സഹകരണം വിജയമന്ത്രമാക്കി എമിലിയ റൊമാന്യ

വി.എന്‍. പ്രസന്നന്‍

ലോകശ്രദ്ധ പിടിച്ചുപറ്റിയ സഹകരണപ്രസ്ഥാനമാണു വടക്കന്‍ ഇറ്റലിയിലെ എമിലിയ റൊമാന്യയിലേത്. 1860 കളില്‍ സഹകരണസ്ഥാപനങ്ങള്‍ പിറവിയെടുത്ത പ്രദേശമാണ് എമിലിയ റൊമാന്യ. ഫാസിസ്റ്റുകളില്‍നിന്നു സഹകരണപ്രസ്ഥാനത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവിടെ ഒട്ടേറെ സഹകാരികള്‍ വധിക്കപ്പെട്ടിട്ടുണ്ട്. എമിലിയ റൊമാന്യയുടെ ഇപ്പോഴത്തെ പ്രശസ്തിക്കു പിറകില്‍ ഇവരുടെ ജീവത്യാഗവുമുണ്ട്. സഹകരണസ്ഥാപനങ്ങളാണ് തൊഴിലില്ലായ്മ തീരെയില്ലാത്ത ഈ പ്രദേശത്തിന്റെ സാമ്പത്തികഘടനയുടെ അടിസ്ഥാനം. ദേശീയ ശരാശരിയേക്കാള്‍ ഇവിടെ പ്രതിശീര്‍ഷവരുമാനം 30 ശതമാനം കൂടുതലാണ്. കോര്‍പ്പറേറ്റ് വിജയമാതൃകയ്ക്കു വിരുദ്ധമായ ആശയങ്ങളും പ്രയോഗരീതികളുംകൊണ്ടാണ്
എമിലിയ റൊമാന്യയിലെ സഹകരണപ്രസ്ഥാനം ഈ നേട്ടമുണ്ടാക്കിയത്.

 

സഹകരണവകുപ്പ് ഇക്കഴിഞ്ഞ ഏപ്രിലില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തിയ എക്‌സ്‌പോയിലെ ഒരു സെമിനാറില്‍ സംസ്ഥാനആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ ഏറെ പ്രശംസിച്ച ഒന്നാണു വടക്കന്‍ ഇറ്റലിയിലെ എമിലിയ റൊമാന്യയിലെ സഹകരണപ്രസ്ഥാനം. കേരളത്തിലെ സഹകരണപ്രസ്ഥാനം സഹകരണവന്‍ശക്തികളെ സൃഷ്ടിച്ചു സംസ്ഥാനവരുമാനത്തിന്റെ മൂന്നിലൊന്നും നേടിത്തരുംവിധം എമിലിയ റൊമാന്യയിലെ സഹകരണപ്രസ്ഥാനംപോലെ വളരണമെന്നാണ് അദ്ദേഹം പറഞ്ഞത്. സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്ഘടനയെക്കുറിച്ചു ലോകതൊഴിലാളിസംഘടനയും മറ്റും ചിന്തിക്കുകയാണെന്നു സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (സേവ) പ്രസിഡന്റ് സോണിയാ ജോര്‍ജ് മറ്റൊരു സെമിനാറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹികഐക്യദാര്‍ഢ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സഹകരണപ്രസ്ഥാനമാണ് എമിലിയ റൊമാന്യയിലേത്. സഹകരണമേഖലയില്‍ സക്രിയമായ പൗരസമൂഹമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിജയകരമായ വാണിജ്യസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാവും എന്നതിന്റെ മികച്ച ഉദാഹരണമാണത്. സമൂഹികതാല്‍പ്പര്യത്തിന്റെയും സാമ്പത്തികജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ സാമ്പത്തികശാസ്ത്രത്തെയും പ്രയോഗത്തെയും വിലയിരുത്താനുളള ഉരകല്ലായിരിക്കുകയാണ് എമിലിയ റൊമാന്യ.

ജീവിതം ഇവിടെ
സുഖകരം

വടക്കന്‍ഇറ്റലിയില്‍ 39 ലക്ഷം ജനങ്ങളുള്ള പ്രദേശമാണിത്. ഇറ്റലിയുടെ ജനസംഖ്യയുടെ ഏഴു ശതമാനമാണിത്. ഏറ്റവും കൂടുതലാളുകള്‍ താമസിക്കുന്നതു തലസ്ഥാനമായ ബളോണിയ ( Bologna ) യിലാണ്; 3,80,000 പേര്‍. ആല്‍പ്‌സ് പര്‍വതത്തിന്റെ താഴ്‌വരയിലാണ് എമിലിയ റൊമാന്യ. കൃഷിഭൂമികള്‍ നിറഞ്ഞ പ്രദേശം. ലോകത്തു തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ സര്‍വകലാശാല ബളോണിയയിലേതാണ്. ഇറ്റലിയില്‍ ഏറ്റവും സുഖകരമായി ജീവിക്കാവുന്ന സ്ഥലമാണിത്. നവോത്ഥാനകാലംമുതല്‍ പ്രസിദ്ധമാണു ബളോണിയ.

കലകളുടെയും കരകൗശലവേലകളുടെയും കേന്ദ്രമാണ് എമിലിയ റൊമാന്യ. ഈ മേഖലയുടെ വരുമാനത്തിന്റെ വലിയൊരുഭാഗം കലകളിലും കരകൗശലകൈവേലകളിലുംനിന്നാണ്. ഇറ്റലിയില്‍ സാംസ്‌കാരികകാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക പ്രതിശീര്‍ഷം ചെലവാക്കപ്പെടുന്നതു ബളോണിയയിലാണ്. ഈ മേഖലയിലെ കമ്പനികളുടെ 41.5 ശതമാനം സ്വയംതൊഴില്‍ കണ്ടെത്തിയ കരകൗശലവേലക്കാരുടെതാണ്. ആര്‍ട്ടിഗിയാനാറ്റി (artigianati) എന്നാണ് ഇവര്‍ ഇറ്റാലിയന്‍ഭാഷയില്‍ അറിയപ്പെടുന്നത്. ഇത്തരം 90 ശതമാനത്തിലേറെ സ്ഥാപനങ്ങളിലും അമ്പതില്‍ത്താഴെമാത്രമാണു ജീവനക്കാര്‍. ഇത് ഇവിടത്തെ സ്ഥാപനങ്ങളുടെ പൊതുസ്വഭാവമാണ്.

39 ലക്ഷത്തോളം ജനങ്ങളേയുള്ളൂവെങ്കിലും 90,000 ഉല്‍പ്പാദനസംരംഭങ്ങള്‍ എമിലിയ റൊമാന്യയിലുണ്ട്. ലോകത്തേറ്റവും സംരംഭനിബിഡമായ പ്രദേശങ്ങളിലൊന്നാണിത്. പന്ത്രണ്ടു പേരിലൊരാള്‍വീതം സ്വയംതൊഴില്‍ കണ്ടത്തിയവരാണ്. അഥവാ ചെറിയ ബിസിനസ് നടത്തുന്നവരാണ്. ഇവിടത്തെ വ്യാവസായികോല്‍പ്പന്നങ്ങളില്‍ പകുതിയും കയറ്റുമതി ചെയ്യപ്പെടുകയാണ്. 1970 ല്‍ ഇറ്റലിയിലെ ഇരുപതു മേഖലകളില്‍ സാമ്പത്തികമായി പതിനേഴാം സ്ഥാനത്തായിരുന്ന എമിലിയ റൊമാന്യ ഇന്നു രണ്ടാംസ്ഥാനത്താണ്. യൂറോപ്യന്‍യൂണിയന്റെ മികച്ച 122 സാമ്പത്തികമേഖലകളില്‍ പത്താംസ്ഥാനം എമിലിയ റൊമാന്യയ്ക്കാണ്. തൊഴിലില്ലായ്മ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. പ്രതിശീര്‍ഷവരുമാനം ദേശീയ ശരാശരിയേക്കാള്‍ 30 ശതമാനവും യൂറോപ്യന്‍ശരാശരിയേക്കാള്‍ 27.6 ശതമാനവും കൂടുതലാണ്. ഇവിടത്തുകാര്‍ വളരെ സംരംഭകതല്‍പ്പരരാണ്. ഒപ്പം, മികച്ച ഭക്ഷണവും വസ്ത്രവും ഭൗതികസൗകര്യങ്ങളും ഇഷ്ടപ്പെടുന്നവരും. അതുകൊണ്ടു ലോകത്ത് ഏറ്റവും ഉയര്‍ന്നജീവിതനിലവാരമുള്ള സ്ഥലങ്ങളിലൊന്നാണ് ഇവിടം. കോര്‍പറേറ്റ് വിജയമാതൃകയ്ക്കു വിരുദ്ധമായ ആശയങ്ങളും പ്രയോഗരീതികളുംകൊണ്ടാണ് ഇതൊക്കെ സാധിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ അനുകൂലസംസ്‌കാരമാണ് ഇതിനു പ്രധാനകാരണം. രണ്ടാംലോകയുദ്ധത്തിനുശേഷം തുടര്‍ച്ചയായി കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ഭരണകര്‍ത്താക്കളാല്‍ നയിക്കപ്പെട്ടതുമൂലം ചുവപ്പുമേഖലയായാണ് ഇവിടം അറിയപ്പെടുന്നത്. രാജഭരണത്തെയും മാര്‍പാപ്പയുടെ മേധാവിത്വത്തെയും എതിര്‍ത്ത പാരമ്പര്യമാണു ബളോണിയയ്ക്കുള്ളത്.

പൗരസമൂഹമൂല്യങ്ങളും ചെറുകിടവ്യാവസായികമുതലാളിത്തത്തിന്റെ ആവശ്യകതകളും സമന്വയിപ്പിച്ചു വ്യവസായം നടത്താന്‍ പറ്റിയ തത്വങ്ങളും പ്രായോഗികരീതികളും ഇവിടെ ആവിഷ്‌കരിച്ചു. ഇത് എമിലിയന്‍ മാതൃക എന്നറിയപ്പെടുന്നു.

എമിലിയന്‍
മാതൃക

പ്രാദേശിക ഉല്‍പ്പാദനസംവിധാനമുള്ള ചെറുസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ആഗോളവിപണിക്കുതകുംവിധം പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമുള്ള സംരംഭകത്വഘടയാണ് ഇതിന്റെ കാതല്‍. സഹകരണസ്ഥാപനങ്ങളുടെ മാത്രം കാര്യമല്ല ഇത്. സഹകരണസ്ഥാപനത്തെക്കുറിച്ചുള്ള പരമ്പരാഗതപരികല്‍പ്പന ആഗോളവിപണിക്കായി പ്രവര്‍ത്തിക്കുന്ന ചെറുകിടസ്ഥാപനങ്ങളുടെ ആവശ്യകതകള്‍ക്കുകൂടി ഇണങ്ങുംവിധം പരുവപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. വ്യവസായജില്ലകളില്‍ സഹകരണശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിടസ്ഥാപനങ്ങളാണ് എമിലിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനം. സാമ്പത്തികോന്നമനത്തിനു സഹകരണത്തിന്റെയും പരസ്പരോപകാരത്തിന്റെയും പരസ്പരനേട്ടത്തിന്റെയും തത്വങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. സര്‍ക്കാരാകട്ടെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തെ സക്രിയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സഹകരണ
സ്ഥാപനങ്ങളുടെ പങ്ക്

ഇവിടത്തെ സാമ്പത്തികഘടനയുടെ അടിസ്ഥാനം സഹകരണസ്ഥാപനങ്ങളാണ്. ഇറ്റലിയിലെ 43,000 സഹകരണസ്ഥാപനങ്ങളില്‍ പതിനയ്യായിരവും ഇവിടെയാണ്. യൂറോപ്പിലെ ഏറ്റവും സഹകരണകേന്ദ്രിത മേഖലകളിലൊന്നാണിത്. ബളോണിയയില്‍ മൂന്നില്‍ രണ്ടുപേരും ഏതെങ്കിലും സഹകരണസ്ഥാപനത്തില്‍ അംഗമായിരിക്കും. മിക്കവരും നിരവധി സഹകരണസ്ഥാപനങ്ങളില്‍ അംഗത്വമുള്ളവരായിരിക്കും. മേഖലയുടെ മൊത്തആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 40 ശതമാനത്തിലേറെയും സഹകരണസ്ഥാപനങ്ങളില്‍നിന്നാണ്. സാമ്പത്തിക സ്പിന്‍ഓഫുകളും ( മാതൃകമ്പനി രൂപവത്കരിക്കുന്ന സ്വതന്ത്രസ്ഥാപനങ്ങള്‍ ) ഉല്‍പ്പാദന, വിതരണ, പരിശീലന, വിപണന ശൃംഖലകളിലുള്ള പങ്കാളിത്തവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇതു വീണ്ടും കൂടും.

ഇറ്റലിയിലെ ഏറ്റവും വലിയ സഹകരണഫെഡറേഷനായ ലീഗാ കോ-ഓപ് (Legacoop) 2,02,700 പേര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. ചില്ലറവില്‍പ്പന, നിര്‍മാണം, കാര്‍ഷികോല്‍പ്പാദനം, ഭവനനിര്‍മാണം, ഉല്‍പ്പാദനം, സാമൂഹികസേവനങ്ങള്‍ എന്നീ മേഖലകളിലാണു സഹകരണപ്രസ്ഥാനങ്ങള്‍ ഏറ്റവും ശക്തം. ചില്ലറവില്‍പ്പനരംഗത്ത് ഇറ്റലിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലിഗാ കോ-ഓപ് യൂറോപ്പിലെ ഏറ്റവും വിജയകരമായ ഉപഭോക്തൃസഹകരണപ്രസ്ഥാനങ്ങളിലൊന്നാണ്. അതതുമേഖലകളിലെ ജീവനക്കാരുടെ സഹകരണസ്ഥാപനങ്ങള്‍ രൂപവത്കരിച്ചുകൊണ്ടാണു വന്‍തോതിലുള്ള എഞ്ചിനിയറിങ്, നിര്‍മാണ, പൈതൃകപുനരുജ്ജീവനപദ്ധതികള്‍ അടക്കമുള്ള മിക്ക പൊതുമരാമത്തുപ്രവൃത്തികളും നടത്തുന്നത്.

സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കപ്പുറമുള്ള സ്വാധീനം സഹകരണസ്ഥാപനങ്ങള്‍ക്കുണ്ട്. ബോധപൂര്‍വംതന്നെ സഹകരണമൂല്യങ്ങളനുസരിച്ചു സാധനങ്ങള്‍ സംഭരിക്കുകയും വില്‍ക്കുകയും ചെയ്തതാണ് ഉപഭോക്തൃസഹകരണസ്ഥാപനങ്ങളുടെ വാണിജ്യവിജയത്തിനു കാരണം. സഹകരണപ്രസ്ഥാനത്തോട് ഉപഭോക്താക്കള്‍ക്കു വലിയ മതിപ്പുള്ളത് ഉപഭോക്തൃവിദ്യാഭ്യാസത്തില്‍ അവര്‍ കാര്യമായി ശ്രദ്ധിക്കുന്നതുകൊണ്ടും സാധനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും ഉറപ്പുനല്‍കുന്നതുകൊണ്ടുമാണ്. ജൈവഭക്ഷ്യോല്‍പ്പാദനത്തിലും പരിസ്ഥിതിഹിത കീടനിയന്ത്രണത്തിലും എമിലിയ റൊമാന്യയിലെ കാര്‍ഷികസഹകരണസ്ഥാപനങ്ങള്‍ യൂറോപ്പിലെത്തന്നെ മികച്ചവയാണ്.

സംവിധാനത്തിന്റെ
പിന്തുണ

സഹകരണ-സഹകരണേതരഭേദമില്ലാതെ മേഖലയിലെ എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും ഭരണസംവിധാനത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ സഹകരണമേഖലയുടെ പങ്ക് വളരെ വലുതാണ്. ചെറുകിട, ഇടത്തരംസ്ഥാപനങ്ങളുടെ വളര്‍ച്ചയെയും മത്സരശേഷിയെയും സഹായിക്കുന്ന പ്രത്യേകതന്ത്രങ്ങള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാരുമൊത്തു പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. സഹകരണസ്ഥാപനങ്ങള്‍ തങ്ങളുടെ അംഗങ്ങള്‍ക്കായി പങ്കുവയ്ക്കുന്ന ഗവേഷണ, വികസന, വിദ്യാഭ്യാസ, പരിശീലന, വിപണന, വിതരണ, വായ്പ, സാങ്കേതികവിദ്യാ, തൊഴിലിടസുരക്ഷാ, പരിസ്ഥിതിസംരക്ഷണസേവനങ്ങള്‍ ആഗോളവിപണിയില്‍ മത്സരിക്കാന്‍ പര്യാപ്തമാകുംവിധം ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും നല്‍കുന്നുണ്ട്.

വ്യക്തിഗതസ്ഥാപനങ്ങളെ കൂട്ടായ സംരംഭങ്ങളില്‍ സഹകരിക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി സഹകരണമാതൃകയെ വിപുലമായ വാണിജ്യസമ്പദ്‌വ്യവസ്ഥയിലേക്ക് ഉയര്‍ത്തുകയാണിവിടെ. ഇതിനായി മേഖലയില്‍ റിയല്‍ സര്‍വീസ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മേഖലാസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഇവ ആദ്യം സ്ഥാപിച്ചത്. തുണിത്തരങ്ങള്‍, ചെരിപ്പ്, സെറാമിക്‌സ്, കെട്ടിടനിര്‍മാണം, കാര്‍ഷികയന്ത്രങ്ങള്‍ തുടങ്ങിയ സുപ്രധാനമേഖലകളില്‍ ചെറുസ്ഥാപനങ്ങളെ പ്രത്യേകം സഹായിക്കുന്ന ബിസിനസ് സേവനങ്ങള്‍ നല്‍കാനാണ് ഇവ സ്ഥാപിച്ചത്. അതുകൊണ്ടു ചെറുകിടസംരംഭങ്ങളുടെ തനതുശക്തി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉല്‍പ്പാദനം സംബന്ധിച്ച ആധുനികവിജ്ഞാനം നേടാനും നടപ്പാക്കാനും വന്‍കിടകോര്‍പറേറ്റുകള്‍ക്കുള്ള അനുകൂലകാലാവസ്ഥ ഇവയ്ക്കും കിട്ടുന്നു. ഈ സേവനകേന്ദ്രങ്ങള്‍ വിപണികളെയും ഉപഭോക്തൃപ്രവണതകളെയും സാങ്കേതികവികാസങ്ങളെയും പ്രവര്‍ത്തനരീതികളെയുംപറ്റി ലോകമെങ്ങുംനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച് അംഗങ്ങള്‍ക്കു നല്‍കുന്നു. ഈ കേന്ദ്രങ്ങള്‍ ചെറുകിടസ്ഥാപനങ്ങളുടെ ആവശ്യകതകളാണു നോക്കുന്നത്. പ്രവര്‍ത്തിക്കുന്നതാകട്ടെ അവരുടെ അംഗങ്ങള്‍ കൂടുതലുള്ള വ്യവസായജില്ലകളിലും. പ്രാദേശികോല്‍പ്പാദനത്തിന് ആഗോളവിജ്ഞാനം ലഭ്യമാക്കുകയാണ് അവ ചെയ്യുന്നത്.

പ്രാദേശികസ്ഥാപനങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ പെട്ടെന്നു മൂലധനം കിട്ടാന്‍ പ്രാദേശിക കണ്‍സോര്‍ഷ്യമുണ്ട്. ഇതും ചെറുസ്ഥാപനങ്ങള്‍ക്കു വലിയ സഹായമാണ്. വായ്പാവൃത്തങ്ങള്‍ (lending circle) രൂപവത്കരിച്ചു കണ്‍സോര്‍ഷ്യം ഓരോ സ്ഥാപനത്തിലും വായ്പ ഉറപ്പാക്കുന്നു. തിരിച്ചടവിലെ വീഴ്ചയാകട്ടെ ബാങ്കുകളെ അപേക്ഷിച്ചു വളരെ കുറവുമാണ്.

സഹകരണമാതൃകയില്‍ വഴക്കമുള്ള ഉല്‍പ്പാദനശൃംഖലകളും (Flexible Manufacturing Networks) സൃഷ്ടിച്ചിട്ടുണ്ട്. ഇതു വാണിജ്യസമ്പദ്‌വ്യവസ്ഥയില്‍ എമിലിയന്‍മാതൃക എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വ്യക്തമാക്കുന്നു. സഹകരണോല്‍പ്പാദനസംവിധാനത്തില്‍ ചെറുസംരംഭങ്ങളെ കൂട്ടിയിണക്കുന്ന ബന്ധങ്ങളെയാണു വഴക്കമുള്ള ഉല്‍പ്പാദനശൃംഖലകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യവസായജില്ലകളില്‍ സ്ഥിതിചെയ്യുന്ന ഇവ ഉല്‍പ്പാദനത്തില്‍ വന്‍കോര്‍പറേറ്റുകളുടെ ശക്തിയും ചെറുസ്ഥാപനങ്ങളുടെ ഉല്‍പ്പാദനത്തോതും സ്വാതന്ത്ര്യവും വഴക്കവും നൂതനത്വവും സ്‌പെഷ്യലൈസേഷനും സംയോജിപ്പിക്കുന്നു. ഇവയിലേറെയും കുടുംബസംരംഭങ്ങളോ സഹകരണസംരംഭങ്ങളോ ആണ്. ശരാശരി 10 മുതല്‍ 20 വരെ ജോലിക്കാരേ ഉണ്ടാവൂ. അവര്‍ വളരെ സ്‌പെഷ്യലൈസ്ഡും ആധുനികസാങ്കേതികവിദ്യ സ്വായത്തമാക്കിയവരുമായിരിക്കും. ഇതുമൂലം ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളവിപണിയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് ലഭിക്കുന്ന ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്കു കഴിയുന്നു. ഉല്‍പ്പാദനശൃംഖലകളുടെ പങ്കാളിത്തംവഴിയുള്ള സഹകരണത്തിലൂടെയാണു ചെറുസംരംഭങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ വിജയിക്കാന്‍ കഴിയുന്നത്.

ഏതെങ്കിലുമൊരു പ്രാദേശികസംരംഭത്തിനു കിട്ടുന്ന കരാര്‍ നിറവേറ്റാന്‍ ഉല്‍പ്പാദനശൃംഖലയാകെ ഒരുമിച്ചു സഹകരിക്കും. ആങ്കര്‍ സ്ഥാപനം വിവിധ സ്ഥാപനങ്ങളുടെ സ്‌പെഷ്യലൈസേഷന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനത്തിലെ വിവിധകാര്യങ്ങള്‍ ചെയ്യാന്‍ അവയ്ക്ക് ഉപകരാര്‍ നല്‍കും. ഓരോ കരാറിലും ആങ്കര്‍സ്ഥാപനം മാറിമാറിവരുമെങ്കിലും ഉല്‍പ്പാദനശൃംഖലയിലെ എല്ലാ അംഗങ്ങള്‍ക്കും പരസ്പരം പരിചയമുണ്ടാവും. അവ തമ്മില്‍ വളരെക്കാലമായുള്ള സാമ്പത്തിക-സാമൂഹികബന്ധങ്ങളുണ്ടാകും. സമ്പദ്‌വ്യവസ്ഥയുടെ ജൈവഘടകങ്ങളാണു തങ്ങളെന്ന് അവര്‍ സ്വയം തിരിച്ചറിയും.

ടസ്‌കനിയിലെ പൊഗ്ഗിബോണ്‍സി നഗരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നല്ലൊരു ഉദാഹരണമാണ്. മരപ്പണിക്കും ഉരുപ്പടികളുടെ നിര്‍മാണത്തിനും പ്രസിദ്ധമാണിവിടം. എണ്‍പതില്‍പ്പരം ചെറുസംരംഭങ്ങള്‍ ഈ രംഗത്തുണ്ട്. 95 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. ഒരു ആങ്കര്‍ സ്ഥാപനത്തിന് ഒരുനിര കിച്ചണ്‍ക്യാബിനറ്റുകള്‍ പണിയാനുള്ള ഓര്‍ഡര്‍ കിട്ടിയെന്നിരിക്കട്ടെ. അവര്‍ അതിന്റെ രൂപകല്‍പന അക്കാര്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സംരംഭത്തിന് ഉപകരാര്‍ നല്‍കും. യന്ത്രങ്ങള്‍കൊണ്ട് അവ നിര്‍മിക്കുന്ന സംരംഭത്തിനാവും മറ്റൊരു ഉപകരാര്‍. പൂര്‍ണത വരുത്തുന്ന സ്ഥാപനത്തിനാവും മൂന്നാം ഉപകരാര്‍. പാക്കേജ് ചെയ്യുന്ന സ്ഥാപനത്തിനായിരിക്കും നാലാം ഉപകരാര്‍. ഇതാണു പ്രവര്‍ത്തനരീതി.

ചെറുകിട ഉല്‍പ്പാദനസംവിധാനമായതിനാല്‍ ഉല്‍പ്പാദനത്തിന്റെ ഏതു ഘട്ടത്തിലും സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനും ഉപഭോക്താക്കളുടെ പുതിയ ആവശ്യകതകളനുസരിച്ചു പ്രവര്‍ത്തിക്കാനും അധികവൈദഗ്ധ്യം തേടാനുമൊക്കെ കഴിയും. ഏതു രീതിക്കും വഴങ്ങുന്ന സംവിധാനമാണിതെന്നര്‍ഥം. മിക്ക ഇടപാടും പരിചയത്തിന്റെ പുറത്താണ്. നിയമപരമായ കരാറുകള്‍ കാര്യമായുണ്ടാകില്ല. അതുകൊണ്ട് ഇടപാടുചെലവുകള്‍ തീരെ കുറവായിരിക്കും.

പരസ്പരോപകാര
തത്വം

പൗരസമൂഹത്തിലെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്ന സമീപനങ്ങളോടും തത്വങ്ങളോടും ഏറെ സാമ്യമുള്ളവയാണ് ഈ ശൃംഖലകളുടെയും തത്വങ്ങളും സമീപനങ്ങളും. പരസ്പരോപകാരതത്വമാണ് അതില്‍ പ്രധാനം. ഇതാണവയെ വാണിജ്യാധിഷ്ഠിത സാധനവിനിമയത്തില്‍നിന്നു വ്യത്യസ്തമാക്കുന്നത്. ലാഭതത്വമല്ല വിശ്വാസത്തിലും പരസ്പരവിനിമയത്തിലും അധിഷ്ഠിതമായ ബന്ധമാണ് ഈ ശൃംഖലകളെ നയിക്കുന്നത്. തിരിച്ചുസഹായിക്കുമെന്ന പ്രതീക്ഷയോടെയുള്ള സഹായമാണിതില്‍. ഉല്‍പ്പാദനശൃംഖലകളില്‍ സഹകരണസ്ഥാപനങ്ങള്‍ ചെയ്യുന്നതും ഇതുതന്നെ. തിരികെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു സ്ഥാപനം അവരുടെ ജോലികള്‍ മറ്റു സ്ഥാപനങ്ങള്‍ക്കു പുറംകരാര്‍ കൊടുക്കുന്നത്. അതുകൊണ്ട് ഓരോ സ്ഥാപനത്തിന്റെയും വിജയം മറ്റു സ്ഥാപനങ്ങളെ ആശ്രയിച്ചിരിക്കുന്നു. പൗരസമൂഹത്തിന്റെ സക്രിയപ്രവര്‍ത്തനവും സാമൂഹികമൂലധനം സാമ്പത്തികമൂലധനമായി മാറുന്ന പ്രക്രിയയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.

സാമൂഹിക
സമ്പദ്‌വ്യവസ്ഥ

കോര്‍പറേറ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉയര്‍ച്ചയും സ്വകാര്യമേഖലയുടെ സാര്‍വത്രികമേധാവിത്വവും മൂലം പൗരസമൂഹം എന്ന പരികല്‍പന വളരെക്കാലമായി അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ പങ്കിനെയും പൊതുസേവനങ്ങളുടെ പ്രകൃതത്തെയും പറ്റിയുള്ള ചര്‍ച്ചകളില്‍ ഈ അവഗണന ഏറെ പ്രകടമായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സാമ്പത്തികക്കമ്മിയും സ്വകാര്യമേഖലയ്ക്കു കൂടുതല്‍ നന്നായി സാമൂഹികസേവനങ്ങള്‍ ചെയ്യാനാവുമെന്ന നിഗമനവും മൂലം കാനഡയിലും മറ്റും സര്‍ക്കാര്‍ പൊതുസേവനങ്ങളില്‍നിന്നു പിന്‍വാങ്ങിയിരുന്നു. ഇറ്റലിയിലും ഇതേച്ചൊല്ലി സംവാദമുണ്ടായെങ്കിലും മറ്റു യൂറോപ്യന്‍രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു ഫലം. സഹകരണപ്രസ്ഥാനവും പൗരസമൂഹവും ശക്തമായ വടക്കന്‍ഇറ്റലിയില്‍ സാമൂഹികസേവനങ്ങളെ പുരോഗമനപരമായി പരിഷ്‌കരിക്കുന്ന സാമൂഹികസഹകരണസ്ഥാപനങ്ങളുടെതായ മാതൃക ഉയര്‍ന്നുവന്നിരുന്നു. ഇറ്റലിയില്‍ മൂവായിരത്തില്‍പരം സാമൂഹികസഹകരണസ്ഥാപനങ്ങളുണ്ട്. അവയില്‍ അറുപതിനായിരത്തില്‍പരം പേര്‍ ജോലിചെയ്യുന്നു. അവരിലേറെയും ഭിന്നശേഷിക്കാരോ അരികുവത്കരിക്കപ്പെട്ടവരോ ആണ്.

1970 ല്‍ സര്‍ക്കാര്‍സഹായമില്ലാത്ത ഭിന്നശേഷിക്കാര്‍ക്കു സേവനം നല്‍കാന്‍ അവരെ പരിചരിക്കുന്നവരും ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങളുമാണു സാമൂഹികസഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയത്. അവയുടെ പ്രവര്‍ത്തനം വളരെ വര്‍ധിച്ചപ്പോള്‍ 1981 ല്‍ അവയ്ക്കു നിയമംമൂലം അംഗീകാരം നല്‍കി. 1.75 ദശലക്ഷത്തില്‍പരം ഡോളറിന്റെ വിറ്റുവരവ് ഇന്നു സാമൂഹികസഹകരണസ്ഥാപനങ്ങള്‍ക്കുണ്ട്. ഇറ്റലിയില്‍ സാമൂഹികസേവനങ്ങള്‍ക്കായി ചെലവാക്കപ്പെടുന്ന തുകയുടെ 13 ശതമാനമാണിത്. ബളോണിയയില്‍ സാമൂഹികസഹകരണസ്ഥാപനങ്ങളാണു സാമൂഹികസേവനങ്ങളുടെ 85 ശതമാനത്തിലേറെയും നല്‍കുന്നത്.

മനുഷ്യരുടെ ആവലാതികള്‍ പരിഹരിക്കാനും അവരെ ഐക്യപ്പെടുത്താനും സാമൂഹികസഹകരണസ്ഥാപനങ്ങള്‍ക്കു പ്രത്യേകതാല്‍പ്പര്യമുണ്ടെന്ന് ഇറ്റാലിയന്‍ നിയമത്തില്‍ പറയുന്നുണ്ട്. അംഗങ്ങള്‍ക്കു പരമാവധി ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിനേക്കാള്‍ സമൂഹത്തിനും പൗരര്‍ക്കും പരമാവധി നേട്ടം ഉണ്ടാക്കിക്കൊടുക്കലാണ് അവയുടെ ലക്ഷ്യം. സാമൂഹികമൂലധനം സൃഷ്ടിക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്കിനുള്ള അംഗീകാരമാണിത്. ജീവനക്കാരില്‍ 30 ശതമാനം അരികുവത്കരിക്കപ്പെട്ടവരാണെങ്കില്‍ അരികുവത്കരിക്കപ്പെട്ടവര്‍ക്കുള്ള സാമൂഹികാനുകൂല്യങ്ങള്‍ അടയ്ക്കുന്നതില്‍നിന്നു സാമൂഹികസഹകരണസ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

സാമൂഹിക
സഹകരണം

സാമൂഹികസേവന സഹകരണസ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാരെയും മുതിര്‍ന്ന പൗരരെയും കൗമാരക്കാരെയും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെയും ബഹിഷ്‌കൃതവിഭാഗങ്ങളെയും (തടവുകാരും മുന്‍തടവുകാരും മയക്കുമരുന്നടിമകളും) സേവിക്കുന്നു. സഹകരണനിയമത്തില്‍ ഈ വിഭാഗങ്ങളെ അംഗീകരിച്ചിട്ടുണ്ട്. 30 ശതമാനം ഈ വിഭാഗക്കാരെ ജോലിക്കെടുത്തിട്ടുള്ള സാമൂഹിക സഹകരണസ്ഥാപനങ്ങളെയാണു തൊഴിലാളിആനുകൂല്യങ്ങള്‍ അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ തുക സര്‍ക്കാര്‍ വഹിക്കും. മറ്റുള്ളവര്‍ തൊഴില്‍ നല്‍കാന്‍ മടിക്കുന്നവര്‍ക്കു തൊഴില്‍ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണിത്.

ബന്ധങ്ങളിലൂടെ നന്‍മകള്‍ സൃഷ്ടിക്കാമെന്നും ആ നന്‍മകള്‍ പ്രദാനം ചെയ്യാന്‍ ഏറ്റവും പറ്റിയ സംഘടനാസംവിധാനം സഹകരണപ്രസ്ഥാനത്തിന്റേതാണെന്നുമാണു സാമൂഹികസഹകരണത്തിന്റെ കാഴ്ചപ്പാട്. പരിചരണംവഴി ബന്ധങ്ങളിലൂടെ നന്‍മകള്‍ സൃഷ്ടിക്കപ്പെടുന്നു. വ്യക്തികള്‍ക്കുള്ള സേവനങ്ങളാണിവ. വ്യക്തിബന്ധങ്ങളുടെ വിനിമയമാണ് ഇവയുടെ മുഖമുദ്ര. കൊടുക്കുന്നയാളും കിട്ടുന്നയാളും തമ്മില്‍ എന്താണു കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അവര്‍ രണ്ടും ഒരുമിച്ചാലേ അതിന്റെ പരമാവധി പ്രയോജനം ലഭിക്കൂ എന്നതുമാണ് ഈ വ്യക്തിപരമായ ഇടപഴകലിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നത്. സാമൂഹികസേവനങ്ങളുടെ പ്രത്യേകതയാണിത്. വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ഭിന്നശേഷീപരിചരണവും പോലുള്ള സേവനങ്ങള്‍ ഭാഗികമായി ‘സാമൂഹികം’ കൂടിയാണ്. അവ വാണിജ്യോല്‍പ്പന്നങ്ങളല്ലല്ലോ ? വാണിജ്യഇടപാടുകളുടെ പ്രത്യേകതയായ ലാഭത്തിനായുള്ള സാധനക്കൈമാറ്റത്തില്‍നിന്നു വ്യത്യസതമാണ് ഇവയിലെ സാമൂഹികബന്ധങ്ങള്‍.

സാമൂഹികസേവനങ്ങള്‍ ലഭിക്കുന്നവരെ വ്യക്തിത്വമില്ലാത്തവരായി കാണുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ബ്യൂറോക്രസിയും അവരെ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യാനിടയുള്ള സ്വകാര്യസ്ഥാപനങ്ങളും ബന്ധങ്ങളിലൂടെ സൃഷ്ടിക്കുന്ന ഇത്തരം നന്‍മകള്‍ ചെയ്യാന്‍ പറ്റിയവരല്ല. ഈ രണ്ടു കൂട്ടരുടെ കാര്യത്തിലും പരിചരണത്തിന്റെ ഗുണനിലവാരവും പരസ്പരബന്ധവും പിന്നോട്ടടിക്കും. എന്നാല്‍, ഇതു രണ്ടുമാണു സേവനത്തിന്റെ കാതല്‍. അതുകൊണ്ടാണ് ഇതു നിര്‍വഹിക്കാന്‍ ഏറ്റവും പറ്റിയതു സഹകരണസ്ഥാപനങ്ങളാണെന്നു പറയുന്നത്.

ഇറ്റലിയില്‍ സാമൂഹിക സഹകരണസ്ഥാപനങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരം വ്യക്തമായി വിലയിരുത്താന്‍ കഴിയും. സര്‍ക്കാര്‍സംവിധാനങ്ങളേക്കാള്‍ ചെലവു കുറഞ്ഞതാണ് അവയെന്നും അനുഭവം വ്യക്തമാക്കുന്നു. എമിലിയ റൊമാന്യയില്‍ സാമൂഹിക സഹകരണസ്ഥാപനങ്ങള്‍ സര്‍ക്കാര്‍പരിപാടികളുടെ പകുതിച്ചെലവില്‍ മുതിര്‍ന്നപൗരന്‍മാര്‍ക്ക് ഉന്നതമായ പരിചരണം നല്‍കിയെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞു. കൂടുതല്‍ വഴക്കമുള്ള തൊഴില്‍വ്യവസ്ഥകള്‍, കുറഞ്ഞ തൊഴില്‍ച്ചെലവ്, കൂടുതല്‍ കാര്യക്ഷമമായി സേവനം നല്‍കാന്‍ തൊഴിലാളികള്‍ക്കുള്ള പ്രതിബദ്ധത തുടങ്ങിയവ ഇതിനു കാരണങ്ങളാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയെ നിലനിര്‍ത്താന്‍ വേണ്ടിവരുന്നതുപോലുള്ള ചെലവുകള്‍ ഇതിനു വേണ്ടതാനും.

മിക്ക സാമൂഹിക സഹകരണസ്ഥാപനങ്ങളും തൊഴിലാളിസഹകരണസ്ഥാപനങ്ങളാണ്. പ്രൊഫഷണലുകളാണ് അവയിലെ അംഗങ്ങള്‍. അവ 10-12 പേരുള്ളവ മുതല്‍ സി.എ.ഡി.എ.ഐ. പോലെ അഞ്ഞൂറില്‍പരം പേരുള്ളവ വരെയുണ്ട്. മേഖലയിലെ ഏറ്റവും വലിയ സാമൂഹികസഹകരണസ്ഥാപനമാണു സി.എ.ഡി.എ.ഐ. ആരോഗ്യരംഗത്തും മുതിര്‍ന്നപൗരരുടെ പരിചരണത്തിലും നിരവധി സേവനങ്ങള്‍ അവര്‍ നല്‍കുന്നുണ്ട്. മിക്കപ്പോഴും മുനിസിപ്പലധികൃതര്‍ക്കോ മറ്റു പൊതുസ്ഥാപനങ്ങള്‍ക്കോ ആണു സാമൂഹിക സഹകരണസ്ഥാപനങ്ങള്‍ സേവനം നല്‍കുന്നത്. ഇത്തരം കരാറുകള്‍ ടെണ്ടറിലൂടെയാണു നേടേണ്ടതെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, മുതിര്‍ന്നപൗരരുടെ പരിചരണം തുടങ്ങിയ സേവനങ്ങള്‍ ലാഭം നോക്കാത്ത സംഘടനകളെയോ സഹകരണസ്ഥാപനങ്ങളെയോ മാത്രമേ ഏല്‍പ്പിക്കൂ.

സര്‍ക്കാര്‍സംവിധാനങ്ങളെ അപേക്ഷിച്ചു സാമൂഹിക സഹകരണസ്ഥാപനങ്ങള്‍ക്കുണ്ടായ വിജയവും വളര്‍ച്ചയും സാമൂഹികവിപണിയുടെ സൃഷ്ടിയെക്കുറിച്ചു ഗൗരവമായ ചിന്തകള്‍ക്കു വഴി തെളിച്ചു. ഈ വിപണിയില്‍ സേവനങ്ങള്‍ ഏറെയും നല്‍കുന്നതു പൗരസമ്പദ്‌വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഇവയില്‍ സര്‍ക്കാരിനു പണം നല്‍കാനും നിയന്ത്രിക്കാനുമുള്ള ചുമതലയേയുള്ളൂ. എന്നാല്‍, പൊതുവിദ്യാഭ്യാസത്തിന്റെയും ഗതാഗതത്തിന്റെയുമൊക്കെ കാര്യത്തില്‍ സര്‍ക്കാരാണു പ്രാഥമികസേവനദാതാവ്.

സേവനങ്ങളുടെ ഗുണനിലവാരത്തിന്റെയും ചെലവിന്റെയും പ്രശ്‌നം പൗരസമൂഹത്തിന്റെ പങ്ക് ഗൗരവമായി കണക്കിലെടുക്കാന്‍ ഇറ്റാലിയന്‍ ഭരണസംവിധാനത്തെ പ്രേരിപ്പിച്ചു. പുരോഗമനപരമായ ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പൗരസമൂഹം തുടര്‍ന്നു വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. അതേസമയം, പൊതുമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച സ്വതന്ത്രവിപണീപ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം മറുവശത്ത് ഇതിനെതിരായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

വിജയചരിത്രത്തിന്
മൂന്നു ഘട്ടം

എമിലിയ റൊമാന്യയിലെ സഹകരണവിജയചരിത്രത്തിനു മൂന്നു ഘട്ടമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം 1945 മുതല്‍ 1965 വരെയാണ് ഒന്നാംഘട്ടം. സഹകരണസംവിധാനങ്ങള്‍ കെട്ടിപ്പടുക്കുകയും സഹകരണവികാസം സംയോജിപ്പിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. സഹകരണപ്രസ്ഥാനങ്ങള്‍ പ്രദേശത്തിന്റെ സാമ്പത്തികനയ രൂപവത്കരണത്തില്‍ കൂടുതലായി ഇടപെടുന്നതാണ് രണ്ടാം ഘട്ടം. 1970 കളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രാദേശികസര്‍ക്കാരുകള്‍ക്കു കൂടുതല്‍ അധികാരം നല്‍കി. സാമ്പത്തികസ്വാശ്രയത്വം ഇതില്‍ പ്രധാനമായിരുന്നു. അതനുസരിച്ചു സഹകരണപ്രസ്ഥാനം കൂടുതല്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ടു സഹകരണപ്രസ്ഥാനത്തിനു മറ്റു മേഖലകളേക്കാള്‍ പ്രാദേശികസ്വയംഭരണത്തിന്റെ നേട്ടങ്ങള്‍ കൂടുതല്‍ കൊയ്യാനായി. സാമൂഹികമേഖലയിലേക്കു സഹകരണപ്രസ്ഥാനങ്ങള്‍ വന്‍തോതില്‍ കടന്നുവരുന്നതാണു എമിലിയ റൊമാന്യയിലെ സഹകരണ വിജയചരിത്രത്തിന്റെ മൂന്നാം ഘട്ടം. 1990 കളില്‍ സാമൂഹികസേവനങ്ങള്‍ നടത്താന്‍ സഹകരണസ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയിരുന്നു. സാമൂഹികസേവനങ്ങള്‍ നല്‍കിയിരുന്ന നിരവധി സര്‍ക്കാര്‍ഏജന്‍സികള്‍ സഹകരണസ്ഥാപനങ്ങളായി മാറുകയും ചെയ്തു.

1860 കളിലാണ് എമിലിയ റൊമാന്യയില്‍ സഹകരണസ്ഥാപനങ്ങളുണ്ടായത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപഭോക്തൃ, ഉല്‍പ്പാദന, കാര്‍ഷിക, ഭവനനിര്‍മാണ, ബാങ്കിങ്, ഇന്‍ഷുറന്‍സ്‌മേഖലകളിലൊക്കെ സഹകരണസ്ഥാപനങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. 1921 ല്‍ 3600 ഉപഭോക്തൃസഹകരണസംഘങ്ങളും 2700 ഉല്‍പ്പാദനസഹകരണസംഘങ്ങളുമുണ്ടായിരുന്നു. 1921 ല്‍ ഫാസിസ്റ്റുകള്‍ തൊഴിലാളിയൂണിയനുകളെയും സഹകരണസ്ഥാപനങ്ങളെയും ഇല്ലാതാക്കാന്‍ നോക്കി. 1926 ല്‍ പ്രതിപക്ഷകക്ഷികളെയും പത്രങ്ങളെയും നിരോധിച്ചു. ദേശീയ സഹകരണഫാസിസ്റ്റ് ബോര്‍ഡ് എല്ലാ സഹകരണസ്ഥാപനങ്ങളെയും ഏറ്റെടുക്കുകയും അവയുടെ സ്വയംഭരണം ഇല്ലാതാക്കുകയും ചെയ്തു. രണ്ടു ദശാബ്ദം ഇതു തുടര്‍ന്നു. ഫാസിസ്റ്റുനിയന്ത്രണത്തില്‍നിന്നു സഹകരണപ്രസ്ഥാനത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചതിനു നിരവധി സഹകാരികള്‍ വധിക്കപ്പെട്ടു. ഒട്ടേറെപ്പേര്‍ ജയിലിലടക്കപ്പെട്ടു.

1944 ല്‍ ബളോണിയയും എമിലിയ റൊമാന്യയും ജര്‍മന്‍അധിനിവേശത്തിലായിരുന്നു. ആ വര്‍ഷം റോച്ച്‌ഡേല്‍ സഹകരണപ്രസ്ഥാനത്തിന്റെ നൂറാംവാര്‍ഷികം പ്രമാണിച്ചു ബി.ബി.സി. എമിലിയ റൊമാന്യയിലെ ഒരു സഹകരണസ്ഥാപനത്തെക്കുറിച്ച് ഒരു പരിപാടി പ്രക്ഷേപണം ചെയ്‌തെങ്കിലും അതു ബ്ലാക്ക്ഔട്ട് ചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ എമിലിയ റൊമാന്യ സാമ്പത്തികമായി തകര്‍ന്നിരുന്നു. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ സഹകരണപ്രസ്ഥാനത്തിന്റെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

1945 ആഗസ്റ്റ് 25നു സഹകരണ ഫെഡറേഷന്‍ ആദ്യയോഗം ചേര്‍ന്നു. റോമില്‍ സഹകരണസംഘങ്ങളുടെ ദേശീയലീഗും യോഗം ചേര്‍ന്നു. 1947 ല്‍ പാര്‍ലമെന്റ് സഹകരണസംഘങ്ങള്‍ക്ക് സര്‍ക്കാര്‍അംഗീകാരം നല്‍കിക്കൊണ്ടുള്ള നിയമം അംഗീകരിച്ചു. സാമ്പത്തികമായി തകര്‍ന്ന എമിലിയ റൊമാന്യയില്‍ തൊഴില്‍സൃഷ്ടിക്കലും ഭവനനിര്‍മാണവും ചെറുകിടബിസിനസുകളുടെ പുനരുജ്ജീവനവും കാര്‍ഷികമേഖലയുടെ നവീകരണവും സഹകാരികള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു. യുദ്ധത്തിനുശേഷം ഇടതുപാര്‍ട്ടികളുടെ സഖ്യമാണ് അവിടം ഭരിച്ചിരുന്നത്. അവര്‍ സഹകരണപ്രസ്ഥാനത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചു.

മൂന്നു ദേശീയ
സ്ഥാപനങ്ങള്‍

ഇറ്റലിയില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കു മൂന്നു ദേശീയസ്ഥാപനങ്ങളുണ്ട്. പരസ്പരം മത്സരിക്കുന്നവയാണിവ. ചിലപ്പോഴൊക്കെ സഹകരിക്കുമെന്നു മാത്രം. ഇതില്‍ ലിഗാഗ്രൂപ്പ് ഇടത്ആശയക്കാരുടെതാണ്. കോണ്‍ഫ്‌കോ-ഓപ്പ് കത്തോലിക്കമേധാവിത്വമുള്ളതും മധ്യവലത്ആശയക്കാരുടെതുമാണ്. അസോസിയേഷന്‍ മധ്യഇടത്ആശയക്കാരുടെതും. അസോസിയേഷന്‍ ചെറിയ സ്ഥാപനമാണ്. ഇവയോടൊന്നും അഫിലിയേറ്റു ചെയ്യാതെയും ധാരാളം സഹകരണസ്ഥാപനങ്ങളുണ്ട്. 2003 ലെ കണക്കുകള്‍ പ്രകാരം എമിലിയ റൊമാന്യയില്‍ ലിഗാഗ്രൂപ്പില്‍പെട്ട സഹകരണസ്ഥാപനങ്ങളില്‍ 10 ലക്ഷം അംഗങ്ങളുണ്ട്. ഇവ 40,000 പേര്‍ക്കു തൊഴില്‍ നല്‍കുന്നു. 800 കോടി ഡോളറാണു വാര്‍ഷികവിറ്റുവരവ്. 1858 സഹകരണസ്ഥാപനങ്ങള്‍ കോണ്‍ഫ്‌കോ-ഓപ്പിലുണ്ട്. 2,85,000അംഗങ്ങളും. ഇവയും 40,000പേര്‍ക്കു തൊഴില്‍ നല്‍കുന്നു. വാര്‍ഷികവിറ്റുവരവ് 1350 കോടി ഡോളര്‍. അസോസിയേഷന് 470 സഹകരണസ്ഥാപനങ്ങളിലായി 75,000 അംഗങ്ങളാണുള്ളത്. വാര്‍ഷികവിറ്റുവരവ് 220 കോടി ഡോളര്‍. ഇവയോടൊന്നും അഫിലിയേറ്റു ചെയ്യാത്ത മൂവായിരത്തില്‍പരം സഹകരണബിസിനസുകളുണ്ട്.

ഈ നേട്ടങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങള്‍ കൂട്ടായ പ്രവര്‍ത്തനം, ഘടനാപരമായ പരിഷ്‌കരണം, ഐക്യം, പരസ്പരബന്ധം എന്നിവയാണ്.
ഓരോ സഹകരണസ്ഥാപനവും തങ്ങളുടെ മത്സരമികവ് ഏതു കാര്യത്തിലാണെന്നു നോക്കി ഏറ്റവും വരുമാനമുണ്ടാക്കാനാവുംവിധം മറ്റു സഹകരണസ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്. സഹകരണസ്ഥാപനങ്ങളുടെതടക്കമുള്ള ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ക്കു പ്രാഥമികസഹായം സര്‍ക്കാര്‍ നല്‍കും. ഓരോ മേഖലയിലും സഹകരണസ്ഥാപനങ്ങള്‍ചേര്‍ന്നു പ്രവിശ്യാടിസ്ഥാനത്തിലും പ്രവര്‍ത്തനമേഖലാടിസ്ഥാനത്തിലും ദ്വിതല സഹകരണസ്ഥാപനങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. കൃഷി, ഭവനനിര്‍മാണം, ഉപഭോക്തൃസംരക്ഷണം, തൊഴിലാളിസഹകരണം തുടങ്ങിയവയിലാണു പ്രവര്‍ത്തനമേഖലാടിസ്ഥാനത്തില്‍ സഹകരണസ്ഥാപനങ്ങളുളളത്. ഇവയില്‍ വീണ്ടും സ്‌പെഷ്യലൈസേഷന്റെ അടിസ്ഥാനത്തില്‍ സഹകരണസ്ഥാപനക്കൂട്ടായ്മയുണ്ട്. പാര്‍മെഗിയാനോ ചീസ് ഉല്‍പ്പാദിപ്പിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ കൂട്ടായ്മയും സെറാമിക്‌സ് വ്യവസായത്തിലെ സഹകരണസ്ഥാപനങ്ങളുടെ കൂട്ടായ്മയും ഉദാഹരണങ്ങള്‍. ഇത്തരം സ്ഥാപനങ്ങള്‍ വലിയ പദ്ധതികളുടെ കരാറിനായി കണ്‍സോര്‍ഷ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വികസനസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും സാമ്പത്തികമാര്‍ഗങ്ങള്‍ പ്രാപ്യമാക്കുന്നതും സഹകരണസ്ഥാപനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപങ്കാളിത്തവും ആസൂത്രണവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതുമായ സംഘടനാപരവും വികസനപരവും സാമ്പത്തികവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കു ചുമതലയുണ്ട്. പ്രത്യേകവ്യവസായങ്ങളും സഹകരണഗ്രൂപ്പുകളും ചേര്‍ന്നു ധനകാര്യസ്ഥാപനങ്ങളും സാമ്പത്തികപൂളുകളും ഉണ്ടാക്കിയിട്ടുണ്ട്. വളര്‍ന്നുവരുന്ന സഹകരണസ്ഥാപനങ്ങള്‍ക്കു മൂലധനവും വായ്പയും നല്‍കാന്‍ ദ്വിതലസഹകരണസ്ഥാപനങ്ങള്‍ വായ്പദാനവൃത്തങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഉപഭോക്തൃസഹകരണസ്ഥാപനങ്ങള്‍ അംഗങ്ങളെ സമ്പാദ്യപദ്ധതിയില്‍ ചേര്‍ക്കും. പ്രാദേശികബാങ്കുകള്‍ കൊടുക്കുന്നതിലും കൂടുതല്‍ പലിശ കൊടുക്കുകയും ചെയ്യും. ഇതുവഴി ലഭിക്കുന്ന മൂലധനം സംഘത്തിന്റെ വളര്‍ച്ചയ്ക്കു ചെലവാക്കും. ഇങ്ങനെയാണു ലിഗ ഉപഭോക്തൃസഹകരണക്കൂട്ടായ്മ ഇറ്റലിയിലെ ഏറ്റവും വലിയ ഭക്ഷ്യറീട്ടെയിലര്‍ ആയത്. ഓരോ സഹകരണസ്ഥാപനവും വാര്‍ഷികലാഭത്തിന്റെ മൂന്നുശതമാനം ദേശീയസഹകരണവികസനനിധിയില്‍ നിക്ഷേപിക്കണമെന്നുണ്ട്. ഇതിനു നികുതിയില്ല. ഈ തുക അതതുമേഖലകളിലെ സഹകരണസ്ഥാപനങ്ങളുടെ വികസനത്തിനുതന്നെ ചെലവാക്കും. മിക്ക സഹകരണസ്ഥാപനവും ലാഭത്തിന്റെ ഒരു ഭാഗം മറ്റു സഹകരണസ്ഥാപനങ്ങളില്‍ ഓഹരി നേടാനും മൂലധനപൂളുകളില്‍ നിക്ഷേപിക്കാനും വിനിയോഗിക്കും.

നിലവിലുള്ളതും പുതിയതുമായ സഹകരണസ്ഥാപനങ്ങള്‍ക്കു ലക്ഷ്യം കൈവരിക്കാനും സഹകരണസ്ഥാപനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും അടിസ്ഥാനസൗകര്യപിന്തുണയ്ക്കുള്ള മാര്‍ഗങ്ങള്‍ സഹകരണസ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഈ പിന്തുണ ഔദ്യോഗികമായും അനൗദ്യോഗികമായും ഉണ്ടാകും. സാധനങ്ങളും സേവനങ്ങളും സഹകരണസ്ഥാപനങ്ങളില്‍നിന്നുതന്നെ, അതും ആ പ്രദേശത്തുള്ളവയില്‍നിന്നുതന്നെ, വാങ്ങുന്നു. സഹകരണസ്ഥാപനങ്ങള്‍ തമ്മിലും അംഗങ്ങള്‍ തമ്മിലുമുള്ള ബന്ധവും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഓരോ അംഗത്തിനും സ്ഥാപനത്തിനും തങ്ങളുടെ നിക്ഷേപവും സംഭാവനയും വേണ്ടവിധം മതിക്കപ്പെടുന്നുവെന്നും തിരികെ കിട്ടുന്നുവെന്നും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുന്നു.

എമിലിയ റൊമാന്യയിലെ സഹകരണപ്രസ്ഥാനത്തെക്കുറിച്ചു മാര്‍ക്കും മെലിസയും വീക്കണോമികസ് (WEconomics) എന്ന ഹ്രസ്വചിത്രം നിര്‍മിച്ചിട്ടുണ്ട്. ഒറ്റയൊറ്റ വലിയ സ്ഥാപനങ്ങളെക്കാള്‍ ചെറുകിടയും ഇടത്തരവുമായ സഹകരണസ്ഥാപനങ്ങളുടെ ശൃംഖലകളാണ് ഇറ്റലിയിലെ സഹകരണപ്രസ്ഥാനത്തിന്റെ പ്രത്യേകത. വലിയ സഹകരണകോര്‍പറേഷനുകള്‍ പടുത്തുയര്‍ത്തിയ സ്‌പെയിനിലെ മോണ്‍ട്രഗോണ്‍ മാതൃകയില്‍നിന്നു പാടേ വ്യത്യസ്തമാണിത്. എമിലിയ റൊമാന്യ മാതൃകയെക്കുറിച്ചു ബളോണിയ സര്‍വകലാശാലയിലെ സാമ്പത്തികചരിത്രപ്രൊഫസര്‍ വേരാ നെഗ്രി സമാന്യ പറയുന്നു: ”ഈ മേഖല വ്യവസായവത്കൃതമാകാന്‍ തുടങ്ങിയതു അധികം വലിപ്പമില്ലാത്തതും അതീവ സ്‌പെഷ്യലൈസ്ഡും ആയ ചെറുകിടയും ഇടത്തരവുമായ സംരംഭങ്ങളുടെ വ്യാപനത്തിലൂടെയാണ്. ജനങ്ങള്‍ സ്വയംഭരണം ശീലിച്ചിരുന്നു. അവര്‍ ഏതെങ്കിലും യജമാനന്മാര്‍ക്കുവേണ്ടി പണിയെടുക്കാന്‍ ഒരുക്കമായിരുന്നില്ല. മേഖലയില്‍ സഹകരണത്വം വ്യാപിക്കാനുള്ള പ്രധാനകാരണം ഇതാണ്. ജലസമ്പത്തിന്റെ സംയുക്തനിയന്ത്രണമാണു മറ്റൊരു കാരണം. ഇറ്റലിയിലെ ഏറ്റവും വലിയ നദിയായ പോ എമിലിയ റൊമാന്യയുടെ അതിര്‍ത്തിയാണ്. അതിന്റെ പോഷകനദി അഡ്രിയാറ്റിക് കടലില്‍ പതിക്കുന്ന ഇവിടത്തെ കുറച്ചുഭാഗം സമുദ്രനിരപ്പിനും താഴെയാണ്. ശക്തമായ രാഷ്ട്രീയ, പ്രത്യയശാസ്ത്രപ്രസ്ഥാനങ്ങളും (സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്, കാത്തലിക്) സഹകരണശക്തി വര്‍ധിപ്പിക്കുകയും ഇറ്റലിയിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനങ്ങളിലേറെയും കെട്ടിപ്പടുക്കുന്നതിലേക്കു നയിക്കുകയും ചെയ്തു.”

ഇറ്റലിയിലെ ഏറ്റവും വലിയ സഹകരണസ്ഥാപനം എമിലിയ റൊമാന്യയിലെ അലിയന്‍സ 3.0 (Alleanza 3.0) ആണ്. 2016 ല്‍ സ്ഥാപിച്ച ഉപഭോക്തൃസഹകരണസ്ഥാപനമാണിത്. മൂന്നു വലിയ ഉപഭോക്തൃസഹകരണസ്ഥാപനങ്ങള്‍ ലയിച്ചാണിതു രൂപംകൊണ്ടത്. 2017 ലെ കണക്കുപ്രകാരം 370 കോടി യൂറോ ആണ് ഇതിന്റെ വാര്‍ഷിക വിറ്റുവരവ്. 12 ഇറ്റാലിയന്‍ മേഖലകളിലായി 400 വില്‍പനശാലകളുള്ള ഇതില്‍ 23 ലക്ഷംപേര്‍ അംഗങ്ങളാണ്.

എല്ലാ സര്‍ക്കാരും സഹകരണസ്ഥാപനങ്ങളെ സഹായിക്കണമെന്ന വകുപ്പ് (45 -ാം വകുപ്പ്്) ഭരണഘടനയിലുള്ള രാജ്യമാണ് ഇറ്റലി. സ്ഥാപനത്തിന്റെയോ ശൃംഖലയുടെയോ വലിപ്പമല്ല സഹകരണസമീപനമാണു വിജയത്തിലേക്കു നയിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്ന ചിന്തയാണ് എമിലിയറൊമാന്യയിലെ സഹകരണപ്രസ്ഥാനത്തെ നയിക്കുന്നത്. സഹകരണശൃംഖലകളിലൂടെയാണ് അതു നേട്ടം കൊയ്യുന്നത്. സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണമാണ് ആ വിജയത്തിന്റെ കാതല്‍.

(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published.