സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ വേണമെന്ന് നിയമത്തില്‍ വ്യവസ്ഥ; കേന്ദ്രത്തിന് സഹായകമാകും

moonamvazhi

സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കണമെന്ന വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ ഉള്‍പ്പെടുത്താനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം കേന്ദ്ര നീക്കത്തിന് സഹായമായേക്കും. സംസ്ഥാന സഹകരണ നിയമത്തില്‍ 34 എ. എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിയാണ് ഏകീകൃത സോഫ്റ്റ് വെയര്‍ വേണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്. ഇത് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ സംസ്ഥാനം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ത്യയിലാകെ കാര്‍ഷിക വായ്പ സംഘങ്ങളെ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരുകയെന്നതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിയന്ത്രണവും സാങ്കേതികമായി കേന്ദ്ര സഹകരണ മന്ത്രിലായം ഏറ്റെടുക്കുമെന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. എന്നാല്‍, ഔദ്യോഗികമായി കേന്ദ്രപദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുമില്ല.

സംഘങ്ങളുടെ ഓഡിറ്റ് രീതിയില്‍ സമഗ്രമാറ്റമാണ് കരട് ഭേദഗതിയിലുള്ളത്. ഡിജിറ്റല്‍ രേഖകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നതാണ് പ്രധാനമാറ്റം. അതുകൊണ്ടുതന്നെ രേഖകളുടെ ഓഡിറ്റിന് ഒപ്പം, സോഫ്റ്റ്‌വെയര്‍ പരിശോധന ഉള്‍പ്പെടെയുള്ള സുരക്ഷ ഓഡിറ്റും വേണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്. ഈ സാങ്കേതിക മാറ്റം ഉറപ്പാക്കാനാണ് ഏകീകൃത സോഫ്റ്റ് വെയര്‍ എന്ന വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവരുന്നത്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി വരുന്നതോടെ ഈ വ്യവസ്ഥ സംസ്ഥാനത്തിന് തന്നെ വിനയാകുമോയെന്നാണ് ആശങ്ക.

കരട് നിയമത്തിലെ നിര്‍ദ്ദേശം ഇങ്ങനെയാണ്. ‘എല്ലാ സഹകരണ സംഘങ്ങളും ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും അത് പാലിക്കപ്പെടേണ്ടതുമാണ്. ഇതിലേക്ക് രജിസ്ട്രാര്‍ ഓഫീസില്‍ സാങ്കേതിക വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും ഒരു ടെക്‌നിക്കല്‍ ടീം സ്ഥാപിക്കേണ്ടതും പരിപാലനം തുടങ്ങിയവയില്‍ സര്‍ക്കാരിന്റെ കൂടി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണ്’.

സഹകരണ സംഘങ്ങളില്‍ ഏത് സോഫ്റ്റ് വെയര്‍ സ്ഥാപിക്കണമെന്നതില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥയാണിത്. സഹകരണ സംഘങ്ങളുടെ സ്വയംഭരണാധികാരം നിയന്ത്രിക്കുന്നതാണ് ഈ വ്യവസ്ഥയെന്നാണ് സഹകാരികള്‍ പറയുന്നത്. നിയമത്തില്‍ ഇങ്ങനെ വ്യവസ്ഥ ഉണ്ടാകുമ്പോള്‍ കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കാന്‍ സംഘങ്ങളില്‍ നിര്‍ബന്ധിതമാകുമെന്നാണ് സഹകാരികളിലുണ്ടാകുന്ന ആശങ്ക.

Leave a Reply

Your email address will not be published.