സഹകരണമേഖലയുടെ ഉന്നമനം പ്രധാനം

moonamvazhi

കേരളസര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. അതിന്റെ കാരണങ്ങളിലേക്കു കടക്കുന്നില്ല. പക്ഷേ, ഈ സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം സഹകരണമേഖലയിലും പ്രതിഫലിക്കുന്നുണ്ട് എന്ന കാര്യം മറന്നുകൂടാ. അതില്‍ ആശങ്കപ്പെടേണ്ടതുണ്ട്. സാധാരണജനങ്ങള്‍ സ്വരുക്കൂട്ടുന്ന സമ്പാദ്യമാണു സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപമായി മാറുന്നത്. ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ നിക്ഷേപമായുണ്ട്. അതില്‍ നിന്നെടുത്താണു പല ഘട്ടങ്ങളിലും സഹകരണമേഖല സര്‍ക്കാരിനെ സഹായിക്കുന്നത്. ഇങ്ങനെ ജനങ്ങളെ സഹായിക്കാനായി സംസ്ഥാനസര്‍ക്കാരിനു കൊടുത്ത കോടിക്കണക്കിനു രൂപ താല്‍ക്കാലികമായെങ്കിലും സഹകരണസംഘങ്ങള്‍ക്കു കിട്ടാക്കടമായി മാറിയിരിക്കുകയാണ്. തിരിച്ചുതരും എന്ന ഉറപ്പില്‍ വിശ്വസിച്ചാണു സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ സംഘങ്ങള്‍ ഈ ധനസഹായങ്ങളൊക്കെ നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരെങ്ങനെ സംഘങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കും എന്നതൊരു ചോദ്യമാണ്. സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നല്‍കിയ വായ്പയും കാര്‍ഷിക കടാശ്വാസം നല്‍കിയ വിഹിതവും പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയതിലുള്ള സഹായവുമൊക്കെ ഇങ്ങനെ തിരിച്ചുകിട്ടാനുണ്ട്. ചില സംഘങ്ങളില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണു കൂനി•േല്‍കുരുപോലെ ഇത്തരം സാമ്പത്തികപ്രശ്‌നങ്ങളും സഹകരണമേഖലയെ പ്രയാസത്തിലാക്കുന്നത്. അതുപോലെ, ഏറെ പ്രതീക്ഷയോടെ സഹകരണമേഖലയില്‍ തുടക്കമിട്ട ചില പദ്ധതികളും എങ്ങുമെത്താത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. കോ-ഓപ് മാര്‍ട്ട് പദ്ധതിയും കോ-ഓപ് കേരള പദ്ധതിയും ഉദാഹരണം. എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട് എന്ന വിപണനശൃംഖല സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് 2020 ല്‍ പ്രഖ്യാപിച്ച പദ്ധതി മരവിച്ചുകിടക്കുന്നു. 270 സഹകരണഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റേതു മാത്രമായുണ്ട്. ഇവയെ കോ-ഓപ് കേരള ബ്രാന്റിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയും പാളിപ്പോയ മട്ടാണ്.

പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാന്‍ സഹകരണമേഖലയ്ക്കു കരുത്തു പകരേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സഹകരണമേഖലയിലേക്കു കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നമ്മള്‍ നടത്തണം. ഈ വിഷയത്തില്‍ തമിഴ്‌നാടിന്റെ മാതൃക സ്വീകരിക്കാവുന്നതാണ്. ആശയപരമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും തമിഴ്‌നാട്ടിലേക്കു കൂടുതല്‍ കേന്ദ്രഫണ്ട് എത്തിക്കാന്‍ ആ സംസ്ഥാനം ഉത്സാഹം കാണിക്കുന്നുണ്ട്. കേന്ദ്രപദ്ധതികളെ ഗൗരവത്തോടെ കാണണം. ഏതു വകുപ്പിലെ പദ്ധതികളായാലും അവയൊക്കെ സഹകരണസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്യണം. താഴെത്തട്ടിലെ എല്ലാ പദ്ധതികളും സഹകരണസംഘങ്ങളെ മുന്‍നിര്‍ത്തിയാവണം നടപ്പാക്കേണ്ടത് എന്ന കേന്ദ്രനയം സ്വാഗതാര്‍ഹമാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സാമ്പത്തികപങ്കാളിയായി സഹകരണസംഘങ്ങളെ മാറ്റണമെന്ന കാഴ്ചപ്പാടാണു കേരളത്തിന്റേത്. പ്രാഥമിക സഹകരണബാങ്കുകളെ തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കാക്കി മാറ്റണമെന്ന നിര്‍ദേശവും കേരളനയത്തിലുണ്ട്. പക്ഷേ, ഇതൊന്നും പ്രായോഗികതലത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. ഇക്കാര്യത്തിലൊന്നും അമാന്തം പാടില്ല. സഹകരണമേഖലയുടെ ഉന്നമനത്തിലാണു നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. – എഡിറ്റര്‍

Leave a Reply

Your email address will not be published.