സഹകരണമേഖലയിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പോര്‍ട്ടലിനു ഇന്ത്യയില്‍ തുടക്കമിട്ടു

moonamvazhi

സഹകരണമേഖലയില്‍ ലോകത്താദ്യത്തെ ഇ-കോമേഴ്‌സ് പോര്‍ട്ടലിനു സഹകരണ പരിശീലനസ്ഥാപനമായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) തുടക്കം കുറിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നിറ്റ്‌കോണു ( NITCON ) മായാണു ഇതുസംബന്ധിച്ച കരാറുണ്ടാക്കിയിരിക്കുന്നത്. 1984 ല്‍ സ്ഥാപിതമായ നിറ്റ്‌കോണ്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്‍കുന്ന സ്ഥാപനമാണ്. സഹകരണസംഘങ്ങള്‍ക്കു വിപണനത്തിലും ബിസിനസ് ആശയങ്ങളിലും മതിയായ വൈദഗ്ധ്യം നല്‍കുക എന്നതാണ് ഈ ഇ-കോമേഴ്‌സ് പോര്‍ട്ടലിന്റെ ഉദ്ദേശ്യം.

‘  സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘   എന്ന ലക്ഷ്യം നേടിയെടുക്കാനാണ് ഈ ഇ-കോമേഴ്‌സ് പോര്‍ട്ടലിനു തുടക്കമിട്ടതെന്നു എന്‍.സി.യു.ഐ. ചീഫ് എക്‌സിക്യുട്ടീവ് സുധീര്‍ മഹാജന്‍ അഭിപ്രായപ്പെട്ടു. എന്‍.സി.യു.ഐ.ക്ക് ഇപ്പോള്‍ത്തന്നെ സഹകരണ സംരംഭക വികസന സെല്ലുണ്ട്. നമ്മുടെ വിദഗ്ധരായ കൈത്തൊഴിലുകാരും സഹകരണമേഖലയിലെ തൊഴിലാളികളും ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ആഗോളതല പ്ലാറ്റ്‌ഫോം സാധ്യമാക്കാന്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയൊരുക്കും – അദ്ദേഹം പറഞ്ഞു.


നമ്മുടെ കൈത്തൊഴിലാളികളുടെ കഴിവുകള്‍ക്കു രാജ്യത്തു മാത്രമല്ല ആഗോളതലത്തില്‍ത്തന്നെ അംഗീകാരം കിട്ടേണ്ടതാണെന്ന ചിന്തയില്‍ നിന്നാണു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന ആശയം രൂപം കൊണ്ടത്. ആറു മാസത്തിനകം സഹകരണ ഉല്‍പ്പന്നങ്ങള്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഡല്‍ഹിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാവും ആദ്യം അപ്‌ലോഡ് ചെയ്യുക. ഇപ്പോള്‍ത്തന്നെ സഹകരണമേഖലയിലെ കൈത്തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി എന്‍.സി.യു.ഐ. ഹാട്ട് ( NCUI  HAAT ) എന്നൊരു സംരംഭം നിലവിലുണ്ട്. ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു പുതിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനു രൂപം നല്‍കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ എന്‍.സി.യു.ഐ. ഹാട്ട് വഴി രണ്ടു കോടി രൂപയുടെ ബിസിനസ് നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News