ലാഡറിന്റെ 3 സ്റ്റാർ ഹോട്ടൽ തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്തു:സഹകരണ മേഖലയിൽ ആധുനികവൽക്കരണം വേഗത്തിൽ നടപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി

[email protected]

സഹകരണ മേഖലയിൽ ആധുനികവൽക്കരണം വേഗത്തിൽ നടപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആധുനിക ബാങ്കുകളുമായാണ് സഹകരണ ബാങ്കുകൾ മത്സരിക്കുന്നത്. ഈ സാഹചര്യത്തിൽ സഹകരണ മേഖലയിൽ ആധുനികവൽക്കരണം വേഗത്തിൽ നടപ്പാക്കിയാൽ മാത്രമേ പുതിയ തലമുറയെ ആകർഷിക്കാൻ ആകൂ എന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേരള ബാങ്ക് സർക്കാർ ആരംഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ലാഡറിന്റെ ത്രീ സ്റ്റാർ ഹോട്ടലായ ടെറസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. രാഷ്ട്രീയത്തിന്റെ കുഴൽ കണ്ണാടിയിലൂടെയാണ് കേരളത്തിലെ ജനങ്ങൾ എല്ലാറ്റിനെയും നോക്കിക്കാണുന്നത്. സഹകരണ മേഖലയിൽ അതിൽ മാറ്റം വരണം. എല്ലാ മേഖലയിലും കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിലാണ് നടക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ 50 ശതമാനവും കേരളത്തിലാണ്. ഒന്നര ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. എം.വി.ആർ എന്ന ത്രയക്ഷരം രാജ്യാന്തരതലത്തിൽ എത്തിക്കാൻ വിജയകൃഷ്ണനും കൂട്ടർക്കും ആയി. അത് സഹകരണമേഖലയുടെകൂടി വിജയമാണ്.ലാഡറിനും എം.വി.ആർ കാൻസർ സെന്ററിനും സർക്കാരിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകും. വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ മുന്നേറി വരുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ രംഗം ഒഴിച്ചാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സഹകരണ മേഖലയിലാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സഹകരണമേഖലയിൽ ഒരുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. മൂന്നു വർഷത്തിനകം ഇത് സാധ്യമായെന്നും മന്ത്രി അവകാശപ്പെട്ടു. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻമന്ത്രിയും എം.എൽ.എ.യുമായ വി. എസ്.ശിവകുമാർ, മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി.ജോൺ, കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള, എം.എസ്.കുമാർ, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ഡി. പ്രസന്നകുമാരി, ലാഡർ ജനറൽ മാനേജർ കെ.വി സുരേഷ് ബാബു, ഡയറക്ടർമാരായ എം.പി. സാജു, അഡ്വക്കേറ്റ് എം. വീരാൻകുട്ടി തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് പ്രൗഢഗംഭീരമായി ഉദ്ഘാടന ചടങ്ങ് കഴിഞ്ഞെങ്കിലും ആശംസകളുമായി മന്ത്രി ടി.പി.രാമകൃഷ്ണനും എത്തിയിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!