സംസ്ഥാന സഹകരണ നയം മാറ്റുന്നു; സ്റ്റാര്‍ട്ടപ്പുകളും എഫ്.പി.ഒ.കളും സംഘങ്ങള്‍ക്ക് തുടങ്ങാം

moonamvazhi
സംസ്ഥാനത്തിന്റെ സഹകരണ നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് സഹകരണ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. ഇതിനായി ഒമ്പത് മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. സഹകരണ സ്റ്റാര്‍ട്ടപ്പുകളും കര്‍ഷക ഉല്‍പാദന കൂട്ടായ്മകളും തുടങ്ങാന്‍ സംഘങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് പ്രധാന ശുപാര്‍ശ.
സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം മൂന്നാംവഴി നേരത്തെ മുന്നോട്ടുവെച്ചതാണ്. ഇതാണ് സഹകരണ കോണ്‍ഗ്രസും ഉന്നയിച്ചിട്ടുള്ളത്. ടെക്‌നോളജി, മെഡിക്കല്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സജീവമാകുന്ന കാലമാണിത്. ഈ മേഖലകളിലെല്ലാം സഹകരണ സംഘങ്ങള്‍ സജീവമാണെങ്കിലും സ്റ്റാര്‍ട്ടപ്പുകള്‍ സഹകരണ മേഖലയില്‍ തുടക്കം കുറിക്കാന്‍ അനുമതിയില്ല. ഇതാണ് മൂന്നാംവഴി നേരത്തെ ചൂണ്ടിക്കാട്ടിയത്. പ്രാദേശികമായി യുവജന കൂട്ടായ്മകളുണ്ടാക്കാനും, പുതിയ ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാനും സഹകരണ സംഘങ്ങള്‍ക്ക് കഴിയും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും സംഘങ്ങളിലൂടെ കഴിയും. ഈ സാധ്യത ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്റ്റാര്‍ട്ടപ്പ് എന്ന ആശയം മൂന്നാംവഴി മുന്നോട്ടുവെച്ചത്.
സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കര്‍ഷക ഉല്‍പാദന കൂട്ടായ്മകള്‍ (എഫ്.പി.ഒ.) രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ്. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരുപഞ്ചായത്തിന്റെ ബഹുമുഖ സേവന കേന്ദ്രമാക്കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് എഫ്.പി.ഒ.രൂപീകരിക്കാനുള്ള പദ്ധതി. ഒരു എഫ്.പി.ഒ.യ്ക്ക് 33,000 രൂപ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയും നല്‍കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സംഘങ്ങള്‍ക്ക് ഇത് ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനുള്ള വ്യവസ്ഥ കേരളത്തിലെ സഹകരണ നിയമത്തില്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നമായിരുന്നത്.
കഴിഞ്ഞവര്‍ഷം സഹകരണ നിയമത്തില്‍ കൊണ്ടുവന്ന സമഗ്രഭേദഗതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് ഉപസ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ കോണ്‍ഗ്രസിലെ നിര്‍ദ്ദേശം നയമായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ നിയന്ത്രണത്തില്‍ ഇളവു നല്‍കേണ്ടിവരും. സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, നെറ്റ് വര്‍ക്ക് തുടങ്ങിയ നാലാം തലമുറ വ്യവസായങ്ങള്‍ യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘങ്ങളിലൂടെ തുടങ്ങണമെന്നാണ് നയത്തില്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതി. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ ഒരേതരത്തിലുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവരുടെ കര്‍ഷക ഉല്‍പാദന കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നതാണ് മറ്റൊരു ശുപാര്‍ശ.

Leave a Reply

Your email address will not be published.