സംഘങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാന്‍ അവസരമൊരുങ്ങുന്നു
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പോകുന്ന രണ്ടു വന്‍കിട കയറ്റുമതി സ്ഥാപനങ്ങള്‍ മുഖേന സഹകരണ സംഘങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാന്‍ സാധിക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. ഈയാവശ്യത്തിനായി രണ്ടു സഹകരണ എക്‌സ്‌പോര്‍ട്ട് ഹൗസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി ) കീഴില്‍ സഹകരണ മേഖലാ കയറ്റുമതി പ്രോത്സാഹന ഫോറത്തിനു ( കോ-ഓപ്പറേറ്റീവ് സെക്ടര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൊമോഷന്‍ ഫോറം – CSEPF ) രൂപം കൊടുത്തിരുന്നു. രാജ്യത്തെ 8.55 ലക്ഷം സഹകരണ സംഘങ്ങള്‍ക്കും അതിലെ 13 കോടി അംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താനാണ് ഈ ഫോറം സ്ഥാപിച്ചിരുന്നത്.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ അന്താരാഷ്ട്ര സഹകരണ ദിനാഘോഷവേളയില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തനം നിലച്ചുപോവുന്ന സംഘങ്ങളെ 180 ദിവസത്തിനുള്ളില്‍ ലിക്വിഡേറ്റ് ചെയ്തു തല്‍സ്ഥാനത്തു പുതിയ സംഘം സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ കഴിഞ്ഞാഴ്ചയാണു കേന്ദ്രം 2516 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചത്. അഞ്ചു കൊല്ലം കൊണ്ട് കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കാനാണു പരിപാടി.