‘സര്‍ക്കാര്‍ കാഴ്ചക്കാരാവരുത്’ മൂന്നാംവഴി ആഗസ്റ്റ് ലക്കം എഡിറ്റോറിയല്‍
ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ സഹകരണ മേഖല പോകുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആദായനികുതിയിളവ് പോലും നിഷേധിക്കുന്ന അവസ്ഥ. ഒരു സംഘത്തിന്റെ സ്വഭാവവും ഘടനയും നിശ്ചയിക്കുന്നത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാകുമെന്ന സ്ഥിതി. ലഭിക്കാത്ത വരുമാനത്തിന് പോലും നികുതി നല്‍കേണ്ടിവരിക. 20,000 രൂപയിലധികം പണമായി ഇടപാടു നടത്തുന്നത് 100 ശതമാനം പിഴ ചുമത്തേണ്ട കുറ്റമാകുന്ന സ്ഥിതി. ഈ നിലയില്‍ പോയാല്‍ സമീപഭാവിയില്‍ കേരളത്തിലെ സഹകരണ മേഖല തകരും. ആദായനികുതിയുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ നിയമയുദ്ധം തുടങ്ങിയിട്ട് നാളേറെയായി. അനുകൂലമായ വിധി ലഭിച്ചപ്പോഴും അര്‍ഹമായ നീതി സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വിധിയിലെ പഴുത് ഉപയോഗിച്ച് വീണ്ടും വീണ്ടും സംഘങ്ങള്‍ക്ക് നികുതിയും പിഴയും ചുമത്തി നോട്ടീസ് അയക്കുകയാണ് ആദായനികുതി വകുപ്പ് ചെയ്തിട്ടുള്ളത്. ഇതിനെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്ത് സ്‌റ്റേയും വിധിയും സമ്പാദിക്കുകയാണ് സംഘങ്ങള്‍. ഒറ്റയ്‌ക്കൊറ്റയ്ക്ക് കേസ് നടത്തി ലക്ഷങ്ങളാണ് വ്യവഹാരത്തിനായി സംഘങ്ങള്‍ ചെലവഴിച്ചത്. ഈ ഘട്ടത്തിലൊന്നും സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ല എന്നത് വസ്തുതയാണ്. നിയമപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സഹകരണ മന്ത്രി കേന്ദ്രസര്‍ക്കാരിന് കത്ത് എഴുതി എന്നതുമാത്രമാണ് ഇക്കാര്യത്തിലുണ്ടായ സര്‍ക്കാര്‍ നടപടി.
സഹകരണ സംഘങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നീക്കങ്ങള്‍ക്ക് പരോക്ഷമായാണെങ്കിലും സംസ്ഥാന സര്‍ക്കാരും സഹായം ചെയ്തിട്ടുണ്ടെന്നത് നിസ്സാരമായി കാണാനാവില്ല. പേരിനൊപ്പം ബാങ്ക് എന്നു ചേര്‍ത്തിട്ടുള്ള സഹകരണ സംഘങ്ങളുടെ ട്രഷറി നിക്ഷേപത്തിന് ഉറവിടത്തില്‍നിന്നു തന്നെ നികുതി പിടിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ട്രഷറി ഡയരക്ടറാണ്. സംഘങ്ങളുടെ ജില്ലാബാങ്കുകളിലെ നിക്ഷേപത്തിനും ഇതേ രീതിയില്‍ നികുതി പിടിക്കണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാബാങ്കുകളും അംഗീകരിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ ആദായനികുതി വകുപ്പിനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടയിലാണ് ട്രഷറി ഡയരക്ടറും ജില്ലാബാങ്കുകളും ഈ സമീപനം സ്വീകരിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി വകുപ്പിലെ 80-പി. വകുപ്പ് അനുസരിച്ച് ആദായനികുതി ഇളവുണ്ടെന്ന വിശദീകരണം പോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ രണ്ടു വിഭാഗവും മനസ്സു കാണിച്ചിട്ടില്ല. കാര്‍ഷിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് നികുതി പിടിച്ചുനല്‍കേണ്ടതുണ്ടോയെന്നതില്‍ ഒരു നിയമോപദേശം തേടിയിട്ടെങ്കിലും ആകാമായിരുന്നു ട്രഷറി വകുപ്പിന്റെ നടപടി. അതും ഉണ്ടായില്ല. അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാറ്റിവെച്ചതും പൊതുനന്മാഫണ്ടും ലാഭവും ജീവനക്കാരുടെ ശമ്പളവിഹിതവുമെല്ലാം സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായി നല്‍കിയ സഹകരണ സംഘങ്ങളാണ് കേരളത്തിലേത്. പെന്‍ഷന്‍ വിതരണത്തിനും സര്‍ക്കാരിന് സഹായം നല്‍കി. ഇത്രയൊക്കെയായിട്ടും സഹകരണ മേഖലയ്ക്ക് സര്‍ക്കാര്‍ എന്തു തിരിച്ചുനല്‍കിയെന്നത് ചോദിക്കുന്നില്ല. കാരണം, സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സ്വയംപര്യാപ്തത ഈ മേഖലയ്ക്കുണ്ട്. പക്ഷേ, സഹകരണ സംഘങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ വെറും കാഴ്ചക്കാരന്റെ റോളിലേക്ക് സര്‍ക്കാര്‍ ഒതുങ്ങരുത്. അത് പൊറുക്കാനാവാത്ത അപരാധമാവും.
– എഡിറ്റര്‍