വായ്പാസംഘങ്ങള്‍ക്ക് ആദായനികുതിയില്ല; നിര്‍ണായകവിധിക്ക് വഴികാട്ടിയായത് കേരളം

moonamvazhi

സഹകരണ വായ്പ സംഘങ്ങളുടെ ലാഭത്തിന് ആദായനികുതി ഈടാക്കാനാകില്ലെന്ന് നിര്‍ണായകമായ സുപ്രീംകോടതി വിധിക്ക് വഴികാട്ടിയായത് കേരളം. നേരത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് നികുതി ചുമത്തിയ ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിവരെ കേസ് നടത്തിയത് കേരളത്തിലെ സംഘങ്ങളാണ്. ഈ കേസില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് അനുകൂലമായുണ്ടായ വിധിയാണ്, മറ്റ് വായ്പ സംഘങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ സുപ്രീംകോടതി അടിസ്ഥാനമാക്കിയത്. കോഴിക്കോട് ആദായനികുതി കമ്മീഷ്ണര്‍റും മാവിലായി സര്‍വീസ് സഹകരണ ബാങ്കും കക്ഷികളായ കേസിലെ വിധിയെക്കുറിച്ച് ഈ വിധിന്യായത്തിലും പരാമര്‍ശിക്കുന്നുണ്ട്.

സംഘങ്ങള്‍ നടത്തുന്ന ക്രഡിറ്റ് ബിസിനസ് ബാങ്കിങ് പ്രവര്‍ത്തനത്തിന് തുല്യമാണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. ഇതേ വാദമാണ് കേരളത്തിലെ കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനും ആദായനികുതി വകുപ്പ് ഉന്നയിച്ചത്. കേരളഹൈക്കോടതിയില്‍നിന്ന് എതിരായ വിധി നേടിയാണ് കാര്‍ഷിക വായ്പ സംഘങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, മുംബൈ ഹൈക്കോടതിയില്‍നിന്ന് സംഘങ്ങള്‍ക്ക് അനുകൂലമായ ഉത്തരവുണ്ടായതിനെതിരെ ആദായനികുതി വകുപ്പാണ് ഇപ്പോള്‍ സുപ്രീംകോടതിയിലെത്തിയത്. ഇതാണ് ഇരുകേസുകളിലും ഉണ്ടായമാറ്റം. പക്ഷേ, സുപ്രീംകോടിതയുടെ വിധി രണ്ടും സംഘങ്ങള്‍ക്ക് അനുകൂലമായി മാറി.

കേരളത്തിലെ എംപ്ലോയീസ് സംഘങ്ങളടക്കമുള്ള എല്ലാവായ്പ സംഘങ്ങള്‍ക്കും ഗുണകരമായ നിര്‍ണായക വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. ആദായനികുതി 80(പി) വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. 80(പി)(4) എന്ന ഉപവകുപ്പ് 80 (പി) വകുപ്പിലെ ഇളവുകള്‍ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കില്ല. ക്രഡിറ്റ് സംഘങ്ങള്‍ നടത്തുന്നത് ബാങ്കിങ് ബിസിനസാണെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. അതിനാല്‍ ഇവ നികുതിയുടെ പരിധിയിലാകുമെന്നും വാദിച്ചു. ഈ വാദം ശരിയല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.

അംഗങ്ങളുമായി മാത്രം ഇടപാടുനടത്തുന്ന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ‘ബാങ്കിങ്’ പ്രവര്‍ത്തനം ആയി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ നിലപാടാണ് കേരളത്തിലെ കാര്‍ഷിക വായ്പ സംഘങ്ങളുടെ ഹരജിയിലെ വിധിന്യായത്തിലും പറഞ്ഞിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകളെന്ന് ബി.ആര്‍ ആക്ടിലെ 22(1)(ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറിലും നികുതി ബാധകമാകുന്നത് സഹകരണ ബാങ്കുകള്‍ക്കാണെന്ന് വ്യക്തമാക്കിയതാണ്. ഇതല്ലാത്ത ഒരു വാദം ആദായനികുതി ഉന്നയിക്കുന്നതിനെ സുപ്രീംകോടതി പൂര്‍ണമായും തള്ളി. ഇത് രാജ്യത്താകെയുള്ള സഹകരണ സംഘങ്ങള്‍ക്ക് പൊതുവേയും, വായ്പ സംഘങ്ങള്‍ക്ക് പ്രത്യേകമായും ഏറെ സഹായകമാകുന്ന നിര്‍ണായക തീര്‍പ്പാണ്.

Leave a Reply

Your email address will not be published.