സഹകരണവകുപ്പില്‍ പ്രമോഷന് വിലക്ക്

moonamvazhi

സഹകരണവകുപ്പിലെ ഗസറ്റഡ് ഇതരജീവനക്കാരുടെ പ്രമോഷന്‍ ഒരു വര്‍ഷത്തോളമായി തടഞ്ഞു വെച്ചിരിക്കുന്ന നടപടിയില്‍ കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സഹകരണവകുപ്പ് വൈിധ്യവല്‍ക്കരണത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുവേണ്ടി സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്‍സ്‌പെക്ടര്‍മാരുടെയും ആഡിറ്റര്‍മാരുടെയും പ്രമോഷന്‍ അന്യായമായി തടഞ്ഞു വെച്ചിരിക്കുകയാണ്. ഡെപ്യൂട്ടി രജിസ്ട്രാര്‍ മുതല്‍ മുകളിലോട്ടുള്ള ഉയര്‍ന്ന തസ്തികകളില്‍ യഥാസമയം പ്രമോഷന്‍ നടക്കുന്നുണ്ടെങ്കിലും താഴെക്കിടയിലുള്ള പ്രമോഷന്‍ മരവിപ്പിച്ചിരിക്കുന്നമട്ടാണുള്ളത്.

കരുവന്നൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സഹകരണവകുപ്പിലെ 1981 ലെ സ്റ്റാഫ് പാറ്റേണും, ആഡിറ്റ് കേഡറൈസേഷനും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണെങ്കിലും നിലവില്‍ ടീം ആഡിറ്റ് നടപ്പിലാക്കിയിട്ടുള്ള ജില്ലകളില്‍ പോലും അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്‍ രജിസ്ട്രാര്‍ തസ്തികകളിലെ കുറവ് നികത്തുവാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 2022 ജൂലൈ 13 നുശേഷം അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികളിലേക്ക് പ്രമോഷനുകള്‍ നടന്നിട്ടില്ല. അതിനു ശേഷം വിരമിക്കല്‍ മൂലവും മറ്റും എല്ലാമാസങ്ങളിലും ഒഴിവ്വന്നിട്ടുണ്ടെങ്കിലും പ്രമോഷന്‍മുകള്‍ത്തട്ടില്‍ മാത്രം ഒതുങ്ങി.

ആഡിറ്റര്‍മാരുടെ അപര്യാപ്തതമൂലം സാമ്പത്തികവര്‍ഷം അവസാനിക്കുന്നമുറയ്ക്ക് സമയബന്ധിതമായി ആഡിറ്റ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ജനറല്‍ വിഭാഗത്തിന്റെ ജോലി നിര്‍വഹണത്തിന് പ്രധാനതസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയുമാണുള്ളത്. മേല്‍പ്പറഞ്ഞ പ്രമോഷനുകള്‍ നടക്കാത്തതു മൂലം റാങ്ക്‌ലിസ്റ്റില്‍ നിലവിലുള്ളഉ ദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിലഭിക്കുന്നതിനുള്ള സാധ്യതയ്ക്കു മങ്ങലേല്പിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിന്   സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇടുക്കിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി.ജയേഷ്, സി.പി.പ്രിയേഷ്, സെബാസ്റ്റ്യന്‍മൈക്കിള്‍, സിബു.എസ്.പി.കുറുപ്പ്, ഷാജി.എസ്, യു.എം.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News