വാഗ്ഭടാനന്ദന്‍ ജനശക്തിയിലൂടെ സാമൂഹ്യമാറ്റം വരുത്തി :മുഖ്യമന്ത്രി
വാഗ്ഭടാനന്ദനെക്കുറിച്ച് പറയാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെക്കുറിച്ച് പറയാനാവില്ലെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിച്ച അദ്വൈതത്തിന്റെ ഭൗതിക പ്രയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിഗ്രഹാരാധനയെ എതിര്‍ത്ത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന സാമൂഹ്യ പരിഷ്‌ക്കാരത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. നവോത്ഥാനം കേവല സാമൂഹ്യ പരിഷ്‌കരണം മാത്രമല്ല സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുള്ള ഭൗതികവികാസം കൂടിയായിരിക്കണമെന്ന ദീര്‍ഘ വീക്ഷണത്തിനാണ് ഒരു നൂറ്റാണ്ട് തികയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണ് യു.എല്‍.സി.സി പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് സ്ഥിരം തൊഴിലും മെച്ചപ്പെട്ട വേതനവും എന്ന ലക്ഷ്യംനേടി സമയനിഷ്ഠയും ഗുണമേന്മയും അഴിമതി രഹിതമായ സംഘാടനവും കൊണ്ട് മുന്നേറുന്ന സൊസൈറ്റി കാലത്തിനനുസരിച്ച പരിഷ്‌കാരങ്ങളും വൈവിദ്ധ്യങ്ങളും കൊണ്ടുവന്ന് മഹാപ്രസ്ഥാനമായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മന്ത്രി വി .എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഡ്വ.പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ കെ കെ രമ, ഇ കെ വിജയന്‍, ചീഫ് സെക്രട്ടറി വി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എഴുത്തുകാരായ ടി പത്മനാഭന്‍, എം മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, സി പി ജോണ്‍, സി കെ നാണു, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രീജിത്ത്, ടി പി മിനിക, ആയിഷ ഉമ്മര്‍, പിപി. ചന്ദ്രശേഖരന്‍, എന്നിവര്‍ പങ്കെടുത്തു. യു എല്‍ സി സി പ്രസിഡന്റ് രമേശന്‍ പാലേരി സ്വാഗതം പറഞ്ഞു.