സഹകരണമേഖലയിൽ അമിതമായ രാഷ്ട്രീയവൽക്കരണമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

adminmoonam

സഹകരണ രംഗത്ത് അമിതമായ രാഷ്ട്രീയവൽക്കരണം കടന്നുവരുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കേരള സഹകരണ വേദിയുടെ അഞ്ചാം സംസ്ഥാന സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ പ്രശ്നങ്ങളെ വിമർശിക്കണമെങ്കിൽ ആ രംഗത്ത് നമുക്ക് മതിയായ സ്വാധീനം ഉണ്ടാകണം. ഈ രംഗത്തെ പുഴുക്കുത്തുകൾക്കെതിരെ സന്ധിയില്ലാതെ മുന്നോട്ടു പോകണമെന്നും കാനം ആഹ്വാനം ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വഴി കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട് എല്ലാവർക്കും ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമിട്ടാണ് കേരള ബാങ്ക് യാഥാർത്ഥ്യമാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സഹകരണമേഖല പ്രവർത്തിക്കണമെന്നും കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും സഹകരണമേഖലകെതിരെ വാളോങ്ങി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യൻ ബാങ്കിംഗ് മേഖല ഇന്ത്യൻ മൂലധനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന മേഖലയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്കിനെ പോലും ദുർബലമാകുന്ന നടപടികളാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത് കേരള മോഡലും കേരളത്തിന്റെ വികസനത്തിലും സഹകരണമേഖലയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു ദിവസത്തെ സമ്മേളനത്തിലെ ഉദ്ഘാടന സെഷനിൽ കെ.ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ, എൻ ദാമോദരൻ നായർ, മണിയമ്മ എന്നിവരാണ് പ്രസിഡിയം കമ്മറ്റിയിൽ ഇരുന്നുകൊണ്ട് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published.