സഹകരണമേഖലയില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍: കേരളസര്‍ക്കാര്‍ സാധ്യത ആരായുന്നു

moonamvazhi

കേരളത്തില്‍ സഹകരണമേഖലയില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നു. സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സിജിന്‍ ബി.ടി. സഹകരണമന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തിലാണു സഹകരണ ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ എല്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

നവകേരളത്തിന്റെ സൃഷ്ടിയില്‍ തൊഴിലായും വരുമാനമായും ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഫുട്ബാള്‍മേഖലയില്‍ സംസ്ഥാനത്ത് ആകെ രണ്ടു പ്രൊഫഷണല്‍ ക്ലബ്ബുകളേയുള്ളുവെന്നു സിജിന്‍ ഇക്കഴിഞ്ഞ മേയില്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നാട്ടിലെ ഫുട്ബാള്‍ ക്ലബ്ബുകള്‍ മിക്കതും ചാരിറ്റബിള്‍ സൊസൈറ്റി ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്നവയാണ്. കൂടാതെ, പൊതുമേഖലയിലുള്ള ഒന്നോ രണ്ടോ ടീമുകള്‍ക്കു പ്രൊഫഷണല്‍ ക്ലബ്ബുകളായി മാറാനുള്ള അടിസ്ഥാനവിഭവങ്ങളുമില്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ വലിയ വ്യവസായങ്ങളില്ലാത്തതും പ്രൊഫഷണല്‍ ക്ലബ്ബുകള്‍ ഉയരാത്തതിനു കാരണമാണ്. ഈയവസ്ഥക്കുള്ള പരിഹാരമാണു ആരാധകരുടെ ഉടമസ്ഥതയിലുള്ള സഹകരണ ഫുട്ബാള്‍ ക്ലബ്ബുകള്‍- സിജിന്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ആസ്ഥാനമായുള്ള സ്പോര്‍ട്സ് മാനേജ്മെന്റ് – സ്പോര്‍ട്സ് എന്‍ജിനിയറിങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( എസ്.എം.ആര്‍.ഐ ) നടത്തിയ പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നു സിജിന്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ ഫുട്ബാള്‍ ക്ലബ്ബുകളില്‍ ഭൂരിഭാഗവും സാധാരണക്കാരായ ഫുട്ബാള്‍ ആരാധകരുടെ ഉടമസ്ഥതയിലാണു പ്രവര്‍ത്തിക്കുന്നതെന്നു സിജിന്‍ വ്യക്തമാക്കുന്നു. റയല്‍ മാഡ്രിഡ്, എഫ്.സി. ബാര്‍സിലോണ, അത്ലെറ്റിക്കോ ബില്‍ബാവോ, ബയണ്‍ മ്യൂണിച്ച്, ബൊക്ക ജൂണിയേഴ്സ്, എസ്.എല്‍. ബെന്‍ഫിക്ക തുടങ്ങിയവ ഉദാഹരണം. സ്പെയിന്‍, അര്‍ജന്റീന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഭൂരിഭാഗം ക്ലബ്ബുകളും നടത്തുന്നത് ആരാധകരാണ്. ജര്‍മനിയില്‍ ക്ലബ്ബുകളുടെ 51 ശതമാനം ഓഹരി ആരാധകരുടെ നിയന്ത്രണത്തിലായിരിക്കണമെന്നു നിയമംതന്നെയുണ്ട്. വിദേശത്ത് അടച്ചിടല്‍ഭീഷണി നേരിട്ടിരുന്ന ഒട്ടേറെ ക്ലബ്ബുകളെ സംരക്ഷിച്ചത് ആരാധകരുടെ സാമ്പത്തിക ഇടപെടലുകളാണ് – അദ്ദേഹം വിശദീകരിക്കുന്നു.

ആരാധകരുടെ നിയന്ത്രണത്തിനുള്ള സഹകരണ ഫുട്ബാള്‍ ക്ലബ്ബുകളുടെ സവിശേഷതകള്‍ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ സിജിന്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ആരാധകരുടെ ഉടമസ്ഥതയും നിയന്ത്രണവും നിക്ഷേപവുമുള്ള ഇത്തരം ക്ലബ്ബുകള്‍ക്കായി സര്‍ക്കാര്‍ ഒരു രൂപപോലും ചെലവാക്കേണ്ടതില്ല. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു ക്ലബ്ബെങ്കിലും തുടങ്ങണം. സംസ്ഥാനതലത്തില്‍ ഒരു മദര്‍ക്ലബ്ബാവാം. ഒരു ക്ലബ്ബില്‍ കുറഞ്ഞതു മൂന്നു ലക്ഷവും കൂടിയാല്‍ ഒമ്പതു ലക്ഷവും അംഗങ്ങളാവാം. ഒരു ഓഹരിയുടെ മൂല്യം ആയിരം രൂപ. ക്ലബ്ബിന്റെ ഏറ്റവും കുറഞ്ഞ മൂലധനം 30 കോടി രൂപ. ക്ലബ്ബ് വ്യത്യസ്ത ബിസിനസ്സുകളില്‍ ഏര്‍പ്പെടണം. ഒരു ക്ലബ്ബിന്റെ വാര്‍ഷികവിറ്റുവരവ് ഏതാണ്ട് 100 കോടി രൂപയായിരിക്കും. ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ത്തന്നെ നേരിട്ടുള്ള 500 തൊഴിലവസരമെങ്കിലും സൃഷ്ടിക്കാന്‍ ഒരു ക്ലബ്ബിനു കഴിയും.

ഒരു രൂപപോലും ചെലവാക്കാതെ സര്‍ക്കാരിനു തൊഴിലവസരങ്ങളും വരുമാനവുമുണ്ടാക്കാമെന്നതാണു സര്‍ക്കാരിനുള്ള പ്രധാനനേട്ടം. സഹകരണക്ലബ്ബുകളിലെ കളിക്കാര്‍ പ്രൊഫഷണലുകളായിരിക്കും. അതിനാല്‍ അവര്‍ക്കു സര്‍ക്കാര്‍ജോലികള്‍ നല്‍കേണ്ടതില്ല. നിലവിലെ സ്റ്റേഡിയങ്ങളും മറ്റും പാട്ടത്തിനോ വാടകയ്ക്കോ എടുത്തു സഹകരണക്ലബ്ബുകള്‍ പരിപാലിക്കും. ഇതുമൂലം സര്‍ക്കാരിനു വരുമാനമുണ്ടാകും.

കേരളത്തില്‍ സഹകരണമേഖലയില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങണമെന്ന ആശയം രണ്ടു വര്‍ഷം മുമ്പ് ആദ്യം അവതരിപ്പിച്ചതു ‘ മൂന്നാംവഴി ‘ സഹകരണമാസികയാണ്. ‘ സഹകരണം ഫുട്ബാളിലുമാകാം ‘ എന്ന തലക്കെട്ടില്‍ മൂന്നാംവഴിയുടെ 2020 ഏപ്രില്‍ ലക്കത്തില്‍ സിജിനും അധ്യാപികയായ ഭാര്യ ഡോ. ആര്‍. ഇന്ദുലേഖയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച ലേഖനമെഴുതിയത്. ഈ ലേഖനത്തിന്റെ കോപ്പിയും മന്ത്രിക്കു നല്‍കിയ നിവേദനത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.