വിരമിക്കല്‍ ആനുകൂല്യം ഉറപ്പാക്കാന്‍ ക്ഷീര സംഘങ്ങളില്‍ ‘ബോണ്ട്’ വെക്കാന്‍ നിര്‍ദ്ദേശം

moonamvazhi

ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം വേഗത്തിലും അര്‍ഹമായ തോതിലും ലഭ്യമാക്കാന്‍ ബോണ്ട് സമ്പ്രദായം കൊണ്ടുവരാന്‍ നിര്‍ദ്ദേശം. ഓരോ ജീവനക്കാരും സഹകരണ സംഘവും തമ്മിലാണ് ബോണ്ട് കരാറില്‍ ഒപ്പുവെക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വിരമിക്കുന്ന ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംഘങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടതാണെന്നാണ് നിര്‍ദ്ദേശം. ഇതില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ഷീര സംഘങ്ങളിലെ വിരമിക്കുന്ന ജീവനക്കാര്‍ അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി ക്ഷീരവകുപ്പ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ആനുകൂല്യങ്ങള്‍ വൈകിലഭിക്കുന്ന സ്ഥിതിയുമുണ്ട്. ഇത്തരം പരാതികള്‍ കൂടിയപ്പോഴാണ് ഡയറക്ടര്‍ പ്രത്യേകം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം സമയബന്ധിതമായി നല്‍കണമെന്ന് കാണിച്ച് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ‘ബോണ്ട്’ വ്യവസ്ഥ കൊണ്ടുവരുകയും നേരത്തെയുള്ള സര്‍ക്കുലറിലെ നിര്‍ദ്ദേശം പാലിക്കണമെന്നും കാണിച്ച് വീണ്ടും സര്‍ക്കുലറിക്കിയത്.

ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിന് സംഘത്തിന്റെ ലാഭ-നഷ്ട കണക്കില്‍ നിബന്ധന വെക്കാറുണ്ട്. എന്നാല്‍, ഈ തുക ഉപയോഗിച്ച് ഗ്രാറ്റുവിറ്റി പോലുള്ള സ്‌കീമുകളില്‍ പല സംഘങ്ങളും ചേരാത്തതുമാണ് ആനുകൂല്യം നല്‍കുന്നത് മുടങ്ങാന്‍ കാരണമെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു. പത്തോ അതില്‍ കൂടുതലോ ജീവനക്കാരുള്ള ക്ഷീരസംഘങ്ങള്‍ ഗ്രാറ്റുവിറ്റി നിയമപ്രകാരം നല്‍കേണ്ട മുഴുവന്‍ ഗ്രാറ്റുവിറ്റി തുകയും ജീവനക്കാര്‍ വിരമിക്കുമ്പോള്‍ നല്‍കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പത്തില്‍ താഴെ ജീവനക്കാരുള്ള സംഘങ്ങള്‍ അവരുടെ ഓരോ പൂര്‍ത്തീകരിക്കപ്പെട്ട സാമ്പത്തിക വര്‍ഷത്തേയും 15 ദിവസത്തെ ശമ്പളം എന്ന നിരക്കില്‍ പരമാവധി 15 മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി കൊടുക്കാവുന്നതാണ് നിര്‍ദ്ദേശം. ഓഡിറ്റ് കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യത്തിന് സംഘവും, ജീവനക്കാരും തമ്മില്‍ ബോണ്ട് ഒപ്പുവെക്കുന്നതോടെ, ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചാല്‍ ജീവനക്കാര്‍ക്ക് അതിനെ നിയമപരമായി ചോദ്യം ചെയ്യാനാകും. ആനുകൂല്യം നല്‍കാന്‍ ലാഭ-നഷ്ട കണക്കില്‍നിന്ന് മാറ്റിവെക്കുകയും അത് ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ അത് സംഘങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും.

സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 1128 കോടി

Leave a Reply

Your email address will not be published.