സമഗ്ര വികസന പദ്ധതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൻറെ ഭാഗമായി 50 Joint Liability Group (JLG) കളിൽ ഉൾപ്പെടുന്ന 200 കുടുംബങ്ങൾക്കാണ് രണ്ടു കോടി രൂപ വായ്പ അനുവദിച്ചത്. ഈ വായ്പ തൃശൂർ ജില്ലാ സഹകരണ ബാങ്ക് വഴി ആണ് നൽകിയത്. ഇതിൻറെ ഭാഗമായി 15 ലക്ഷം രൂപ ഗ്രാൻഡ് ആയി അനുവദിച്ചു .ഇത് പ്രയോജനപ്പെടുത്തി മഞ്ഞൾ കൃഷിയുടെ മൂല്യവർധന, ആടുവളർത്തലിൻറെ ഭാഗമായി ഉണ്ടാകുന്ന ഉപ ഉത്പന്നങ്ങളുടെ വിപണനം എന്നീ പ്രവർത്തനങ്ങളാണ് ആരംഭിച്ചത് .

ഈ പദ്ധതിയ്ക്ക് കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി വിജ്ഞാന കേന്ദ്രം, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സേവനവും സമന്വയിപ്പിക്കുന്നു. ഇത്തരത്തിലുള്ള സേവന സമന്വയമാണ്, ഈ പദ്ധതിയുടെ എടുത്തു പറയേണ്ട പ്രത്യേകത. ഒരു പ്രദേശത്തിൻറെ വികസന സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തി നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്നുവെന്നതാണ് ഈ മോഡലിൻറെ പ്രസക്തി ഈ കൺസോർഷ്യം വളരെ ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു . നമ്മുടെ സംസ്ഥാനത്ത് ഇത്തരം ആവശ്യങ്ങൾക്കായി സഹകരണസംഘങ്ങൾ ഒത്തു ചേർന്നുള്ള കൺസോർഷ്യത്തിന് രൂപം നൽകുന്നത് ആദ്യമായാണ്. ഈ കൺസോർഷ്യം നിലവിൽ രണ്ടുകോടി രൂപ പ്രയോജനപ്പെടുത്തി ക്കൊണ്ട് മേൽസൂചിപ്പിച്ച പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഇതിൻറെ ഭാഗമായി അജമാംസ രസായനം വിപണിയിൽ എത്തിക്കുവാൻ കഴിഞ്ഞു .ആട്ടിൻ മൂത്രം ആയുർവേദ മരുന്ന് ഉത്പാദിപ്പിക്കുന്നതിലേക്കായി ഔഷധി വാങ്ങുന്നുണ്ട് . അജാ മൃതം എന്നപേരിൽ ആട്ടിൻകാട്ടം വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. സുഭക്ഷ്യ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ഞൾപൊടി സംസ്ഥാനത്ത് വിപണിയിൽ ഗണ്യമായ സ്ഥാനം നേടിക്കഴിഞ്ഞു.

ചുരുക്കത്തിൽ കേരളത്തിൽ ഫലപ്രദമായി സഹകരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന നല്ല മാതൃകയാണ് ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത് . സമീപഭാവിയിൽ ഇവർ ഒരു പ്രൊഡ്യൂസർ കമ്പനിക്ക് രൂപംനൽകാൻ പദ്ധതികൾ തയ്യാറാക്കി വരുന്നു.
ഡോ എം.രാമനുണ്ണി 9388555988

Leave a Reply

Your email address will not be published.

Latest News
error: Content is protected !!