വർഷത്തിൽ പത്ത് ലക്ഷത്തിലധികം രൂപ പണമായി പിൻവലിച്ചാൽ പ്രത്യേക നികുതി പരിഗണനയിൽ

[email protected]

വര്‍ഷം 10 ലക്ഷം രൂപയിലേറെ പണം നോട്ടായി പിന്‍വലിക്കുന്നവര്‍ക്കു നികുതി ചുമത്താന്‍ ആലോചിച്ച്‌ കേന്ദ്രംസർക്കാർ. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു നീക്കം. ഇതുവഴി രാജ്യത്തു കള്ളപ്പണ ലഭ്യത കുറയ്‌ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ ഒന്നാം ബജറ്റിനു മുന്നോടിയായാണു ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്‌. അടുത്ത മാസം അഞ്ചിനു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ്‌ അവതരിപ്പിക്കും. കൂടുതല്‍ പണം പിന്‍വലിക്കുന്നതിന്‌ ആധാര്‍ നിര്‍ബന്ധമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. ആരെല്ലാമാണു പണം പിന്‍വലിച്ചതെന്നും ഇവര്‍ നികുതിവലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ്‌ ആധാര്‍ ഉപയോഗിക്കുക.സവിശേഷ തിരിച്ചറിയല്‍ നമ്പർ(യു.ഐ.ഡി.), ഒറ്റത്തവണ പാസ്‌വേഡ്‌ (ഒ.പി.ടി.) എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ആധാര്‍ ദുരുപയോഗം നടത്തി പണം എടുക്കുന്നതു സാധ്യമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സാധാരണഗതിയില്‍ വ്യക്‌തികള്‍ക്കും ബിസിനസുകാര്‍ക്കും വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ കാഴ്‌ചപ്പാട്‌. മധ്യവര്‍ഗത്തെയും പാവപ്പെട്ടവരെയും എത്രത്തോളം ബാധിക്കുമെന്നു നോക്കിയായിരിക്കും അന്തിമതീരുമാനം. അതേസമയം, റിസര്‍വ്‌ ബാങ്ക്‌ ആര്‍.ടി.ജി.എസ്‌, എന്‍.ഇ.എഫ്‌.ടി. ഇടപാടുകളുടെ ചാര്‍ജ്‌ ഒഴിവാക്കിയത്‌ ഓണ്‍ലൈന്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കാനാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുലക്ഷം രൂപ വരെയുള്ള തുക എന്‍.ഇ.എഫ്‌.ടി. വഴിയും അതിലും കൂടിയ തുക ആര്‍.ടി.ജി.എസ്‌. വഴിയുമാണു കൈമാറ്റം ചെയ്യുന്നത്‌. ഇത്തരം ഇടപാടുകള്‍ക്ക്‌ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ്‌ ബാങ്ക്‌ ഈടാക്കിയിരുന്ന തുക കുറയ്‌ക്കാനും തീരുമാനമായി. എ.ടി.എം. ഇടപാടുകള്‍ക്ക്‌ ഈടാക്കുന്ന ചാര്‍ജുകള്‍ പുനഃപരിശോധിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published.