സഹകരണമേഖലയിലെ സപ്ത പഞ്ചനക്ഷത്ര ഹോട്ടല്‍ സപ്ത പ്ലാറ്റിനം ഡെപ്പോസിറ്റ് സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ആരംഭിച്ചു

moonamvazhi

സഹകരണമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട് ആന്‍ഡ് സ്പാ സഹകരണ സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചു.

സപ്തപ്ലാറ്റിനം ഡെപ്പോസിറ്റ് സ്‌കീം, സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം എന്നിങ്ങനെ രണ്ട് നിക്ഷേപ പദ്ധതികളാണ് ആരംഭിച്ചത്.ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെര്‍പേഴ്‌സണ്‍ പ്രീമ മനോജ് സപ്ത പ്ലാറ്റിനം ഡെപ്പോസിറ്റ് കാര്‍ഡും ഒളവണ്ണ വനിതാ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് ജലജയും സെക്രട്ടറി സബിതയും ചേര്‍ന്ന് സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് കാര്‍ഡും ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി.

പഠനയാത്രകള്‍ക്കും ഔദ്യോഗികയാത്രകള്‍ക്കും സപ്ത റിസോര്‍ട്ട് പ്രയോജനപ്പെടണം എന്നുളള ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ആരംഭിച്ചത്.സപ്ത പ്ലാറ്റിനം ഡെപ്പോസിറ്റില്‍ 10 ലക്ഷം രൂപ ലാഡറില്‍ നിക്ഷേപിക്കുന്ന സഹകരണസംഘങ്ങള്‍/വ്യക്തികള്‍ക്ക് നിക്ഷേപ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സപ്തയില്‍ അഞ്ച് ഡീലക്സ് മുറികള്‍ സൗജന്യ താമസത്തിന് അനുവദിക്കും. സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് ഡീലക്സ് മുറികളും സൗജന്യമായി അനുവദിക്കും. ഈ നിക്ഷേപത്തിന് പലിശയുണ്ടാവില്ല. നിക്ഷേപം നടത്തുന്നവര്‍ക്ക് ഒരേസമയം സപ്താ പ്ലാറ്റിനം കാര്‍ഡിനും, ഗോള്‍ഡു കാര്‍ഡിനും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഒരു കാര്‍ഡുടമയ്ക്ക് അര്‍ഹമായ മുറികള്‍ ഒരുമിച്ചോ, പല തീയതികളിലോ ആയി ഒരുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാം. ഒരുവര്‍ഷത്തിനകം ഈ ആനുകൂല്യം വിനിയോഗിച്ചില്ലെങ്കില്‍ അര്‍ഹത നഷ്ടപ്പെടും, അങ്ങനെയുള്ളവര്‍ക്ക് ലാഡര്‍ പലിശ നല്‍കും. ഒരുവര്‍ഷം കഴിഞ്ഞാല്‍ തുക പിന്‍വലിക്കുകയോ പുതുക്കുകയോ ചെയ്യാം. ഓരോ മുറിയിലും പരമാവധി രണ്ട് മുതിര്‍ന്നവര്‍ക്കും, ഒരു കുട്ടിക്കും താമസിക്കാം. (ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് റൂം സൗജന്യമായിരിക്കും).

ലാഡർ സപ്തയിൽ വെച്ച് സഹകരണവും ടൂറിസവും എന്ന വിഷയത്തിൽ നവംബർ 27 മുതൽ ഡിസംബർ 22 വരെ തെരഞ്ഞെടുക്കപ്പെട്ട സഹകാരികൾക്കായി നടത്തിയ സെമിനാറിൽ സപ്ത റിസോർട്ടിൽ താമസിക്കാൻ സംഘങ്ങൾക്കും സഹകാരികൾക്കും ഇളവ് അനുവദിക്കണമെന്ന് അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു ഡെപ്പോസിറ്റ് സ്കീം ലാഡർ ആരംഭിച്ചത്.

Leave a Reply

Your email address will not be published.