സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെയാണ് കേരളാ ബാങ്ക് കടന്നുപോകുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കും. ഏകീകൃത കോര്‍ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. സംസ്ഥാനത്താകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കും, 2000 മൈക്രോ എടിഎമ്മുകളും സ്ഥാപിക്കും ഇവയ്ക്കായുള്ള നടപടികള്‍ വേഗത്തിലാക്കും- മുഖ്യമന്ത്രി പറഞ്ഞു.
യു.പി.ഐ, കോര്‍ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകള്‍ നല്കുന്ന എല്ലാ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ഇനി കേരള ബാങ്ക് വഴിയും ലഭ്യമാകും. ഇതിന്റെ ഭാഗമായി കെ.ബി. പ്രൈം എന്ന പേരില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്കും കെ.ബി. പ്രൈം പ്ലസ് എന്ന പേരില്‍ സ്ഥാപനങ്ങള്ക്കുമായായി രണ്ട് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍ കേരള ബാങ്ക് പുറത്തറക്കി.
തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്, വി. ജോയ്, മേയര്‍ ആര്യാ രാജേന്ദ്രന്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജന് എന്നിവര്‍ പങ്കെടുത്തു.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി
കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്സലന്‍സ് അവാര്‍ഡ് ഒന്നാംസ്ഥാനത്തിനര്‍ഹമായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് അസി.ജനറല്‍ മാനേജര്‍ രാകേഷ്.കെ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.
[mbzshare]