സഹകരണബാങ്ക് ഹെഡോഫീസ് നിര്‍മണോദ്ഘാടനം നിര്‍വഹിച്ചു

[email protected]

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹകരണമേഖല മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പറളി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വളരെയേറെ സംഭാവന നല്‍കിയിട്ടുള്ള മേഖലയാണ് സഹകരണപ്രസ്ഥാനം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 60 കോടിയാണ് സഹകരണമേഖല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.വി.വിജയദാസ് എം.എല്‍.എ അധ്യക്ഷനായി.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറളി സര്‍വീസ് സഹകരണബാങ്കിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 3,63,776 രൂപയും ബാങ്കിന്റെ നടപ്പു വര്‍ഷത്തെ ചെലവ്, ബാങ്ക് പ്രസിഡന്റിന്റെ ഓണറേറിയം, ബാങ്ക് ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ് ഫീസ് എന്നിവയുള്‍പ്പെടെ 50000 രൂപ, പറളി പഞ്ചായത്ത് നല്‍കുന്ന അഞ്ച് ലക്ഷം രൂപ എന്നിവ മന്ത്രിക്ക് കൈമാറി.
നിലവില്‍ ഗ്രേഡ് വണ്‍ ബാങ്കായ പറളി സര്‍വീസ് സഹകരണ ബാങ്ക് 1921 ല്‍ ഐക്യനാണയസംഘം എന്ന പേരില്‍ ആരംഭിക്കുകയും 1961 മുതല്‍ സര്‍വീസ് സഹകരണ ബാങ്കായി മാറുകയും ചെയ്തു. 97 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ബാങ്കിന് പുതിയ മൂന്ന് ശാഖകള്‍ ആരംഭിക്കാന്‍ പദ്ധതിയുള്ളതായി ബാങ്ക് പ്രസിഡന്റ് കെ.ടി സുരേഷ് കുമാര്‍ പറഞ്ഞു.

പറളി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ.ബാബു മുഖ്യാതിഥിയായി. പറലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രാധിക, ബ്ലോക്ക പഞ്ചായത്തംഗം കെ.ശഷിജ, സഹകരണ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!