സംഘങ്ങളിലെ ധനപരമായ തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി

Deepthi Vipin lal

കേരള സഹകരണ സംഘം നിയമം വകുപ്പ് 69 ( 4 ) പ്രകാരം നിശ്ചിത കാലപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യാന്‍ കഴിയാതെപോയ നാളിതുവരെയുള്ള ധനപരമായ എല്ലാ തര്‍ക്കങ്ങളും ഫയല്‍ ചെയ്യാനുള്ള കാലാവധി 2022 ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടിയതായി സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. എല്ലാ തര്‍ക്കങ്ങളും സഹകരണ സംഘങ്ങള്‍ ജൂണ്‍ 30 നു മുമ്പുതന്നെ ഫയല്‍ ചെയ്യണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. കൂടാതെ, ജൂണ്‍ 30 നും അതിനുശേഷവും മൂന്നു വര്‍ഷ കാലാവധി തികയുന്ന ധനപരമായ എല്ലാ തര്‍ക്കങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇപ്രകാരം തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യാന്‍ സംഘങ്ങള്‍ ഊര്‍ജിത നടപടി കൈക്കൊള്ളണം. കുടിശ്ശികയായിട്ടുള്ള തര്‍ക്കങ്ങളുടെ പട്ടിക തയാറാക്കി നിശ്ചിത തീയതിക്കുള്ളില്‍ അവ ഫയല്‍ ചെയ്യണം. അതതു സംഘം ഭരണസമിതിയും സെക്രട്ടറി / ചീഫ് എക്‌സിക്യുട്ടീവും ഇക്കാര്യത്തില്‍ സജീവശ്രദ്ധ കാണിക്കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു. കാലാവധിയുടെ കാര്യത്തില്‍ ഇനിയും ഇളവ് നല്‍കുന്നതല്ലെന്നു രജിസ്ട്രാര്‍ ഓര്‍മിപ്പിച്ചു. അതതു ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരും അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാരും ഇക്കാര്യം സംഘങ്ങളുടെ / ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി എടുപ്പിക്കേണ്ടതാണെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

2013 ല്‍ സഹകരണ സംഘം നിയമത്തിലെ 69 ( 4 ) ല്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ധനപരമായ എല്ലാ തര്‍ക്കങ്ങളും നിയമത്തിലെ മൂന്നാം ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, ഭേദഗതി നിലവില്‍ വന്നപ്പോള്‍ അതിനോടകം സമയപരിധി കഴിഞ്ഞുപോയ തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്ന സംഘങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇളവനുവദിച്ചിരുന്നു. കാലയളവ് അപര്യാപ്തമാണെന്നും അതു നീട്ടണമെന്നും സംഘങ്ങള്‍ അപേക്ഷിച്ചതിനെത്തുടര്‍ന്നു ഇളവ് 2014 ഫെബ്രുവരി 14 മുതല്‍ 2015 ഡിസംബര്‍ 31 വരെ നീട്ടി. പിന്നീട് 2016 ജനുവരി ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയും 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയും 2022 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയും സര്‍ക്കാര്‍ ഇളവ് നീട്ടിക്കൊടുത്തു.

Leave a Reply

Your email address will not be published.

Latest News