വിറ്റുവരവ് : 2019 ലെ ലോക റാങ്കിങ്ങില്‍ ഊരാളുങ്കല്‍ സൊസൈറ്റി രണ്ടാം സ്ഥാനത്ത്

[mbzauthor]

വ്യവസായ – ഉപഭോക്തൃ സേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി കോഴിക്കോട് വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി ) യെ തിരഞ്ഞെടുത്തു. സ്‌പെയിനിലെ സഹകരണ ഭീമനായ മോണ്‍ട്രഗോണ്‍ എന്ന തൊഴിലാളി സംഘത്തിനാണ് ഒന്നാം സ്ഥാനം. തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് ഊരാളുങ്കല്‍ ഈ സ്ഥാനം നേടുന്നത്.

വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറാണ് 2019 ലെ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ ) വും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോ-ഓപ്പറേറ്റീവ്‌സ് ആന്റ് സോഷ്യല്‍ എന്‍ര്‍പ്രൈസസും ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടര്‍. വിപുലമായ വസ്തുതകള്‍ പരിശോധിച്ച്, ലോകത്തെ സഹകരണ സമ്പദ്ഘടന വിശകലനം ചെയ്ത ശേഷമാണു 2021 ലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ലെ റാങ്കിങ്ങാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറ്റലി, അമേരിക്ക, ജപ്പാന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് മുന്നു മുതലുള്ള റാങ്കിങ് കിട്ടിയിരിക്കുന്നത്.

ലോകത്ത് സഹകരണ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന 300 സ്ഥാപനങ്ങളെയാണ് റാങ്കിങ്ങിനായി തിരഞ്ഞടുക്കുക. ഇന്ത്യയില്‍ നിന്നു ഊരാളുങ്കലടക്കം നാലു സ്ഥാപനങ്ങളെയാണ് ഇങ്ങനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( IFFCO ), ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി ( അമുല്‍ ), വളം നിര്‍മാതാക്കളായ ക്രിഭ്‌കോ എന്നിവയാണിവ. ഊരാളുങ്കല്‍ സൊസൈറ്റിയെ 2019 ല്‍ ഐ.സി.എ.യില്‍ അംഗത്വം നല്‍കി ആദരിച്ചിരുന്നു.

കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാന്ദ ഗുരുവിന്റെ മുന്‍കൈയോടെ 1925 ലാണു ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപവത്കരിച്ചത്. തുടക്കത്തില്‍ 14 അംഗങ്ങളാണുണ്ടായിരുന്നത്. പ്രാരംഭ മുതല്‍മുടക്ക് ആറണ ( 37 പൈസ ) യായിരുന്നു. നിര്‍മാണ, ഐ.ടി. മേഖലകളില്‍ ഇന്നു ആയിരക്കണക്കിനാളുകള്‍ക്കു ഈ സഹകരണ സ്ഥാപനം തൊഴില്‍ നല്‍കുന്നു. നിര്‍മാണ രംഗത്ത് 13,000 തൊഴിലാളികള്‍ക്കും ആയിരം എന്‍ജിനിയര്‍മാര്‍ക്കും ആയിരം സാങ്കേതിക വിദഗ്ധര്‍ക്കും തൊഴില്‍ നല്‍കുന്നു. ഐ.ടി. മേഖലയില്‍ രണ്ടായിരം പ്രൊഫഷണലുകളും കരകൗശല മേഖലയില്‍ ആയിരത്തിലധികം പേരും ജോലി ചെയ്യുന്നു.

തൊഴിലാളികള്‍ തന്നെ ഭരണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ തിളക്കമാര്‍ന്ന നേട്ടത്തെ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു. പാവപ്പെട്ട തൊഴിലാളികളെയും പിന്നാക്ക വിഭാഗങ്ങളെയും സാമൂഹികമായി ഉയര്‍ത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ആഗോളാംഗീകാരമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.