സഹകരണത്തിലൂടെ സ്വയംപര്യാപ്ത ഗ്രാമം

Deepthi Vipin lal

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണകൂടം വന്നു. 21,865 ജനപ്രതിനിധികള്‍. ജനങ്ങളെ നേരിട്ടറിയുന്ന ഭരണകര്‍ത്താക്കളാണിവര്‍. ഗ്രാമഭരണത്തിന്റെ ദിശ ഇനി വരുന്ന അഞ്ചു വര്‍ഷത്തേക്ക് നിയന്ത്രിക്കുന്നവര്‍. രാഷ്ട്രീയമാണ് ഈ ഭരണ സംവിധാനത്തിന്റെയും മത്സരത്തിന്റെയും അടിസ്ഥാനമെങ്കിലും വിശ്വാസമാണ് വോട്ടായി മാറുന്നത്. വിളിപ്പുറത്തു സഹായം കിട്ടുമെന്നും തന്റെ നാടിനെ നല്ല ദിശയിലേക്ക് കൊണ്ടുപോകുമെന്നും ഓരോ പൗരനും തോന്നുന്ന വിശ്വാസമാണത്. കൂടുതല്‍ യുവാക്കള്‍ ഭരണ പങ്കാളിത്തത്തിലെത്തി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരും ഉള്‍പ്പടെ അഭ്യസ്തവിദ്യരായവരും ഒട്ടേറെ. ഗ്രാമവികസനത്തിനു പഴയ കാഴ്ചപ്പാടല്ല ഇപ്പോള്‍ നമുക്കുള്ളത്. സ്വയംപര്യാപ്തതയും ജനക്ഷേമവുമാണ് ലക്ഷ്യം. സ്വപ്‌നങ്ങള്‍ പദ്ധതികളാവുകയും ആസൂത്രണം ഭാവനാത്മകമാവുകയും ചെയ്യുമ്പോഴാണ് ക്ഷേമഗ്രാമങ്ങളുണ്ടാകുന്നത്. ഗ്രാമവികസനത്തിനു സഹകരണ മേഖലയ്ക്ക് ഏറെ ചെയ്യാനാവും. ഗ്രാമീണ ജനാധിപത്യ ബോധത്തിനു സഹകരണ സംഘങ്ങള്‍ നല്‍കിയ പാഠം വലുതാണ്. ജനകീയ കൂട്ടായ്മയുടെയും പരസ്പരാശ്രിത നിലപാടിന്റെയും ജനാധിപത്യ ഭരണക്രമത്തിന്റെയും ഉദാത്തമായ ഉദാഹരണമാണ് ഒരു സഹകരണ സംഘം. മൂന്നരക്കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ രണ്ടു കോടിയാളുകള്‍ സഹകരണ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനാല്‍, പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും പ്രാദേശിക ഭരണകൂടം സഹകരണ സംഘങ്ങളെക്കൂടി ഭാഗമാക്കിയാല്‍ അത് പുതിയൊരു കാല്‍വെപ്പിനു തുടക്കമാവും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളുടെയും ഒട്ടേറെ സഹായ പദ്ധതികളാണ് സഹകരണ സംഘങ്ങള്‍ക്കായുള്ളത്. മാലിന്യ സംസ്‌കരണം മുതല്‍ ഭക്ഷ്യവിതരണം വരെ ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കാവും. ഒരു പഞ്ചായത്തിനു സ്വന്തം നിലയില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് പരിമിതികള്‍ ഏറെയാണ്. തനത് വരുമാനത്തിന്റെ കുറവാണ് കാരണം. സഹകരണ സംഘങ്ങളെ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്താല്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാനാവും. അതതു പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് വായ്പ ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കി കാര്‍ഷിക വിളകള്‍ സംഭരിക്കുക, ഇവ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള സംരംഭങ്ങള്‍ തുടങ്ങുക, അവയ്ക്ക് വിപണി ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ സഹകരണ സംഘങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനാവും. അതിനുള്ള പദ്ധതികള്‍ ഒട്ടേറെയുണ്ട്. ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ സഹകരണ സംഘങ്ങളെ പങ്കാളിയാക്കിയുള്ള വകുപ്പ് ഏകോപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അത് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിനൊപ്പം, ഗ്രാമത്തിനുവേണ്ട എല്ലാ പദ്ധതികള്‍ക്കും സഹകരണ കാഴ്ചപ്പാടുണ്ടായാല്‍ ക്ഷേമഗ്രാമം പിറക്കും. കൂട്ടായ ഉത്തരവാദിത്തത്തിലൂടെ സ്വയംപര്യാപ്ത ഗ്രാമം തീര്‍ക്കാന്‍ പുതിയ ജനപ്രതിനിധികള്‍ക്ക് കഴിയട്ടെ.

‘ മൂന്നാംവഴി ‘ യുടെ മാന്യ വരിക്കാര്‍, വായനക്കാര്‍, എഴുത്തുകാര്‍, പരസ്യദാതാക്കള്‍ എന്നിവര്‍ക്ക് പുതുവത്സരാശംസകള്‍.

– എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News