സഹകരണസംഘം നിയമപരിഷ്‌കരണം: കരടു ബില്‍ തയാറാക്കാന്‍ മൂന്നംഗ സമിതി

Deepthi Vipin lal

കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കുന്നതിനു നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും പഠിച്ച് കരടു ബില്‍ തയാറാക്കുന്നതിനു സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ്, സഹകരണ പരിശീലനകേന്ദ്രം റിട്ട. പ്രിന്‍സിപ്പല്‍ മദനചന്ദ്രന്‍ നായര്‍, റിട്ട. അസി. രജിസ്ട്രാര്‍ എന്‍.ജി. പ്രദീപ്കുമാര്‍ എന്നിവരാണു സമിതിയംഗങ്ങള്‍. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ലോ ഓഫീസറാണു സമിതിയുടെ കണ്‍വീനര്‍.

മൂന്നംഗ സമിതിയെ സഹായിക്കാന്‍ നാലു ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയചന്ദ്രന്‍ ( അസി. രജിസ്ട്രാര്‍, കാട്ടാക്കട ), അയ്യപ്പന്‍ നായര്‍ ( നോഡല്‍ ഓഫീസര്‍, ഐ.ടി ), ബിജുപ്രസാദ് ( അസി. രജിസ്ട്രാര്‍ ), പത്മകുമാര്‍ എന്നിവരാണിവര്‍. ദൈനംദിനാടിസ്ഥാനത്തില്‍ സമയബന്ധിതമായി യോഗം ചേര്‍ന്നു കരടു തയാറാക്കുന്നതിനും സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം നേരിടുന്നതിനുമായി സമിതിയെ സഹായിക്കലാണു ഈ ഉദ്യോഗസ്ഥരുടെ ചുമതല.

സഹകരണ മേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഭാവിവികസനത്തിനു അടിത്തറ നല്‍കാവുന്ന രീതിയില്‍ കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കുന്നതിനു 2019 ജൂലായ് രണ്ടിന്റെ ഉത്തരവനുസരിച്ചാണ് ഒരു സമിതി രൂപവത്കരിച്ചത്. ഈ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നിയമനിര്‍ദേശങ്ങളില്‍ മേല്‍നടപടി സ്വീകരിക്കാന്‍ കോവിഡ് കാരണം കഴിഞ്ഞിരുന്നില്ല. സഹകരണ രംഗത്ത് ഉയര്‍ന്നുവരുന്ന ആശാസ്യകരമല്ലാത്ത പ്രവണതകള്‍ അവസാനിപ്പിക്കാനും സംഘങ്ങളുടെ വളര്‍ച്ചക്ക് അനുയോജ്യമായ രീതിയില്‍ നിയമഭേദഗതി വരുത്താനുമാണു സമഗ്രമായ നിയമപരിഷ്‌കരണം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും പഠിച്ച് പ്രായോഗികവും നിയമപരവുമായ വ്യവസ്ഥകളുള്‍പ്പെടുത്തി സമഗ്ര നിയമ പരിഷ്‌കരണത്തിനുള്ള കരടു ബില്‍ തയാറാക്കുകയാണു മൂന്നംഗ സമിതിയുടെ ചുമതല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!