സംരംഭങ്ങളിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ സഹകരണ വകുപ്പിന്റെ കര്‍മപദ്ധതി

Deepthi Vipin lal

സഹകരണ സംഘങ്ങളിലൂടെ നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കാനുള്ള കര്‍മപദ്ധതിയുമായി സഹകരണ വകുപ്പ്. സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വായ്പാ വിതരണ കാഴ്ചപ്പാട് സംഘങ്ങള്‍ക്കുണ്ടാകണമെന്നാണ് വകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് സഹകരണ മേഖലയിലൂടെ മാത്രം 17,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി 500 പേര്‍ക്ക് സ്ഥിരം നിയമനം ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ഏഴായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കേരള ബാങ്ക് വഴിയും അത്ര തന്നെ തൊഴിലവസരമുണ്ടാകും.

തൊഴിലധിഷ്ഠിതമായ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ചെറുകിട പദ്ധതികള്‍ എന്നിവക്കായി കൂടുതല്‍ വായ്പകള്‍ അനുവദിക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കേരള ബാങ്ക്, സഹകരണ അപെക്സ് ഫെഡറേഷനുകള്‍ എന്നിവ വഴിയായിരിക്കും വായ്പകള്‍ നല്‍കുക. അഞ്ചു ലക്ഷം രൂപ വരെ 2664 പേര്‍ക്ക് വായ്പ നല്‍കും. ഒരു പദ്ധതിക്ക് കീഴില്‍ രണ്ട് പേര്‍ക്ക് തൊഴില്‍ എന്ന രീതിയില്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ 800 വായ്പകള്‍ അനുവദിക്കും. 400 പദ്ധതികള്‍ക്കായി 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കും. അതുവഴി 2000 തൊഴിലവസരങ്ങള്‍ ഉണ്ടാകും. 100 പദ്ധതികള്‍ക്കാണ് 25 ലക്ഷം രൂപയ്ക്ക് മേല്‍ വായ്പ നല്‍കുക. ഒരു പദ്ധതിക്ക് കീഴില്‍ 10 പേര്‍ക്കെന്ന രീതിയില്‍ 1000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഒമ്പത് ശതമാനം പലിശ നിരക്കിലാകും വായ്പകള്‍ നല്‍കുന്നത്.


കണ്ണൂര്‍ , എറണാകുളം , തൃശ്ശൂര്‍ ജില്ലകളിലായിരിക്കും ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭിക്കുക. എഴുന്നൂറിലധികം പേര്‍ക്ക് ഈ ജില്ലകളില്‍ തൊഴിലവസരമുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളിലും ശരാശരി അത്രതന്നെ ആളുകള്‍ക്ക് തൊഴില്‍ കിട്ടും. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ കണക്കിലെടുത്ത് വായ്പാ വിതരണം വേഗത്തിലാക്കാനുള്ള നടപടികളാണ് നടക്കുന്നത്.


മത്സ്യഫെഡുമായി സഹകരിച്ച് ഫിഷ് മാര്‍ട്ടുകള്‍, പച്ചക്കറിച്ചന്തകള്‍, നീതി സ്റ്റോറുകള്‍, തൊണ്ട് സംസ്‌കരണ യൂണിറ്റുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചെറുകിട സംസ്‌കരണ യൂണിറ്റുകള്‍ , സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സുഭിക്ഷ കേരളം, ഹരിത സഹകരണം പദ്ധതികള്‍ തുടങ്ങി 159 പദ്ധതികള്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 1500 തൊഴിലസരങ്ങള്‍ സൃഷ്ടിക്കും. കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ മൂന്ന് പദ്ധതികളിലായി 50 തൊഴിലവസരങ്ങളും വനിതാ ഫെഡില്‍ 50, മാര്‍ക്കറ്റ് ഫെഡില്‍ 12, റബ്ബര്‍മാര്‍ട്ടില്‍ 36, എസ്.സി , എസ്.ടി ഫെഡ് വഴി 28 എന്നീ തോതില്‍ തൊഴിലവസരങ്ങളുമുണ്ടാകും

Leave a Reply

Your email address will not be published.

Latest News