സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാട്
സഹകരണ സംഘങ്ങള്‍ക്കെല്ലാം ആദായനികുതി ഇളവിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ തമിഴ്‌നാടിന്റെ ആവശ്യവും ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു. സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് ആദായനികുതി വകുപ്പിലെ 194-എന്‍ അനുസരിച്ച് നികുതി ഈടാക്കുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ ആദായ നികുതി നല്‍കേണ്ടതില്ലെങ്കില്‍, പിന്‍വലിക്കുന്ന പണത്തിന് ടി.ഡി.എസ്. ചുമത്തുന്നത് തെറ്റായ നടപടിയാണെന്ന് വിവിധ സഹകരണ സംഘടനകള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രാമീണരും സാധാരണക്കാരും കര്‍ഷകരുമാണ് ഒരു കാര്‍ഷിക വായ്പ സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍. അവര്‍ക്ക് വായ്പ നല്‍കുകയും അതില്‍ പലിശയിനത്തില്‍ ലഭിക്കുന്ന ചെറിയ മാര്‍ജിനുമാണ് സംഘങ്ങളുടെ വരുമാനം. നിക്ഷേപത്തിനും വായ്പയ്ക്കും തമ്മിലുള്ള പലിശ അന്തരമാണ് സംഘങ്ങളുടെ വരുമാനമായി മാറേണ്ടത്. ഇതിനിടയിലാണ് പിന്‍വലിക്കുന്ന പണത്തിന് രണ്ടുശതമാനം നികുതി എന്ന വ്യവസ്ഥ വരുന്നത്. ഇത് സംഘങ്ങളെ മാത്രമല്ല, കര്‍ഷകരുടെ വരുമാനത്തില്‍ കൂടിയാണ് ശോഷണമുണ്ടാക്കുന്നത്. അതിനാല്‍, എല്ലാ സഹകരണ സംഘങ്ങളുടെയും പണം പിന്‍വലിക്കല്‍ നികുതി രഹിതമാക്കി മാറ്റണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുള്ളത്.
2019 സപ്തംബറില്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഏജന്‍സികള്‍, വ്യാപാരികള്‍, കാര്‍ഷിക ഉള്‍പന്ന വിപണന കമ്മിറ്റികള്‍ എന്നിവയെയെല്ലാം പിന്‍വലിക്കുന്ന പണത്തിന് നികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതേ ഇളവ് സഹകരണ സംഘങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജില്ലാബാങ്കുകളില്‍നിന്നാണ് കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് തുക പിന്‍വലിക്കുന്നത്. അത് കര്‍ഷകരായ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടിയാണ്. ആ പരിഗണന നികുതി പിന്‍വലിക്കുന്നതിന് ഉണ്ടാകണമെന്നും തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.