വായ്പാ തട്ടിപ്പ് :സഹകരണ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു

Deepthi Vipin lal

വായ്പാതട്ടിപ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ സഹകരണ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്തി നടപടിയെടുക്കാനാണ് സഹകരണ വകുപ്പിന്റെ ശ്രമം. സഹകരണ രജിസ്ട്രാര്‍ പരിശോധനകള്‍ക്ക് മേൽനോട്ടം വഹിക്കും. ഇതിനായി ജില്ലകളില്‍ പ്രത്യേക പരിശോധനാ വിഭാഗം രൂപീകരിക്കും. അഡീഷണല്‍ രജിസ്ട്രാര്‍മാര്‍ക്കായിരിക്കും പരിശോധനയുടെ ചുമതല.

തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നടപടി ആലോചിക്കുന്നതായി സഹകരണ മന്ത്രി വി. എന്‍. വാസവന്‍ വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയാന്‍ ഓഡിറ്റ് ശക്തമാക്കുകയാണ് ഒരു പോംവഴി. ഇതിലും സഹകരണ വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കി. സംസ്ഥാന സഹകരണ നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികളും ഉള്‍പ്പെടുത്തിയേക്കും. പ്രത്യേക വിജിലന്‍സ് സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

വിഷയത്തില്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹകാരികളും ജീവനക്കാരുടെ സംഘടനകളും ഒരുപോലെ ആവശ്യപ്പെടുന്നു. സ്റ്റാഫ് പാറ്റേണ്‍ കാലാനുസൃതമായി പരിഷ്‌കരിക്കുകയും ജീവനക്കാര്‍ക്ക് കാലഘട്ടത്തിനനുസരിച്ച്
ജോലിക്രമം നിശ്ചയിച്ചു നല്‍കുകയും ഓഡിറ്റ് കേഡറൈസേഷന്‍ നടപ്പാക്കുകയും വേണമെന്നാണ് പ്രധാന ആവശ്യങ്ങള്‍.
1981ലെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പരിശോധനയും ഓഡിറ്റും മറ്റും സമയബന്ധിതമായി നടത്തുവാന്‍ ജീവനക്കാരുടെ ക്ഷാമം നേരിടുകയാണ്. പോരായ്മകള്‍ പരിഹരിക്കുന്നതിന് എല്ലാ വിഭാഗം ജീവനക്കാരെയും വിശ്വാസത്തിലെടുത്തുകൊണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അംഗീകൃത സര്‍വീസ് സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News