ലിക്വുഡേറ്റ് ചെയ്യാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ അനുമതി
പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കാര്‍ഷിക മേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ സംഘത്തെ വളര്‍ത്താമെന്ന് 25 പേര്‍ ചേര്‍ന്ന് നല്‍കിയ ഉറപ്പിലാണ് നടപടി. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കറവൂര്‍ പട്ടികജാതി സഹകരണ സംഘത്തിനാണ് പുനര്‍ജന്മത്തിന് വഴിതെളിയുന്നത്.
നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് കറവൂര്‍ പട്ടികജാതി സഹകരണ സംഘം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് കടന്നത്. 2006 ഏപ്രിലില്‍ ലിക്വുഡേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കി. മെയ് മാസത്തില്‍ ലിക്വുഡേറ്റര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ലിക്വുഡേറ്റ് ചെയ്യാന്‍ തീരുമാനിച്ച ഒരു സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇക്കാലയളവിലൊന്നും അത്തരമൊരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ല.
സംഘം ലിക്വുഡേഷനിലായി 17 വര്‍ഷം കഴിഞ്ഞാണ് പുതിയ പുനരുജ്ജീവന നിര്‍ദ്ദേശം സഹകരണ വകുപ്പിന് മുമ്പിലെത്തുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘത്തെ, കാര്‍ഷികമേഖലയില്‍ കര്‍മ്മപദ്ധതി ഏറ്റെടുത്ത് ഉയര്‍ത്തെഴുന്നേല്‍പിക്കാമെന്നാണ് ഇപ്പോഴുണ്ടായ നിര്‍ദ്ദേശം. പുനര്‍ജനി പദ്ധതിയുടെ സഹായത്തോടെ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സംഘത്തിലെ 25 അംഗങ്ങള്‍ ചേര്‍ന്നാണ് സഹകരണ വകുപ്പിന് മുമ്പില്‍ പദ്ധതി സമര്‍പ്പിച്ചത്.
ലിക്വുഡേഷന്‍ നടപടി തുടങ്ങി ഒരുവര്‍ഷത്തിന് ശേഷം അത് അവസാനിപ്പിക്കണമെങ്കില്‍ നിലവിലെ ചട്ടത്തില്‍ ഇളവ് നല്‍കേണ്ടതുണ്ട്. ഇതനുസരിച്ചാണ് പുതിയ പുനരുജ്ജീവന അപേക്ഷ സര്‍ക്കാരിന് മുമ്പിലെത്തിയത്. സഹകരണ സംഘം നിയമത്തിലെ 71(3) വകുപ്പില്‍ ഇളവ് അനുവദിക്കണമെന്ന് കാണിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കത്ത് നല്‍കിയിരുന്നു. ഈ കത്ത് അനുസരിച്ച് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനോട് ഇളവിനായി ശുപാര്‍ശ ചെയ്തു. ഇതനുസരിച്ചാണ് പുനരുജ്ജീവന പ്രവര്‍ത്തനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.