വനിതാ സംരംഭങ്ങള്‍ക്ക് 1.25 കോടി വായ്പ വിതരണം

moonamvazhi

സാര്‍വദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കോര്‍പറേഷന്റെയും കേരള ബാങ്ക് കോഴിക്കോട് സിപിസിയുടേയും ആഭിമുഖ്യത്തില്‍ വനിതാ സംരംഭങ്ങള്‍ക്കായി 1.25 കോടി രൂപ വായ്പ വിതരണംചെയ്തു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ‘ഒപ്പം’ ക്യാമ്പയിനിന്റെ ഭാഗമായി കോര്‍പറേഷന്‍ തലത്തില്‍ തൊഴില്‍ ലഭിച്ച മൂന്ന് വനിതകള്‍ക്കുള്ള നിയമന ഉത്തരവുകളും ചടങ്ങില്‍ കൈമാറി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച സിവില്‍ പൊലീസ് ഓഫീസര്‍ എം ആര്‍ രമ്യ, കേരള ബാങ്ക് ധനസഹായത്തില്‍ മികച്ച രീതിയില്‍ പൗള്‍ട്രി ഫാം നടത്തുന്ന എം മറിയക്കുട്ടി എന്നിവരെ ആദരിച്ചു.

ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു. കെ ബി സ്മാര്‍ട്ട് വായ്പ കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഒ പി ഷിജിനയും കെ ബി മൈക്രോഫിനാന്‍സ് വായ്പ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരനും വിതരണം ചെയ്തു. കെ ബി ക്ഷീരമിത്ര വായ്പയുടെ വിതരണം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍ എം ഷീജയും കെ ബി സുവിധ പ്ലസ് വായ്പയുടെ വിതരണം കേരള ബാങ്ക് റീജണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബും നിര്‍വഹിച്ചു. എന്‍ ശ്രീജിത്ത്, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി ബാലഗോപാലന്‍, കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എം റീന സ്വാഗതവും സി സഹദ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!